കേരളത്തിലെ ലോക്സഭാ സീറ്റുകൾ തൂത്തുവാരാൻ സിപിഎം
കൊച്ചി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും നേടിയെടുക്കാൻ സിപിഎം തയാറെടുക്കുന്നു. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ സിപിഎം മുന്നിൽനിന്ന് പ്രവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഇതിന്റെ ഭാഗമാണ്. ഇതിനായി ഇടതുപക്ഷ എംപിമാരുടെ അംഗബലം വർധിപ്പിക്കാനുള്ള പദ്ധതികൾ തയാറാക്കും. 2004 ൽ ബിജെപി നേതൃത്വത്തിലുള്ള വാജ്പേയി സർക്കാരിനെ പുറത്താക്കാൻ മുഖ്യപങ്ക് വഹിച്ചത് ഇടതുപക്ഷമായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ൽ 18 സീറ്റിലും ഇടതുപക്ഷം വിജയിച്ചു.
അന്ന് അത്രയും സീറ്റ് ലഭിച്ചതുകൊണ്ട് കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് പറഞ്ഞ കോൺഗ്രസിന് പാർലമെന്റിൽ മുഖ്യപ്രതിപക്ഷമാകാൻ പോലും സാധിച്ചില്ല. അതിനാൽ കേരളത്തിലെ ഭൂരിപക്ഷം പാർലമെന്റ് സീറ്റുകളും പിടിച്ചടക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് സിപിഎം ഉടൻ നേതൃത്വം നൽകുക.
കേരളത്തിൽ വലിയ തോതിലുള്ള വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണെന്നാണ് സിപിഎം വിലയിരുത്തൽ. ആർഎസ്എസ് ഹിന്ദുത്വ വർഗീയതയുമായി ഒരു ഭാഗത്ത് പ്രവർത്തിക്കുന്നു. എസ്ഡിപിഐയും ആർഎസ്എസിനെപ്പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ആയുധപരിശീലനം നിരന്തരം സംഘടിപ്പിക്കുന്ന സംഘടനകളാണിവയെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇതിൽ മുസ്ലിം സംഘടനകൾക്ക് ഭൗതിക കേന്ദ്രമായി പ്രവർത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ഇത് വളരെ ജാഗ്രതയോടെ കണക്കിലെടുക്കണമെന്ന് സിപിഎം പ്രവർത്തകരെ ആഹ്വാനം ചെയ്യുന്നു.
സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ഈ സംഘടനകൾ ശ്രമിക്കുന്നത്. ഇടതുപക്ഷം ശക്തമായതുകൊണ്ടാണ് വർഗീയ സംഘടനകളുടെ പദ്ധതികൾ വിജയിക്കാതെ പോകുന്നത്. സമീപകാലത്ത് ആർഎസ്എസ് 3,000 കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് പരിശീലനം നൽകി. ഇത് കലാപത്തിനുള്ള തയാറെടുപ്പാണ്. ഇവരുടെ പ്രവർത്തനം മനസിലാക്കിക്കൊണ്ട് മതനിരപേക്ഷ അടിത്തറ ശക്തിപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
എസ്എഫ്ഐ മേധാവിത്വം അംഗത്വത്തിൽ കാണുന്നില്ല
വിദ്യാർഥി സംഘടനാ രംഗത്ത് എസ് എഫ് ഐയ്ക്കുള്ള മേധാവിത്വം പാർട്ടി അംഗത്വത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് കോടിയേരി സ്വയം വിമർശനപരമായി വിലയിരുത്തി. അതിനാൽ 25 വയസിന് താഴെ പ്രായമുള്ള അംഗങ്ങളുടെ എണ്ണം വർധിപ്പിക്കും. സിപിഎം സംഘടനാ രംഗത്ത് വലിയ നേട്ടം ഉണ്ടാക്കി. പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ 63,000ത്തിലേറെ വർധന ഉണ്ടായി. ഇപ്പോൾ 5,27,378 പാർട്ടി അംഗങ്ങളുണ്ട്. അതിൽ 55 ശതമാനത്തിലേറെ പേർ 2012 ന് ശേഷം അംഗത്വമെടുത്തവരാണ്. പുതിയ ആളുകൾ പാർട്ടിയിലേക്ക് കടന്നുവരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വനിത അംഗങ്ങളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. 1,495 ബ്രാഞ്ചുകളിൽ വനിതകൾ സെക്രട്ടറിമാരായുണ്ട്.