പൊള്ളും വിലയിൽ കേരളം; താളം തെറ്റി ജനജീവിതം
കൊച്ചി: കേരളത്തിൽ വിവിധ മേഖലകളിലെ വില വർധനവുമൂലം താളം തെറ്റുകയാണ് ജന ജീവിതം. കടുത്ത ചൂടിനൊപ്പം കെട്ടിട നിർമാണ രംഗത്തെ സിമന്റ്,കമ്പി,കട്ട തുടങ്ങിയവയുടെ കനത്ത വില വർധനവിനുപുറമെ നിത്യ ജീവിതത്തിലെ പ്രധാന ഭാഗമായ പാചകവാതക വിലയും അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന പെട്രോൾ,ഡീസൽ, പച്ചക്കറി,പഴ വർഗങ്ങളുടെ പൊള്ളും വിലയും താങ്ങാനാവാതെ നട്ടം തിരിയുകയാണ് ജനം. കേരളത്തിൽ എന്തു തൊട്ടാലും പൊള്ളുന്ന അവസ്ഥയിലാണ്. ജീവിതമാർഗത്തിനായുളള ഓട്ടപ്പാച്ചിലിനിടെയുള്ള നിത്യ ജീവിതത്തിലെ സാധനങ്ങളുടെ അമിത വിലക്കയറ്റം ഉയർത്തുന്ന പ്രശ്നങ്ങൾ നിസാരമല്ല.
കഴിഞ്ഞ ദിവസങ്ങളിലായി വില വർധിച്ച പാചക വാതക വിലയ്ക്കൊപ്പം പഴങ്ങളുടെ വില നോക്കിയാൽ തൊട്ടാൽ പൊള്ളും. വീട്ടാവശ്യങ്ങൾക്കുപയോഗിക്കുന്ന പാചക വാതകത്തിന് 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അഞ്ചു മാസത്തിനു ശേഷമുളള ഈ വില വർധനവിൽ ഗാർഹികാവശ്യത്തിനുളള ഒരു ഗ്യാസ് സിലിണ്ടറിന്റെ പുതിയ വില 956 ആണ്. വാണിജ്യാവശ്യങ്ങൾക്കു 2256 രൂപ നിരക്കിലാണു വിൽപന.
കൊവിഡ് ആരംഭം മുതൽ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഒന്നാണു പഴവർഗ വിഭാഗം. ഇവയ്ക്കാണിന്നു 20,30 ശതമാനം വില ഉയർന്നിരിക്കുന്നത്. കറുത്ത മുന്തരിക്ക് കിലോക്ക് 80, 90 രൂപയിൽ വിൽപ്പന നടത്തിയിരുന്നതു നിലവിൽ 130,140 രൂപ നിരക്കിലാണ് വിൽപന.
70 രൂപയിൽ വിപണിയിൽ കൂടുതൽ വിറ്റുപോയിരുന്ന ആപ്പിളിന് 180 രൂപയിലേക്കെത്തിയിരിക്കുന്നു. ഓറഞ്ചിന് 90 രൂപയും വിലകുറഞ്ഞിരുന്ന പൈനാപ്പിളിന് 55, തണ്ണിമത്തനു 25 , വലിയ പേരയ്ക്കയ്ക്ക് 100, അൽഫോൺസാ മാങ്ങയ്ക്ക് 180,190, പീയൂഷ് മാങ്ങയ്ക്ക് 120,130, ചന്ദ്രക്കാരമാങ്ങക്ക് 150 രൂപയുമാണ് വിപണി വില. ചൂട് കൂടുന്നതു കാരണം പഴവർഗങ്ങൾ പെട്ടന്നു കേടായി പോകുന്ന സാഹചര്യവും വ്യാപാരികളുടെ ആശങ്ക വർധിപ്പിക്കുന്നു.തമിഴ്നാട്ടിലെയും കർണാടകയിലെയും കാർഷിക മേഖലയിലെ ജലക്ഷാമം പഴ വർഗങ്ങളുടെ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വിഷുവിനൊപ്പം റംസാൻ സീസണും ആരംഭിച്ചതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. റമദാന് ആരംഭത്തില്‍ തന്നെ പഴ വര്‍ഗങ്ങള്‍ക്ക് വില വര്‍ധിച്ചതായി ഉപഭോക്താക്കൾ പറഞ്ഞു.