ബാലഗോപാലിന്റെ രണ്ടാം ബജറ്റ് 11ന്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് 11ന് രാവിലെ ഒൻപതിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബാലഗോപാലിന്റെ രണ്ടാം ബജറ്റാണ് ഇത്. 2021 ജൂണ്‍ നാലിന് ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് ഒന്നാം പിണറായി സർക്കാരിന്റെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയായിരുന്നു. അതിനാൽ ബാലഗോപാലിന്റെ ആദ്യ പൂർണ ബജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്.
പുതുക്കിയ കണക്കിൽ നടപ്പുവർഷത്തെ റവന്യുകമ്മി 16,910 കോടി രൂപയാണ്. കഴിഞ്ഞവർഷം 19,759 കോടിയും 2019–-20ൽ 15,462 കോടിയുമായിരുന്നു. മൂന്നുവർഷത്തെ വരുമാന നഷ്ടം 53,000 കോടിയാണ്. കേന്ദ്ര സഹായം കുറയുന്നതും പകരമായി പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തേണ്ടി വരുന്നതുമാണ് ബജറ്റ് തയാറാക്കുന്നതിലെ വെല്ലുവിളി. ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന ആവശ്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലില്ല.
ജനുവരി വരെ കേരളത്തിന് കുടിശിക 2,850 കോടിയാണ്. ജൂണിൽ അവസാനിക്കുന്ന നഷ്ടപരിഹാര സംവിധാനം നീട്ടിയില്ലെങ്കിൽ അടുത്തവർഷം വരുമാനത്തിലെ കുറവ് 12,000 കോടിയാകും. കേന്ദ്രനികുതി വിഹിതം 1.925 ശതമാനമായി കുറച്ചതിലൂടെ അടുത്തവർഷം 13,217 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വരുമാന വർധനയ്ക്കായി സംസ്ഥാന ബജറ്റിൽ ഭൂമിയുടെ ന്യായ വില കൂട്ടിയേക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം വച്ചു കൂട്ടി വിപണിവിലയ്ക്ക് ഒപ്പം എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ഭൂമിയുടെ ന്യായവില വർധന ഒഴിവാക്കി.
സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണമെന്ന നിർദേശവും ധനവകുപ്പിനെ പരിഗണനയിലുണ്ട്. നിലവിൽ എട്ട് ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഇത് കുറച്ച് അഞ്ച് ശതമാനത്തിൽ എത്തിക്കണമെന്ന നിർദേശം പരിഗണനയിലുണ്ട്. അതേസമയം, പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി വർധിപ്പിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ ബജറ്റ് കെ.എം. മാണി വക
കേരള നിയമസഭയില്‍ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് കെ.എം. മാണിയാണ്. 13 ബജറ്റ് അദ്ദേഹം അവതരിപ്പിച്ചു. തോമസ് ഐസക് 12 ബജറ്റുമായി തൊട്ടുപിന്നിലുണ്ട്. ടി. ശിവദാസ മേനോന്, ആര്. ശങ്കര്‍ എന്നിവര്‍ ആറു തവണയും. ഉമ്മന്‍ചാണ്ടി, വി. വിശ്വനാഥ മേനോൻ എന്നിവർ അഞ്ചു തവണയും ബജറ്റ് അവതരിപ്പിച്ചു.