വൈറസ് ഇപ്പോഴുമുണ്ട്, ജാഗ്രത കുറയ്ക്കേണ്ട
ഡൽഹിയിലും ചേർന്നു കിടക്കുന്ന നഗരങ്ങളിലും കൊവിഡ് കേസുകൾ വീണ്ടും വർധിക്കുമ്പോൾ രാജ്യത്ത് നാലാം തരംഗ ഭീഷണിയുടെ സാധ്യതകൾ കാണുന്നുണ്ട് ആരോഗ്യ മേഖലയിലെ പലരും. എന്നാൽ, ആശങ്കപ്പെടേണ്ടതില്ലെന്നു നല്ലൊരു വിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാത്തമാറ്റിക്കൽ സയൻസസിലെ ഗവേഷകർ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ആർ വാല്യു വീണ്ടും ഒന്നിനു മുകളിലായിട്ടുണ്ട്. ഒരാളിൽ നിന്ന് എത്ര പേരിലേക്കു രോഗം പകരുന്നു എന്നു സൂചിപ്പിക്കുന്നതാണ് ആർ വാല്യു. ഒരാളിൽ നിന്ന് ഒന്നിലധികം പേരിലേക്ക് വൈറസ് വ്യാപിക്കുന്നുവെങ്കിൽ രോഗം പടരുന്നുണ്ട് എന്നാണല്ലോ അർഥമാക്കേണ്ടത്.
ഈ ഗവേഷകരുടെ കണക്കുപ്രകാരം ഡൽഹിയിലും സമീപ നഗരങ്ങളിലും മാത്രമല്ല മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും ആർ വാല്യു ഒന്നിൽ കൂടുതലാണ്. നഗരപ്രദേശങ്ങളിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നുണ്ട് എന്നു വേണം ഇതിൽ നിന്നു ധരിക്കാൻ. മൂന്നു മാസത്തിനു ശേഷമാണ് ആർ വാല്യു വീണ്ടും ഒന്നിനു മുകളിലെത്തുന്നത്. ഡൽഹിയിലും ഉത്തർപ്രദേശിലും അതു രണ്ടിൽ കൂടുതലായിട്ടുണ്ട്. കേരളത്തിൽ 0.72ലാണ് ആർ വാല്യു എന്നത് ഇവിടെ പുതിയ തരംഗഭീഷണി ഇപ്പോഴില്ല എന്നതിന്റെ തെളിവാണ്. പക്ഷേ, പ്രമുഖ മെട്രൊ നഗരങ്ങളിൽ കേസുകൾ വർധിച്ചാൽ അതിന്റെ പ്രതിഫലനം കേരളത്തിലുമെത്താൻ അധികം സമയം വേണ്ടിവരില്ല. നമുക്കും സൂക്ഷിക്കാനുണ്ട് എന്നർഥം.
ഡൽഹിയിൽ അവിടുത്തെ അധികൃതർ മാസ്ക് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാത്തവർക്കു പിഴശിക്ഷയും തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയോടു ചേർന്നു കിടക്കുന്ന ഉത്തർപ്രദേശിലെ നഗരങ്ങളിലും മാസ്ക് നിർബന്ധം. മറ്റു പല സംസ്ഥാനങ്ങളും മാസ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ തുടങ്ങി. കേരളവും മാസ്ക് ഒഴിവാക്കിയിട്ടില്ല. എന്നാൽ, പലരും അതു ധരിക്കാൻ ഇപ്പോൾ മടി കാണിക്കുന്നുണ്ട്. ഉപയോഗിക്കുന്നവർ തന്നെ ഏറെയും താടിയിലാണു വയ്ക്കുന്നത്. ശരിയായ രീതിയിൽ മാസ്ക് ധരിച്ചുകൊണ്ട് കുറച്ചുകാലം കൂടി തുടരുന്നതാവും നമുക്കും നല്ലത്.
