ആസ്ത്മ: സാധാരണ ജീവിതം അകലെയല്ല
# ഡോ. പി.എസ്. ഷാജഹാൻ
ഇന്ന് ലോകത്തൊട്ടാകെ 300 ദശലക്ഷത്തിലധികം ആസ്ത്മാ ബാധിതർ ഉണ്ടെന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 2025-ഓടെ ഇത് നാനൂറു ദശലക്ഷത്തിലേക്കെത്തുമെന്നാണ് പ്രവചനം.
മനുഷ്യരാശിക്ക് കേട്ടറിവുള്ള ഏറ്റവും പഴക്കം ചെന്ന രോഗങ്ങളിലൊന്നാണ് ആസ്ത്മ. ചരിത്രാതീതകാലം മുതൽ തന്നെ ആസ്ത്മയെക്കുറിച്ച് നമ്മുടെ പൂർവികർക്ക് ധാരണയുണ്ടായിരുന്നു. ഇന്ന് ലോകത്തൊട്ടാകെ 300 ദശലക്ഷത്തിലധികം ആസ്ത്മാ ബാധിതർ ഉണ്ടെന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 2025-ഓടെ ഇത് നാനൂറു ദശലക്ഷത്തിലേക്കെത്തുമെന്നാണ് പ്രവചനം. ഏകദേശം 30 ദശലക്ഷത്തോളം ഇന്ത്യക്കാർ ആസ്ത്മാ മൂലം കഷ്ടപ്പെടുന്നു. ജനസംഖ്യയുടെ 3- 5 ശതമാനം പേർ ആസ്ത്മ രോഗികളാണെന്നു പറയാം.
ശ്വാസംമുട്ടിയും ചുമച്ചും ആശുപത്രി വാസവും ഒക്കെയായി ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും ഏറെയാണ്. കേരളത്തിൽ നടന്നിട്ടുള്ള പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് അഞ്ചു ശതമാനത്തോളം മുതിർന്നവരിൽ ആസ്ത്മയുണ്ടെന്നും അത് കൗമാര പ്രായക്കാരിൽ പത്തു ശതമാനത്തോളം വരുമെന്നുമാണ്. മരണകാരണമാകുന്ന കാര്യത്തിലും ആസ്ത്മ ഒട്ടും പിന്നിലല്ല. നാലു ലക്ഷത്തോളം ആസ്ത്മ മരണങ്ങളിൽ ഇരുപത്തിരണ്ടു ശതമാനത്തിലധികം ഇന്ത്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഭിമുഖ്യത്തിൽ മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആസ്ത്മ ദിനമായി ആചരിക്കുന്നത്. ആസ്ത്മ പരിചരണത്തിലെ വിടവുകൾ അടയ്ക്കാം എന്നതാണ് ഈ വർഷത്തെ ആസ്ത്മ ദിന സന്ദേശം.
ചികിത്സയിലെ വെല്ലുവിളികൾ
മികച്ച ചികിത്സ ലഭ്യമായിട്ടു പോലും ആസ്ത്മ ബാധിതരുടെ എണ്ണം ലോകമെങ്ങും വർധിച്ചു കൊണ്ടിരിക്കുന്നു. ആസ്ത്മയുടെ പ്രധാന കാരണമായ അലർജിയിലുണ്ടാകുന്ന വർധനയ്ക്കു പുറമെ വർധിച്ചു വരുന്ന വായു മലിനീകരണം, കാലാവസ്ഥ വ്യതിയാനങ്ങൾ, ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ആസ്ത്മ വിസ്ഫോടനത്തിനു വഴിമരുന്നിടുന്നു.
