കേരളത്തിലെ ഹിന്ദുക്കൾ അഭയാർഥികളെപ്പോലെ അവഗണിക്കപ്പെടുന്നുവെന്ന് വെള്ളാപ്പള്ളി
കൊച്ചി: കേരളത്തിലെ ഹിന്ദുക്കൾ, വിശേഷിച്ച് ഈഴവരുൾപ്പടെയുള്ള പിന്നാക്ക വിഭാഗങ്ങൾ അഭയാർഥികളെപ്പോലെ അവഗണിക്കപ്പെട്ട് കഴിയുന്നവരായി മാറിക്കഴിഞ്ഞെന്നും അവർക്ക് എല്ലാ നീതിയും നിഷേധിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശൻ. യോഗനാദം പുതിയലക്കത്തിന്റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയുടെ നിരീക്ഷണം. ഹിന്ദുക്കളിൽ നല്ലൊരു പങ്കും മതിയായ വിദ്യാഭ്യാസവും നല്ല ജോലിയും ലഭിക്കാതെ കൂലിത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും തൊഴിലുറപ്പുകാരും ഗതിയില്ലാത്ത കർഷകരും ഡ്രൈവർമാരുമൊക്കെയായി മാറുന്നു.
യഥാർഥത്തിൽ കേരളത്തിലെ ഭൂരിപക്ഷ ജനതയാണ് ഇപ്പോൾ ഇവിടത്തെ ന്യൂനപക്ഷങ്ങൾ. അധികാരത്തിന്റെ അകത്തളത്തിൽ നിന്നുകൊണ്ട് ന്യൂനപക്ഷങ്ങൾക്ക് എല്ലാ മേഖലയിലും വളരാനും ഉയരാനുമുള്ള ഭൗതിക സാഹചര്യങ്ങൾ ഇന്ന് കേരളത്തിലുണ്ട്. വോട്ടുബാങ്കായി നിന്ന് അർഹതപ്പെട്ടതും അതിൽ അധികവും പിടിച്ചുവാങ്ങാനും അവർക്ക് സാധിക്കും.
രാഷ്ട്രീയാധികാരവും ഭരണാധികാരവും സമ്പത്തും കൈയൂക്കും കൊണ്ട് മദിക്കുകയാണ് ഇന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങൾ. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ അവർ ബഹുദൂരം മുന്നിലാണ്. ഭൂസ്വത്തിൽ ഏറിയ പങ്കും അവരുടെ കൈവശമാണ്. അധികാര രാഷ്ട്രീയം അവരുടെ നിയന്ത്രണത്തിലാണ്. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗങ്ങളിൽ ഏതാണ്ട് മുഴുവനും തന്നെ അവരുടെ നിയന്ത്രണത്തിലാണ്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഏതാണ്ട് 80 ശതമാനവും പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യം പറ്റുന്നവരാണെന്ന വസ്തുതയുമുണ്ട്.
വ്യാപാരാർഥം മലയാളമണ്ണിലെത്തിയ ഡച്ചുകാരും ഫ്രഞ്ചുകാരും അറബികളും ടിപ്പുസുൽത്താന്റെ പടയോട്ടവുമാണ് ഇവിടെ ക്രൈസ്തവ, ഇസ്ലാം മതങ്ങൾ പ്രചരിപ്പിച്ചത്. സെമറ്റിക്ക് മതങ്ങളുടെ സംഘടിത സ്വഭാവം കൊണ്ട് ജനാധിപത്യകാലത്ത് ഇവർ വോട്ടുബാങ്കുകളായി, വിലപേശൽ ശക്തികളായി. രാഷ്ട്രീയക്കാർ ഇവരുടെ മുന്നിൽ മുട്ടിലിഴഞ്ഞു. ന്യൂനപക്ഷ പദവിയുടെ ബലത്തിലും സർക്കാർ സഹായത്തോടെയും വിദേശ പണം കൊണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ചെറുതും വലുതുമായ വ്യവസായ ശാലകളും നാടെങ്ങും വലിയ ആരാധനാലയങ്ങളും പടുത്തുയർത്തി.
ന്യൂനപക്ഷ പദവി കണക്കാക്കുന്നത് ദേശീയാടിസ്ഥാനത്തിലാണ്. അത് ശരിയല്ല. സംസ്ഥാനാടിസ്ഥാനത്തിൽ ഈ പദവി നിർണയിക്കണം. എങ്കിൽ മാത്രമേ ഭൂരിപക്ഷ സമുദായങ്ങൾക്ക് നീതി ലഭിക്കൂ. ന്യൂനപക്ഷമായി പരിഗണിക്കപ്പെടാനുള്ള മാനദണ്ഡം പോലും നമ്മുടെ ഭരണഘടനയിൽ വ്യക്തമായി നിർവചിച്ചിട്ടില്ല. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈന തുടങ്ങിയ വിഭാഗങ്ങൾ ന്യൂനപക്ഷമാണെന്ന പ്രസ്താവന മാത്രമേയുള്ളൂ.
ഭൂരിപക്ഷസമൂഹം നേരിടുന്ന വിവേചനങ്ങളും അനീതിയും അവസാനിപ്പിക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാരിന് മുന്നിൽ വന്നുഭവിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാനുള്ള നിയമഭേദഗതികൾ കൊണ്ടുവരികയോ, സംസ്ഥാനതലത്തിൽ ജനസംഖ്യ കണക്കിലെടുത്ത് ന്യൂനപക്ഷപദവി നിർണയിക്കുകയോ ചെയ്താലേ ഭൂരിപക്ഷ ജനതയ്ക്ക് നീതി ലഭിക്കൂ. അതിനിയും വൈകിക്കരുതെന്നും വെള്ളാപ്പള്ളി.