ജപ്തി ഭീഷണിയിൽ ജീവനക്കാരും പെൻഷൻകാരും; ജീവനക്കാരുടെ തിരിച്ചടവ് തുകയും കെഎസ്ആർടിസി വക മാറ്റി
തിരുവനന്തപുരം: ധനകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്കുള്ള ബാധ്യത തീർക്കാൻ അടയ്ക്കേണ്ട തുക കെഎസ്ആർടിസി വീണ്ടും വക മാറ്റി. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാർ എടുത്ത ലോണുകളുടെ തിരിച്ചടവായി കോർപറേഷൻ അടയ്ക്കേണ്ടിയിരുന്ന തുകയാണ് വകമാറ്റിയത്. ഇതുമൂലം നിലവിലെ ജീവനക്കാരും പെൻഷൻകാരുമടക്കം നിരവധി പേർ ജപ്തി ഭീഷണിയിലാണ്.
ലോണുകളുടെ തിരിച്ചടവ് മുടങ്ങിയെന്നും ബാങ്ക് ജപ്തി നടപടിയിലേക്ക് പോകുകയാണെന്നും ചൂണ്ടിക്കാട്ടി കെഎസ്ആർടിസിയുടെ വിതുര, കണിയാപുരം ഡിപ്പൊകളിൽ വെഹിക്കിൾ സൂപ്പർവൈസറായിരുന്ന ജൂഡ് ജോസഫിന് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ ശമ്പളത്തിൽ നിന്ന് ലോണുകളുടെ തിരിച്ചടവിനായി കോർപറേഷൻ പിടിച്ചിരുന്ന തുക അടച്ചിട്ടില്ലെന്ന് മനസിലായത്.
98,000 രൂപ അടയ്ക്കാനുണ്ടായിരുന്ന ജൂഡിന് ഒരു ധനകാര്യ സ്ഥാപനത്തിൽ മാത്രം പിഴപ്പലിശയടക്കം 1.28 ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടിവന്നിരുന്നു. ഇതെക്കുറിച്ച് 2018ൽ കെഎസ്ആർടിസി സിഎംഡിയെ നേരിൽക്കണ്ട് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് പൊലീസിലും പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ല. ഇതോടെ, കോടതിയെ സമീപിച്ച് അന്വേഷണത്തിനുള്ള ഉത്തരവ് സമ്പാദിച്ചെങ്കിലും കോർപറേഷന്റെ നിസഹകരണം മൂലം അന്വേഷണം വൈകി. ഒടുവിൽ കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ ഈ മാസം ആദ്യവാരമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കെഎസ്ആർടിസിയിൽ 100 കോടിയുടെ തിരിമറി നടത്തിയതിനെ തുടർന്ന് നടപടി നേരിട്ട മുൻ അക്കൗണ്ട്സ് മാനെജർ അടക്കമുള്ളവർ ജൂഡിന്റെ ശമ്പളത്തിൽ നിന്നു വായ്പാ തിരിച്ചടവിനായി അടയ്ക്കേണ്ട തുക ഗൂഢാലോചന നടത്തി വകമാറ്റിയെന്നും ഇതുമൂലം ജൂഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. എന്നാൽ, പലതവണ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടും ഇടപാടുകൾ സംബന്ധിച്ച ഫയലുകൾ കെഎസ്ആർടിസി നൽകുന്നില്ലെന്നു പൊലീസ് പറയുന്നു.
സമാനസ്വഭാവമുള്ള പരാതികൾ പലതും നേരത്തേയും എത്തിയതും കോർപറേഷൻ ഇടപെട്ട് മുക്കിയതും തൊഴിലാളി സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വഞ്ചന, ചതി, ക്രിമിനൽ ഗൂഢാലോചന അടക്കം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. കാലങ്ങളായി സഹകരണ ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാർ എടുത്ത ലോണുകളിൽ തിരിച്ചടയ്ക്കാനാകാത്ത സ്ഥിതിയിലാണ് കെഎസ്ആർടിസി ഏറ്റെടുക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുമാണ് ഈ തിരിച്ചടവിന് കോർപറേഷൻ പണം പിടിക്കുന്നത്.