ഇന്ന് ആസ്ത്മയ്ക്കുപയോഗിക്കുന്ന മിക്ക മരുന്നുകളും നാളുകളായി നിലവിലുള്ളവ തന്നെ. അവ കൂടുതൽ ഫലപ്രദവും അപകടരഹിതവുമായ രീതിയിൽ പുതു സങ്കേതങ്ങൾ വഴി ഉപയോഗിക്കാനാകുന്നു എന്നതാണ് ചികിത്സ രംഗത്ത് വൻ മാറ്റങ്ങൾക്കു വഴിവച്ചത്. ആസ്ത്മ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കിയ ഇൻഹേലർ ചികിത്സാ രീതി ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണെന്നുള്ള വൈരുധ്യവുമുണ്ട്. ഇൻഹേലറുകൾ രൂക്ഷതയേറിയ മരുന്നുകളാണെന്നും മറ്റു നിവൃത്തിയില്ലെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും കരുതുന്നവരുണ്ട്. എന്നാൽ വസ്തുത എന്താണ്? ഒറ്റമൂലികളോ അത്ഭുത രോഗശാന്തിക്കുള്ള മരുന്നുകളോ അല്ല ഇവയൊന്നും തന്നെ.
സാധാരണ ഉപയോഗിക്കുന്ന ഗുളികകളുടെയും കുത്തിവയ്പ്പുകളുടെയും നൂറിലൊന്നു ശക്തി മാത്രമേ ഇൻഹേലർ മരുന്നുകൾക്കുള്ളൂ. ഗുളികകളും മറ്റും ഉപയോഗിക്കുമ്പോൾ ആദ്യം അത് നമ്മുടെ ദഹനേന്ദ്രിയത്തിലെത്തി ആഗിരണം ചെയ്ത് രക്തത്തിലൂടെ ശരീരഭാഗങ്ങളിലെല്ലാമെത്തുന്നു. അതായത്, വേണ്ടിടത്തും വേണ്ടാത്തിടത്തും മരുന്നുകളെത്തുന്നു. ഇൻഹേലർ വഴിയാകട്ടെ മരുന്നുകൾ ശ്വാസകോശനാളികളിൽ മാത്രമാണ് എത്തുന്നത്. കണ്ണിൽ അസുഖം വരുമ്പോൾ തുള്ളിമരുന്നുകൾ ഒഴിക്കുന്നതുപോലെ, ശ്വാസനാളിയിലെ പ്രശ്നത്തിന് അവിടേക്കു മാത്രമായി മരുന്നുകൾ നേരിട്ടെത്തിക്കുന്ന ഈ മാർഗമാണ് ഇന്ന് ലഭ്യമായതിൽ ഏറ്റവും ഫലപ്രദവും അപകടരഹിതവുമായ ചികിത്സ. തീരെ ചെറിയ കുട്ടികൾ മുതൽ ഗർഭിണികൾക്കും വയോ വൃദ്ധർക്കും വരെ പ്രയോജനപ്രദമാണ് ഇൻഹേലറുകൾ. എന്നാൽ ഇൻഹേലർ എന്നത് ഒരു മരുന്നിന്റെ പേരല്ല. മരുന്നുകൾ ശ്വാസനാളികളിലെത്തിക്കാനുള്ള ഒരു ഉപാധി അഥവാ ഉപകരണങ്ങൾ മാത്രമാണവ.
ശ്വാസനാളികളിലുണ്ടാകുന്ന നീർക്കെട്ടാണ് ആസ്ത്മയിലുണ്ടാകുന്ന അടിസ്ഥാനപരമായ മാറ്റം. ഇത് ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ടുണ്ടാകുന്നതല്ല. നീർക്കെട്ടുണ്ടായി ശ്വാസനാളി നല്ലൊരു ശതമാനം ചുരുങ്ങുമ്പോൾ മാത്രമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ശ്വാസനാളികളിലെ നീർക്കെട്ട് പൂർണമായും ഇല്ലാതാക്കാനാവില്ല എന്നത് കൊണ്ട് തന്നെ ചികിത്സ കുറേനാളത്തേക്കു തുടരേണ്ടി വരും. രോഗിയുടെ പ്രായം, അസുഖത്തിന്റെ തീവ്രത, സ്വഭാവം തുടങ്ങി ഒട്ടനവധി ഘടകങ്ങളെ വിലയിരുത്തി വേണം ആസ്ത്മ ചികിത്സാ പദ്ധതി രൂപപ്പെടുത്താൻ.
