ഇരുപതാണ്ടിന്റെ നോമ്പെടുക്കൽ നിറവിൽ ഡോ. ഗോപകുമാർ
തിരുവനന്തപുരം: ഇരുപതാണ്ടിന്റെ നോമ്പെടുക്കൽ നിറവിലാണ് കണ്ണൂർ പരിയാരം ആയുർവേദ കോളെജ് സൂപ്രണ്ട് ഡോ. എസ്. ഗോപകുമാർ. കണ്ണൂരിൽ അധ്യാപകനായി 2002ൽ എത്തിയപ്പോൾ തന്റെ ശിഷ്യർ നോമ്പെടുക്കുന്നത് കണ്ട് അതിൽ ഐക്യപ്പെട്ടാണ് അടുത്തവർഷം മുതൽ നോമ്പെടുത്തു തുടങ്ങിയത്. 25 വർഷമായി എല്ലാ വൃശ്ചികത്തിലും വ്രതമെടുത്ത് ശബരിമല ദർശനം നടത്തുന്ന ഡോ. ഗോപകുമാർ ഗുരുസ്വാമിയുമാണ്.
പരിയാരത്ത് അസിസ്റ്റന്റ് പ്രൊഫസറായിരിക്കേ തുടക്കം കുറിച്ചതാണ് നോമ്പ് അനുഷ്ഠാനം. ഈ ഇരുപതാം വർഷം നോമ്പെടുക്കൽ തുടരുമ്പോൾ പരിയാരത്ത് രോഗനിദാനം വകുപ്പ് മേധാവിയും പ്രൊഫസറുമാണ്. 2014ൽ സംസ്ഥാന സർക്കാരിന്റെയും 2016ൽ കേന്ദ്ര സർക്കാരിന്റെയും മികച്ച ആയുർവേദ അധ്യാപകനുള്ള അവാർഡ് നേടി. 2017ൽ കേന്ദ്ര ആയുർവേദ കൗൺസിലിന്റെ ആചാര്യ പുരസ്കാരത്തിനും അർഹനായി.
നോമ്പെടുത്ത് മല ചവിട്ടിയിട്ടും ആരോഗ്യ പ്രശ്നങ്ങളോ തളർച്ചയോ അനുഭവപ്പെട്ടില്ലെന്നും ഡോ. ഗോപകുമാർ പറഞ്ഞു. വിദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലും പ്രബന്ധമവതരിപ്പിക്കാനും മറ്റുമായി ഈ കാലയളവിൽ പോയെങ്കിലും ഒട്ടും ക്ഷീണം ഉണ്ടായില്ല.
സന്ധ്യയ്ക്ക് തരിക്കഞ്ഞി, ഈന്തപ്പഴം, പഴങ്ങൾ, ജ്യൂസ് എന്നിവയുമായി നോമ്പു മുറിക്കും. രാത്രി എട്ടിനും ഒൻപതിനും മധ്യേ അത്താഴം. അത് ചപ്പാത്തിയോ ചോറോ ആവും. രാവിലെ 4.30ന് ദോശയോ കഞ്ഞിയോ. നോമ്പു മുറിച്ചാൽ സാധാരണയിൽ കൂടുതലായി വെള്ളം കുടിക്കും. പകൽ വെള്ളം കുടിക്കാത്തതിനാലാണിത്. മകൾ അമേയയുടെ പിറവിയും ഒരു നോമ്പുകാലത്താണ്. ഭാര്യ വിനയയും അമേയയും നോമ്പെടുക്കലിന് പൂർണ പിന്തുണ നൽകുന്നു. സഹപ്രവർത്തകരും വിദ്യാർഥികളും നോമ്പെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതിനായി സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്ന് ഡോ. ഗോപകുമാർ.
ആരോഗ്യ സർവകലാശാലയുടെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് 2020ൽ ലഭിച്ച ഡോ. ഗോപകുമാർ പഠനകാലത്ത് കേരള സർവകലാശാലാ കലാപ്രതിഭയായിരുന്നു. കവി, ഗാനരചയിതാവ്, പ്രഭാഷകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്. നല്ലൊരു കർഷകനുമാണ്. ജനറൽ മെഡിസിൻ, പതോളജി എന്നിവയിൽ എംഡി നേടി. തിരുവനന്തപുരം പട്ടം ആദർശ നഗർ ശ്രീഭവനിലാണ് താമസം. ഭാര്യയും മകളും അച്ഛൻ ശ്രീകണ്ഠൻനായരും അമ്മ കൃഷ്ണകുമാരിഅമ്മയും ഒപ്പമുണ്ട്.