പാലാ ജനറല്‍ ആശുപത്രിയില്‍ കേരളത്തിലെ രണ്ടാമത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് തുടക്കം
പാലാ: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബിനൊപ്പം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വൈറോളജി & മോളികുലാര്‍ ബയോളജി വിഭാഗം കൂടി പാലായില്‍ എത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി സെന്റെര് ഫോര്‍ ബയോടെക്നോളജി ലാബിന്റെ ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക രോഗനിര്‍ണ്ണയ ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തോമസ് ചാഴികാടന് എം.പി നിര്‍വ്വഹിച്ചു.
രാജീവ് ഗാന്ധി സെന്റെര് ഫോര്‍ ബയോടെക്നോളജി ലാബിനൊപ്പം വൈറോളജി & മോളികുലാര്‍ ബയോളജി വിഭാഗവും റേഡിയോ സ്കാന്‍ വിഭാഗവും മലയോര മേഖലയുടെ ആവശ്യകത കണ്ടറിഞ്ഞ് ആര്.ജി.സി.ബിയുടെ ഒരു പ്രാദേശിക ഗവേഷണ കേന്ദ്രം കൂടി പാലായില്‍ ആരംഭിച്ചാല്‍ സങ്കീര്‍ണ്ണമായ രോഗ നിര്‍ണ്ണയത്തിന് ഇനി പൂനയിലെ ഇന്‍സ്റ്റിററ്യൂട്ടിനെ ആശ്രയിക്കുന്നതിനു പകരം ദിവസങ്ങളുടെ കാത്തിരിപ്പ് ഒഴിവാക്കി രോഗനിര്‍ണയത്തിനുള്ള കാലതാമസത്തിന് വിരാമമിടാന്‍ കഴിയുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ഇതിനാവശ്യമായ സൗകര്യങ്ങള്‍ പാലായില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലായിലെ പുതിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബ് ബയോടെക്നോളജി മേഖലയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വനിതകള്‍ക്കാണ് കൂടുതല്‍ നേട്ടം. കാര്‍ഷിക മേഖലയിലെ മുന്നേറ്റത്തിനുകൂടി ഉതകുന്ന ആധുനിക ഗവേഷണ സ്ഥാപനം ഇവിടെ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാലാ ജനറല്‍ ആശുപത്രി കോംബൗണ്ടില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലായിലെ പ്രാദേശിക കേന്ദ്രത്തില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ആര്.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രദാസ് നാരായണ യോഗത്തില്‍ അറിയിച്ചു. അവയവ മാറ്റശാസ്ത്രക്രിയയ്ക്ക് മുന്‍പ് നടത്തേണ്ട എല്ലാ പരിശോധനകള്‍ക്കും ഇവിടെ സജ്ജീകരണം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എം.പിമാര്‍ ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . ഇവിടെ നിന്നും ഒരു മണിക്കൂറിനകം പരിശോധനാ ഫലം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കോട്ടയം ജില്ലയിലെ എല്ലാ ആശുപത്രികളുമായി ലാബിനെ ബന്ധിപ്പിച്ച് ഡയഗണോസ്റ്റിക് ഹബ് ആക്കി പാലാ കേന്ദ്രത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു .
ഉദ്ഘാടനത്തിന് എത്തിച്ചേര്‍ന്ന ആര്.ജി.സി.ബി അധികൃതര്‍ക്കും ജോസ്.കെ.മാണിക്കും സ്വീകരണം നല്കി. ബിജു പാലൂപടവന്‍, നീന ചെറുവള്ളി, ജോസ് ചീരാംകുഴി ,ലീന സണ്ണി എന്നിവര്‍ നേതൃത്വം നല്കി.
നഗരസഭാ ചെയര്മാന് ആന്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി, ഡോ.അര്.അശോക്, സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പില്‍, ബിജി ജോജോ, ഡോ. ഷമ്മി രാജന്, ഡോ. പി. എസ് .ശബരീനാഥ്, ഡോ.ടി.എസ്.വിഷ്ണു ., ഫിലിപ്പ് കുഴികുളം, പി.എം.ജോസഫ്, പ്രശാന്ത് മോനിപ്പളളി, പ്രൊഫ.സതീശ് ചൊള്ളാനി, ജയ്സണ്‍ മാന്തോട്ടം, പി.കെ.ഷാജകുമാര്‍, ഡോ.അനീഷ് ഭദ്രന് എന്നിവര്‍ പ്രസംഗിച്ചു.