പ്രതിരോധം പരമ പ്രധാനം
രോഗലക്ഷണങ്ങൾ പ്രകടമല്ല എന്നതു കൊണ്ടു മാത്രം രോഗം നിയന്ത്രണ വിധേയമാണെന്നു പറയാനാവില്ല. അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുക, ഇടയ്ക്കിടെയുള്ള കടുത്ത ആക്രമണങ്ങൾ ഇല്ലാതാക്കുക, ശ്വാസകോശ പ്രവർത്തക്ഷമത സാധാരണ വ്യക്തികളോടു സമാനമാകുക എന്നതും രോഗനിയന്ത്രണത്തിൽ പ്രധാനമാണ്. ഇതെല്ലാം മരുന്നുകൾ വഴി മാത്രം എത്തിപ്പിടിക്കാനാവുന്ന ലക്ഷ്യങ്ങളല്ല. ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പലപ്പോഴും ആസ്ത്മയ്ക്ക് നല്ല നിയന്ത്രണം കൈവരുത്തുന്നതായി കാണാറുണ്ട്. നീന്തൽ, നടത്തം, സൈക്കിൾ സവാരി തുടങ്ങിയ വ്യായാമങ്ങൾ ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കൂട്ടുകയും ആസ്ത്മാ നിയന്ത്രണത്തിനു സഹായിക്കുകയും ചെയ്യും.
ആസ്ത്മ ഒന്നിന്റെയും അവസാനമല്ല
ഏതു രോഗത്തിന്റെ കാര്യത്തിലും ചികിത്സ വിജയത്തിന് ഡോക്ടറുടെ പങ്ക് പോലെ തന്നെ പ്രധാനമാണ് രോഗിയുടേതും. കുടുംബാംഗങ്ങളുടെ സഹകരണവും ഏറെ പ്രധാനം. ശരിയായ ചികിത്സ, ശരിയായ സമയത്ത് ശരിയായ രീതിയിൽ നല്കിയാൽ ആസ്ത്മ കൈപ്പിടിയിലൊതുങ്ങും. അസുഖം നിയന്ത്രണവിധേയമാക്കപ്പെട്ട ഒരാൾക്ക് മറ്റുള്ളവരെപ്പോലെ സാധാരണ ജീവിതം നയിക്കാനാകും. ജീവിതത്തിലെ സുഖസൗകര്യങ്ങളും അവസരങ്ങളും വെല്ലുവിളികളും ഒന്നും അയാൾക്ക് അന്യമാകുന്നില്ല.
ഓർക്കുക, ആസ്ത്മ എന്നത് പുറത്തു പറയാൻ മടിക്കേണ്ട ഒരവസ്ഥയല്ല. ജോൺ എഫ്. കെന്നഡി, വുഡ്രോ വിൽസൺ തുടങ്ങി ഒരുപാട് ലോക നേതാക്കൾക്കും നിരവധി ഒളിംപിക്സ് ജേതാക്കൾക്കും സാഹിത്യകാരന്മാർക്കും അമിതാഭ് ബച്ചൻ അടക്കമുള്ള വിശ്രുത കലാകാരന്മാർക്കുമൊക്കെ ആസ്ത്മ ഉണ്ടായിരുന്നു എന്ന വസ്തുത ഒന്ന് നമ്മെ പഠിപ്പിക്കുന്നു - ആസ്ത്മ ഒന്നിന്റെയും അവസാനമല്ല. നിയന്ത്രിക്കപ്പെട്ട ആസ്ത്മ ആരോഗ്യത്തെയോ, ആയുർദൈർഘ്യത്തെയോ ബാധിക്കില്ല. ആസ്ത്മ ജീവിത വിജയത്തിന് ഒരു തടസമേയല്ല.
(ലേഖകൻ അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റും ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളെജിലെ ശ്വാസകോശ വിഭാഗം പ്രൊഫസറുമാണ്. ഇ മെയിൽ : shajsafar@gmail.com).