അന്തിമ വിധി വരെ വിദ്യാലയങ്ങളിൽ മതചിഹ്നങ്ങൾ വിലക്കി കർണാടക ഹൈക്കോടതി
ബംഗളൂരു: അന്തിമ വിധി വരുന്നതു വരെ, മതചിഹ്നങ്ങൾ ധരിച്ച് കോളെജിലോ സ്കൂളിലോ വരണമെന്ന് ആരും നിർബന്ധം പിടിക്കരുതെന്ന് കർണാടക ഹൈക്കോടതി. വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. കേസിൽ തിങ്കളാഴ്ച 2.30ന് വാദം തുടരും.
വിദ്യാലയങ്ങൾ തുറക്കേണ്ടതുണ്ട്. സംസ്ഥാനത്തു സമാധാനം തിരിച്ചുവരേണ്ടതുമുണ്ട്. ഈ സാഹചര്യത്തിൽ മതചിഹ്നങ്ങൾ ധരിച്ച് വരണമെന്ന് ആരും വാശി പിടിക്കേണ്ടതില്ല. ഹിജാബ് ധരിക്കാൻ അനുവാദം വേണമെന്ന ഒരു വിഭാഗം പെൺകുട്ടികളുടെ ഹർജികളിലാണ് കോടതിയുടെ നിർദേശം. കേസിൽ ഇടതടവില്ലാതെ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, വനിതാ ജഡ്ജിയായ ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീൻ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ.
ഉഡുപ്പി കോളെജിലെ ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയും കുന്ദാപുര കൊളെജിലെ പെൺകുട്ടികൾക്കു വേണ്ടി ദേവദത്ത് കാമത്തുമാണ് ഹാജരായത്. ഹിജാബ് അടക്കമുള്ള മതചിഹ്നങ്ങൾ വിലക്കുകയും എല്ലാവർക്കും സമാനമായ യൂണിഫോം നിർബന്ധമാക്കുകയും ചെയ്ത കോളെജ് അധികൃതരുടെ നിലപാടും സംസ്ഥാന സർക്കാരിന്റെ ഉത്തരവുമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. ഹിജാബ് തങ്ങൾക്ക് ഒഴിവാക്കാനാവാത്ത മതാചാരമാണെന്നാണ് അവരുടെ വാദം.
എന്നാൽ, ഹിജാബ് വിവാദം സംസ്ഥാനത്ത് വലിയ ക്രമസമാധാനപ്രശ്നമായി മാറിയിരുന്നു. ഹിജാബിനെതിരേ നിലപാടെടുത്ത എബിവിപി പോലെയുള്ള സംഘടനകൾ പ്രതിഷേധസൂചകമായി കാവി തലപ്പാവും കാവി ഷാളും ധരിച്ചെത്തിയതോടെ പല വിദ്യാലങ്ങളിലും സംഘർഷമുണ്ടായി. ഹിജാബിന് അനുമതി നൽകിയാൽ തങ്ങൾ കാവി സാരിയുടുത്ത് എത്തുമെന്ന് മറുപക്ഷത്തെ പെൺകുട്ടികൾ പ്രഖ്യാപിച്ചു. തുടർന്ന് സംസ്ഥാനത്തെ വിദ്യാലങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
അതിനിടെ, ഹിജാബുമായി ബന്ധപ്പെട്ട കേസുകളെല്ലാം മതപരമായ വിഷയമായതിനാൽ അവ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സീനിയർ അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു. കർണാടക ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് കേസിൽ വാദം കേൾക്കുകയാണിപ്പോൾ. അവിടെനിന്ന് ഒരു ഇടക്കാല തീരുമാനം വരട്ടെ. അതിനുശേഷം ഇക്കാര്യം പരിഗണിക്കാം. ഇപ്പോൾ സുപ്രീം കോടതിക്ക് ഇടപെടാൻ സമയമായിട്ടില്ല- ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി.