വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ കൊവിഡ് അപായ സൂചനകൾ ശ്രദ്ധിക്കണം
കോട്ടയം: കൊവിഡ് സ്ഥിരീകരിച്ചോ ലക്ഷണങ്ങൾ ഉള്ളതുകൊണ്ടോ വീടുകളിൽ കഴിയുന്നവരിൽ ശാരീരിക അപായ സൂചനകൾ കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു.
അപായ സൂചനകൾ:
1. മൂന്നു ദിവസത്തിലധികം തുടരുന്ന കടുത്ത പനി
2. ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്
3. ഓക്സിജൻ സാച്ചുറേഷൻ 94 ശതമാനത്തിൽ കുറവ് അല്ലെങ്കിൽ ശ്വാസോച്ഛ്വാസ നിരക്ക് മിനിറ്റിൽ 24ൽ കൂടുതൽ
4. നെഞ്ചുവേദന
5. ആശയക്കുഴപ്പം, എഴുന്നേറ്റുനിൽക്കാൻ ബുദ്ധിമുട്ട്
6. കടുത്ത ക്ഷീണവും പേശീവേദനയും
ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ പ്രദേശത്തെ ദ്രുതകർമസംഘം(ആർ.ആർ.ടി.) അംഗങ്ങളുമായി ബന്ധപ്പെട്ട് പരിചരണ കേന്ദ്രത്തിലോ സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ കിടക്ക സൗകര്യം ഉറപ്പുവരുത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം ആംബുലൻസിലോ മറ്റ് വാഹനത്തിലോ കേന്ദ്രത്തിലെത്തിക്കണം. ഇ-സഞ്ജീവനി ആപ് വഴി ഡോക്റ്ററെ വീഡിയോ കാളിൽ ബന്ധപ്പെട്ടും ചികിത്സാ നിർദ്ദേശം സ്വീകരിക്കാം.
ഗൃഹ ചികിത്സയിൽ കഴിയുന്നവർ പ്രദേശത്തെ ആർ.ആർ.ടി, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഫോൺ നമ്പരുകൾ കൈയിൽ കരുതണം. കുറഞ്ഞത് ഏഴു ദിവസം നന്നായി വിശ്രമിക്കുകയും ദിവസം എട്ടു മണിക്കൂർ ഉറങ്ങുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഇവർക്ക് സാധാരണ കഴിക്കുന്ന എല്ലാ ഭക്ഷണവും കഴിക്കാം.
പ്രദേശത്തെ ആർ.ആർ.ടി.യിൽ നിന്നോ പുറത്തുനിന്നോ പൾസ് ഓക്സിമീറ്റർ വാങ്ങി ദിവസം കുറഞ്ഞത് മൂന്നു തവണ ഓക്സിജൻ സാച്ചുറേഷൻ പരിശോധിക്കുന്നതും ഉത്തമമാണ്. ഇവർ നിർബന്ധമായും മുറിയിൽ തന്നെ കഴിയുകയും മാസ്ക് ധരിക്കുകയും വേണം. റൂമിന്റെ ജനാലകൾ പരമാവധി തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. ഉപയോഗിക്കുന്ന മുറി എല്ലാദിവസവും സ്വയം അടിച്ചുവാരി തുടച്ചു വൃത്തിയാക്കുന്നതും അഭികാമ്യമാണ്. ഉപയോഗിക്കുന്ന സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.