ഇതുപോലെ തന്നെയാണു വാക്സിനേഷന്റെ കാര്യവും. രോഗവ്യാപനം നിയന്ത്രിക്കപ്പെട്ടു എന്നു കരുതി പ്രതിരോധ കുത്തിവയ്പ്പിനുള്ള താത്പര്യം ഇല്ലാതായിക്കൂടാ. മുൻകരുതൽ ഡോസ് എടുക്കുന്നതിൽ അലംഭാവം കാണിക്കാതിരിക്കേണ്ടത് ഇനിയൊരു ഭീഷണി ഒഴിവാക്കാൻ ഉപകരിക്കുമെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. വാക്സിനേഷനിലെ തുടർ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനും അലംഭാവം കാണിക്കാൻ കഴിയില്ല. അസാമാന്യ മികവു തന്നെയാണ് പ്രതിരോധ വാക്സിൻ നൽകുന്നതിൽ ഇന്ത്യയ്ക്ക് ഇതുവരെയുണ്ടായത്. ഒമിക്രോൺ ഭീഷണി ഉയർത്തിയ മൂന്നാം തരംഗത്തെ രാജ്യം പ്രശംസനീയമായ രീതിയിൽ പിടിച്ചുകെട്ടിയതും വാക്സിനേഷനിലെ മികവു കൊണ്ടാണ്. അതു തുടർന്നേ തീരൂ.
ഡൽഹിയിലും പരിസരങ്ങളിലും പുതിയ കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിലാവുന്നവർ അത്രയേറെയില്ല എന്നതിലാണ് ഇപ്പോൾ പൊതുവായ ആശ്വാസം കാണുന്നത്. സമൂഹം പ്രതിരോധ ശേഷി ആർജിച്ചതും ആളുകൾ കുത്തിവയ്പ്പ് എടുത്തതും രോഗതീവ്രത കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ആശുപത്രിവാസം എത്രകണ്ട് വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മതി ജനജീവിതം നിയന്ത്രിക്കുന്ന തരത്തിലുള്ള നടപടികൾ എന്നാണു വിദഗ്ധർ ഏറെയും ചൂണ്ടിക്കാണിക്കുന്നത്. കേസുകൾ കൂടുന്നുണ്ട് എന്നത് നാലാം തരംഗമായി പ്രവചിക്കാനായിട്ടില്ലെന്നും അവർ പറയുന്നു.
നേരത്തേയുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണമായി നീക്കിയതുകൊണ്ടാവാം കേസുകൾ കൂടുന്നത്. ജനങ്ങൾ സംഘം ചേർന്നു തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലായിട്ടുണ്ട്. ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. ഇതൊക്കെ കേസുകൾ അൽപ്പം കൂട്ടാം. അതിലപ്പുറം ഒരു തരംഗസാധ്യത വ്യക്തമാവാൻ കുറച്ചു സമയം കൂടി എടുത്തേക്കാം. ഈ സമയം മുൻകരുതലിന്റേതാണ്. ജാഗ്രത ഒട്ടും കുറയാതെ ആവശ്യമുള്ളതുമാണ്. കൊവിഡ് വൈറസ് ദീർഘകാലം നമുക്കൊപ്പം ഈ ഭൂമിയിലുണ്ടാവുമെന്ന് ഏതാണ്ടെല്ലാ ആരോഗ്യ വിദഗ്ധരും ഒറ്റ സ്വരത്തിൽ പറയുന്നു. അതിനൊപ്പം ജീവിക്കാൻ നാം ഏതാണ്ടു ശീലിച്ചതുമാണ്. ഭീഷണിയെല്ലാം ഒഴിഞ്ഞു എന്ന വിശ്വാസത്തിൽ ആ ശീലങ്ങൾ അപ്പാടെ ഉപേക്ഷിക്കുന്നതിനു ധൃതി കൂട്ടേണ്ടതില്ല എന്നാണ് രാജ്യതലസ്ഥാനത്തു നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുക.
കാര്യമായ പരിശോധനകൾ രാജ്യത്തു പലയിടത്തും ഇപ്പോൾ നടക്കുന്നില്ല. അതുകൊണ്ടുതന്നെ യഥാർഥത്തിലുള്ള കേസുകൾ മുഴുവൻ രേഖപ്പെടുത്തുന്നു എന്നു കരുതാനും വയ്യ. പുതിയ വകഭേദങ്ങൾ ഉണ്ടാവില്ല എന്നു തറപ്പിച്ചു പറയാനും സമയമായിട്ടില്ലെന്നാണു പറയുന്നത്. അതുകൊണ്ടുതന്നെ സൂക്ഷ്മനിരീക്ഷണം സർക്കാർ തലത്തിലും ആവശ്യമാണ്.