കോൺഗ്രസ് കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്നു; കടന്നാക്രമിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: കൊലപാതകത്തിന് പ്രോല്‍സാഹനം നല്കുന്ന രീതിയാണ് കോണ്‍ഗ്രസിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് സമാധാന അന്തരീക്ഷം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസും ഭാഗമായി എന്നതാണ് ധീരജിന്റെ മരണത്തിലൂടെ കാണേണ്ടത്. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല.
സംഘര്‍ഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിന്റെ കൂടെ നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന് യൂത്ത് കോണ്‍ഗ്രസുകാരുടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായി അപലപിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശങ്ങളോട് അതിരൂക്ഷമായ ഭാഷയിലുള്ള പ്രതികരണം കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ഇന്നത്തെ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ആഗോള വല്‍ക്കരണം അല്ലാത്ത നയമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ബി ജെ പി ക്ക് ബദലായി എങ്ങനെ കോണ്‍ഗ്രസ് വരും. ഈ രാജ്യത്തെ ജനങ്ങള്‍ ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ കാണുന്നില്ല. കോണ്‍ഗ്രസിന് വിശ്വാസത്തകര്‍ച്ചയുണ്ടായി. ഏറ്റവും വലിയ വിശ്വാസതകര്‍ച്ച നേരിടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബിജെപി ഭരണം തുടരുന്ന അവസ്ഥ ഉണ്ടായിക്കൂടാ.
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ സിപിഎം നിര്‍ദ്ദേശിക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ ഒരുമിക്കലാണ്. യുപിയില്‍ അഖിലേഷിന്റെ നേതൃത്യത്തില്‍ ബിജെപിക്കെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കരുത്തുറ്റ പ്രാദേശിക കക്ഷികള്‍ ഉണ്ട്. ഇത് കൂടുതലായി ബിജെപിക്കെതിരെ ഉപയോഗിക്കണം. അതുവഴി ഒറ്റപ്പെടുത്താനാകണം.
സിപിഎം ഇതിനെല്ലാം പറ്റുന്ന മഹാശക്തിയുള്ളവരാണെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ മതനിരപേക്ഷ നിലപാടിലൂടെയും മികച്ച സാമ്പത്തിക നയത്തിലൂടെയും ജനങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്റെ വിശ്വാസ്യത കൊടുമുടിയോളം വളര്‍ന്നു. പ്രാദേശിക ശക്തികള്‍ക്കൊപ്പം നിന്ന് മഹാശക്തി രൂപപ്പെടുത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായി.
ബിജെപിയുടെ അന്വേഷണ ഏജന്‍സികളെപ്പോലും അതിനായി ഉപയോഗിച്ചു. വലത് പക്ഷ മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് തുടര്‍ന്നു. എല്ലാവരും ചേര്‍ന്ന് എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തി. എല്‍ഡിഎഫിന് വിശ്വാസ തകര്‍ച്ചയുണ്ടാകുമെന്ന് ഇക്കൂട്ടര്‍ കരുതിയെങ്കിലും ജനങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. എല്‍ഡിഎഫ് നടത്തിയ വികസന പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമെന്ന് എതിരാളികള്‍ക്ക് മനസിലായി. അതു കൊണ്ട് ഇനിയൊരു വികസനവും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് അവര്‍ തീരുമാനിച്ചു.
കെ റെയിലിനെയും ഇക്കൂട്ടര്‍ എതിര്‍ക്കുകയാണ്. ഒരു നാടിനു വികസനം വേണ്ട എന്നാണ് നിലപാട്. ഇതിലും വലിയ ദ്രോഹമുണ്ടോ. നിങ്ങള്‍ വേണ്ടെന്ന് വച്ച എന്തെല്ലാം ഇന്ന് യാഥാര്‍ത്ഥ്യമായി. ജനം കക്ഷി വ്യത്യാസമന്യേ പദ്ധതിയെ അനുകൂലിക്കുന്നു. ഭൂമിയെടുക്കുമ്പോഴുള്ള പ്രയാസം മനസിലാക്കാനും പരിഹാരം കാണാനുമുള്ള നടപടിയാണ് വേണ്ടത്. ഏതെങ്കിലും നിക്ഷിപ്ത താല്പര്യക്കാര് എതിര്‍ക്കാന്‍ വന്നാല്‍ ജനം അത് അംഗീകരിക്കില്ല. സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ വികസനം തടയുന്നത് നാടിനെ പിന്നോട്ടടിക്കുമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ജനത്തോട് ചെയ്യുന്ന ദ്രോഹമാണ്. നാളത്തെ തലമുറയോട് ഉത്തരം പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാധിഷ്ഠിതമായ പുരോഗതി നാട്ടില്‍ സംഭവിച്ചില്ലെങ്കില്‍ വരും തലമുറ നമ്മേ വെറുക്കും. പുരോഗതി തടയുന്നതിന് മനഃപൂര്‍വം ശ്രമം നടക്കുന്നു. വികസന പദ്ധതികള്‍ ജനം എതിര്‍ക്കില്ല. യുഡിഎഫ് വേണ്ടെന്നുവച്ച പല പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.