വര്‍ധ ചുഴലിക്കാറ്റ് തീരത്തെത്തി; ചെന്നൈയില്‍ കനത്ത കാറ്റും മഴയും; ജാഗ്രതയില്‍ തമിഴ്നാട്
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് തിങ്കളാഴ്ച ഉച്ചയോടെ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിനിടെ പ്രതീക്ഷിച്ചതിലും നേരത്തെ വര്‍ധ ചെന്നൈതീരത്ത് പ്രവേശിച്ചു. തീരങ്ങളില്‍ അതിശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. ചെന്നൈയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കടപുഴകിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊടുങ്കാറ്റിന്റെ പ്രഭാവം ശക്തമായതോടെ ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കനത്ത കാറ്റും മഴയും മൂലം ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. വര്‍ദാ കൊടുങ്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ചെന്നൈ തീരത്തേക്ക് പ്രവേശിച്ചതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ശക്തമായ കാറ്റ് വീശിത്തുടങ്ങിയിരുന്നു. കൊടുങ്കാറ്റിന്റെ വരവറിയിച്ച് രാവിലെ മുതല്‍ തന്നെ തമിഴ്നാട് തീരങ്ങളില്‍ കനത്ത കാറ്റും മഴയും ശക്തമായിരുന്നു. 140 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തേക്ക് വര്‍ദാ വീശിയടിച്ചത്. കരയിലേക്ക് പ്രവേശിച്ച കൊടുങ്കാറ്റിന് 120 കിലോമീറ്റര്‍ വേഗത വരെ കൈവരുമെന്നാണ് കരുതുന്നത്.
തമിഴ്നാട്ടിലും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാനങ്ങളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറായി നില്‍ക്കുന്നുണ്ട്.
അടിയന്തര സാഹചര്യത്തില്‍ സഹായത്തിനായി കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലേയും തമിഴ്നാട്ടിലേയും കണ്ട്രോള് റൂം നമ്പറുകള്‍ ഇവയാണ്. ആന്ധ്രപ്രദേശ്: 08662488000, തമിഴ്നാട്: 04428593990
ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇവയാണ്. 04425619206, 25619511,25384965 വാട്സ് ആപ്പ് നമ്പര്‍: 9445477207,9445477203,9445477206.
സമുദ്രം പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യതൊഴിലാളികളോട് അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ മഴ കനക്കുമെന്നതിനാല്‍ തീരപ്രദേശവാസികളോട് കരുതിയിരിക്കാനും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വടക്കന്‍ ജില്ലകളിലാണ് മഴ ശക്തമാവുക.
അതിനിടെ, ചെന്നൈ മൈലാപ്പൂരില്‍ മരംവീണ് ഒരു സ്ത്രീ മരിച്ചു. തീരത്ത് എത്തിയാലും ചുഴലിക്കാറ്റിന്റെ ശക്തി കുറയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. കാറ്റും മഴയും ശക്തമായതോടെ ചെന്നൈ വിമാനത്താവളവും അടച്ചു. ഇവിടെനിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി അറിയിപ്പുണ്ട്.
അതേസമയം ചെന്നൈ വിഴുപുരത്ത് വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ചെന്നൈ സബര്‍ബന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ നിര്‍ത്തിവെച്ചു.
ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് തമിഴ്നാട് സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് എഗ്മോര്‍, ടി നഗര്‍, പാരീസ് എന്നിവിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലും കോയമ്പേട് ബസ് സ്റ്റാന്‍ഡിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതിനിടെ, ഒരു ട്രെയിന്‍ പൂര്‍ണമായും മൂന്ന് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
സുരക്ഷ കണക്കിലെടുത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും വില്ലുപുരം ജില്ലയിലെ കടലോര താലൂക്കുകളിലെയും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ച അവധി നല്‍കിയിരിക്കുകയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും അണ്ണ സര്‍വകലാശാല മാറ്റിവച്ചു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കാറ്റില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലായി ചില പ്രദേശങ്ങളില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ വെള്ളപ്പൊക്കം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരിതമാണ് തമിഴ്നാട്ടില്‍ വിതച്ചത്.