മണം പിടിച്ച് ഡോൺ കഞ്ചാവ് ബാഗ് കണ്ടെത്തി, പ്രതിയാരെന്നു കൃത്യമായി കാണിച്ചുകൊടുത്തു ചേതക്കും;കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തുകാരനെ കുടുക്കി പോലീസ് നായകൾ
കോട്ടയം: കഞ്ചാവ് വേട്ടയ്ക്ക് പോലീസ് നായയുടെ ഇടപെടലും. ഇന്നലെ നാലു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും ലഹരിവിരുദ്ധ സ്ക്വാഡും കോട്ടയം ഈസ്റ്റ് പോലീസും ചേർന്നു പിടികൂടിയതിൽ പോലീസ് നായയുടെ ഇടപെടൽ ശ്രദ്ധേയം.
ഒറീസ സ്വദേശി പരേഷ് നായിക് (29) ആണ് പിടിയിലായത്.ഇന്നലെ വൈകുന്നേരം 6.30നു ഷാലിമാർ എക്സ്പ്രസിൽ വന്നിറങ്ങിയ പരേഷിന്റെ ബാഗിൽനിന്നും പോലീസ് നായ മണം പിടിച്ചു കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ലാബ്രഡോർ ഇനത്തിൽപെട്ട കഞ്ചാവ് കണ്ടെത്തുന്ന സ്നിഫർ വിഭാഗത്തിൽ പെട്ടതാണ് ഡോണ്‍. റെയിൽവേ സ്റ്റേഷനിൽ കൂട്ടിയിട്ടിരുന്ന ബാഗുകളിൽനിന്നും കഞ്ചാവ് ഒളിപ്പിച്ച ബാഗ് ഡോണ്‍ കണ്ടെത്തി.
സൂപ്പർ പോലീസ് നായ ചേതക്കാണ് കഞ്ചാവുമായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്. ബാഗ് കണ്ടെത്തിയിട്ടും ഉടമയെ തിരിച്ചറിയാൻ കഴിയാതെ നിന്ന പോലീസിനു പ്രതിയാരെന്നു കൃത്യമായി ചേതക്ക് കാട്ടിക്കൊടുത്തു. ബൽജിയം മെലിനോയിസ് ഇനത്തിൽപെട്ട ട്രാക്കർ നായയാണ് ചേതക്ക്.
ട്രെയിനിൽ കഞ്ചാവ് എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ടായിരുന്നു. പാലാ വലവൂരിലുള്ള സ്വകാര്യ ഫാക്്ടറിയിൽ ജോലിക്കെത്തിയതായിരുന്നു പരേഷ്.
ട്രെയിനിൽ കോട്ടയത്ത് ഇറങ്ങി ബസിൽ പാലായിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടിയിലാണ് പോലീസ് നായ ഡോണ്‍ പരേഷിന്റെ ബാഗിൽ മണം പിടിച്ചത്. തുടർന്നു പോലീസ് ഉദ്യോഗസ്ഥർ ചേർന്നു ബാഗ് പരിശോധിച്ചതോടെ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഈസ്റ്റ് എസ്എച്ച് യു. ശ്രീജിത്ത്, എസ്ഐ എം.എച്ച്. അനുരാജ്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ സജിവ് ചന്ദ്രൻ, എസ്ഐ ബിജോയി മാത്യു, തോംസണ്‍ കെ. മാത്യു, അജയകുമാർ, ശ്രീജിത്ത് ബി. നായർ, എസ്. അരുണ്‍, ഷെമീർ സമദ്, ഡോഗ് സ്ക്വാഡ് അംഗങ്ങളായ പ്രേംജി, പ്രമോദ് തന്പി, ബിനോയി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.