പി.സി. ജോർജ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോർജിനെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത്. ജോർജിനെയുമായി പോലീസ് സംഘം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് ജോർജ് തിരുവനന്തപുരത്തേയ്ക്കു വരുന്നത്.
ഇന്നലെയാണ് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎയും മുൻ ചീഫ് വിപ്പുമായ പി.സി. ജോര്‍ജിനെതിരെ കേസെടുത്തത്. പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരത്ത് നടന്നുവരുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വെള്ളിയാഴ്ചയായിരുന്നു ജോർജിന്റെ വിവാദ പരാമർശങ്ങൾ. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിപിഎം, കോൺഗ്രസ് നേതാക്കളടക്കം നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രസംഗം ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ, യൂത്ത് ലീഗ് ഉള്‍പ്പെടെ ഡിജിപിക്ക് പരാതിയും നല്കി. ഇതോടെയാണ് ഇന്നലെ രാത്രിയോടെ കേസെടുക്കാൻ നിർദേശം എത്തിയത്.
കേരളത്തിലെ സൗഹാർദം തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു മതവിഭാഗത്തിനെതിരേ തെറ്റായ പ്രചരണവുമായി രംഗത്തു വന്നത് കേരളത്തില്‍ വർഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗീയവാദികളും പദ്ധതികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലാണ്. സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളക്കളയാനാകില്ല. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ തയാറാവണം- സിപിഎം ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ അടക്കമുള്ളവരും ജോർജിനെതിരേ നടപടിയാവശ്യപ്പെട്ടിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അകത്തിടണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ലൗ ജിഹാദ്, ഹലാൽ ഭക്ഷണം, ബിസിനസ് ജിഹാദ് അടക്കമുള്ള വിവിധ വിഷയങ്ങളാണു ജോർജ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു