20,000ൽ കൂടുതൽ കേസുകൾ കേരളത്തിൽ മാത്രം, 5 ലക്ഷം കടന്ന് മരണസംഖ്യ
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിദിന രോഗബാധ ഒന്നര ലക്ഷത്തിൽ താഴെ തുടരുന്നു. ദിവസം ഇരുപതിനായിരത്തിലേറെ കേസുകൾ സ്ഥിരീകരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കേരളത്തിൽ ഇന്നലെ പ്രതിദിന കണക്കിൽ കുറവുണ്ടായെങ്കിലും നാൽപ്പതിനായിരത്തിലേറെയാണ് ഇപ്പോഴും സ്ഥിരീകരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ ഇന്നലെ കണ്ടെത്തിയത് 16,436 കേസുകളാണ്. മഹാരാഷ്ട്രയിൽ 15,252. തമിഴ്നാട്ടിൽ 12,000ൽ താഴെയാണു പ്രതിദിന രോഗബാധ. മറ്റെല്ലായിടത്തും പതിനായിരത്തിൽ താഴെ.
രാജ്യത്തെ കൊവിഡ് മരണസംഖ്യ അഞ്ചു ലക്ഷം കടന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 1.43 ലക്ഷത്തോളം മഹാരാഷ്ട്രയിലും 56,000ൽ ഏറെ കേരളത്തിലുമാണ്. ഇതുവരെയുള്ള മരണസംഖ്യയിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ പുതുതായി രേഖപ്പെടുത്തുന്ന മരണസംഖ്യയും വളരെ വലുതാണ്. മുൻ മാസങ്ങളിലെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിക്കുന്നതാണ് ഇതിലേറെയും.
കേരളത്തിൽ 3.70 ലക്ഷത്തോളം ആക്റ്റിവ് കേസുകളുള്ളപ്പോൾ മറ്റൊരു സംസ്ഥാനത്തും രണ്ടു ലക്ഷം കേസുകളില്ല. തമിഴ്നാട്ടിൽ 1.66 ലക്ഷവും മഹാരാഷ്ട്രയിൽ 1.62 ലക്ഷവും കർണാടകയിൽ 1.49 ലക്ഷത്തോളവുമാണ് ആക്റ്റിവ് കേസുകൾ. ആന്ധ്രപ്രദേശിൽ 93,000. ആക്റ്റിവ് കേസുകൾ ദിനംപ്രതി കുറഞ്ഞുവരുന്ന രാജ്യത്ത് അവസാന 24 മണിക്കൂറിൽ കുറഞ്ഞത് 98,352 കേസുകളാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ പുറത്തുവിട്ട കണക്കനുസരിച്ച് അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 1,49,394 കേസുകൾ. 1,072 മരണവും പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 601 മരണം കേരളത്തിലേതാണ്. ഇതിൽ തന്നെ അവസാന 24 മണിക്കൂറിലെ 36 മരണം ഉൾപ്പെടുന്നു. ഇതുവരെ രാജ്യത്തു മരിച്ചത് 5,00,055 പേരാണ്. രാജ്യത്തെ മരണനിരക്ക് 1.19 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇപ്പോൾ രോഗബാധിതരായുള്ളത് 14.35 ലക്ഷം പേരാണ്. ദേശീയ റിക്കവറി നിരക്ക് 95.39 ശതമാനമായി ഉയർന്നിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനവും പ്രതിവാര നിരക്ക് 12.03 ശതമാനവുമാണ്. ഇതുവരെ രാജ്യത്തു രോഗം ബാധിച്ചവർ 4.19 കോടിയിലേറെ. ഇതിൽ രോഗമുക്തരായത് നാലു കോടിയിലേറെയായി. ഇതുവരെ 168.47 കോടി വാക്സിൻ ഡോസുകൾ രാജ്യത്തു വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.