കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ രാജ്യസഭാ എംപിയായി ജെബി മേത്തർ
തിരുവനന്തപുരം:കേരളത്തിൽ നിന്ന് ആദ്യത്തെ മുസ്ലിം വനിതാ രാജ്യസഭാംഗമായി ജെബി മേത്തർ മാറുമ്പോൾ കേരളത്തിലെ വനിതാ രാജ്യസഭാംഗങ്ങളിൽ അഞ്ചിൽ നാലും കോൺഗ്രസിന് സ്വന്തം. ഇടതു പാർട്ടികളിൽ സി പി എമ്മി ടി.എൻ. സീമ മാത്രമാണ് സംസ്ഥാനത്തു നിന്ന് രാജ്യസഭാ എംപി ആയിരുന്നത്.
കേരളത്തിൽ നിന്ന് 42 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഒരു വനിതയെ രാജ്യസഭയിലേക്ക് അയക്കുന്നത്.കേരളത്തിൽ നിന്ന് ആദ്യമായി രാജ്യസഭയിലെത്തിയ വനിത കെപിസിസി അധ്യക്ഷനും എഴുത്തുകാരനും പത്രാധിപരും ആയിരുന്ന എപി ഉദയഭാനുവിന്റെ ഭാര്യ വാരണപ്പിള്ളിൽ കുടുംബാംഗമായ ഭാരതി ഉദയഭാനുവാണ്. ബിഎസ്എസി ബിരുധധാരിയായ അവർ രണ്ട് തവണയായി 1954 മുതൽ 1964 വരെ തുടർച്ചയായി എംപിയായിരുന്നു. ഈ സ്ഥാനലബ്ധിക്കുള്ള യോഗ്യത ഉദയഭാനുവിന്റെ ഭാര്യ എന്നതായിരുന്നുവെന്ന് അവർ 1960 ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് എന്ന ആത്മകഥയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിയമബിരുധധാരിയായ ദേവകി ഗോപിദാസ് ആയിരുന്നു രണ്ടാമത്തെ രാജ്യസഭയിലേക്കുള്ള വനിതാ എംപി.!962ലായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.തിരുവിതാംകൂർ ലജിസ്ലേറ്റീവ് അംഗമായും (1948) തിരുകൊച്ചി ലെജിസ്ലേറ്റീവ് അംഗമായും കോട്ടയം ഒന്നിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷണറായും പ്രവർത്തിച്ചു.
പതിനഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡ് നിർണയ പ്രാദേശിക ജൂറിയിൽ അവർ അംഗമായിരുന്നു. അന്ന് തിരക്കഥയ്ക്ക് എസ്.എൽപുരം സദാനന്ദന് (അഗ്നിപുത്രി) മാത്രമെ അവാർഡ് കിട്ടിയുള്ളു. 1967 ലെ പ്രാദേശിക സിനിമയ്ക്കുള്ള അവാർഡ് പി ഭാസ്കരൻ സംവിധാനം ചെയ്ത അന്വേഷിച്ചു കണ്ടെത്തിയില്ല എന്നതിനായിരുന്നു. എംപിസ്ഥാനം ഒഴിഞ്ഞതിന് ശേഷം 1973ൽ ഡൽഹി പാലം വിമാനത്താവളത്തിൽ ഉണ്ടായ വിമാനഅപകടത്തിൽ ദേവകി മരിച്ചു.
1974 ൽ അംഗമായി 80 ൽ ഒഴിഞ്ഞ ലീലാ ദാമോദരനാണ് ജെബി മേത്തർക്ക് മുമ്പ് സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായ വനിത.ലീലയുടെ ഭർത്താവ് കെ.എ ദാമോദരമേനോൻ 1952 ൽ കോഴിക്കോട്ടു നിന്നാണ് രാജ്യസഭാംഗമായത്.ഈ ദമ്പതികൾ ഒരേ സമയം കേരള നിയമസഭയിലും അംഗമായിരുന്നു. 1960 ൽ പറവൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച മേനോൻ പട്ടം താണുപിള്ള മന്ത്രിസഭയിലും തുടർന്ന് ആർ ശങ്കർ മന്ത്രിസഭയിലും അംഗമായിരുന്നു.കുന്ദമംഗലം , പട്ടാമ്പി മണ്ഡലങ്ങളിൽ നിന്നാണ് ഈ കാലയളവിൽ ലീല ജയിച്ചത്.
എ.കെ ആന്റണിയുടെ ഒഴിവിൽ രാജ്യസഭയിലേക്ക് പോകുന്ന ജെബി കേരളത്തിൽ നിന്നുള്ള ഒമ്പതംഗങ്ങളിൽ കോൺഗ്രസിൽ നിന്നുള്ള ഏകപ്രതിനിധിയാണ്.കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള അംഗവും അഭിഭാഷകയും കോൺഗ്രസ് നേതാവുമായ കെ.എംഐ മേത്തറടെ മകളും മുൻ കെപിസിസി പ്രസിഡന്റ് ടി.ഒ ബാവയുടെ കൊച്ചുമകളുമാണ്.
രാഹുൽ ഗാന്ധിയുടെ ഉപദേശകനും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഷാഫി മേത്തർ റാഫി മേത്തർ എന്നിവർ സഹോദരന്മാർ. ഭർത്താവ് ഡോ ഹിഷാം അഹമ്മദ് ഇടപ്പള്ളി അമൃത ഹോസ്പിറ്റൽ കാർഡിയോളജി വിദഗ്ധൻ.മകൻ അലാദിൻ ഹിഷാം.2010 മുതൽ ആലുവാ നഗരസഭാ കൗൺസിലറായ ജെബി നിലവിൽ നഗരസഭാ വൈസ് ചെയർപേഴ്സണാണ്.യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.