സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പാര്‍ട്ടിക്കും കെ- റെയിലിനുമെതിരെ രൂക്ഷവിമര്‍ശനം
കോഴിക്കോട്: സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനം. അലന് താഹ, ശുഹൈബ് എന്‍ഐഎ കേസിലും കെ റെയില്‍ പദ്ധതിയിലും സര്‍ക്കാരിനും പൊലീസ് വകുപ്പിനും എതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്നുണ്ടായത്.
മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും സാന്നിധ്യത്തിലാണ് വിവിധ വിഷയങ്ങളില്‍ പ്രതിനിധികളില്‍ നിന്നും വിമര്‍ശനം ഉണ്ടായത്. സഖാക്കള്‍ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങളില്‍ പോലും പൊലീസ് അനീതിയാണ് കാണിക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കുന്ന സാഹചര്യമുണ്ടെന്നും പേരാമ്പ്രയില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശനം ഉയര്‍ത്തി.
യുഎപിഎ ചുമത്തുന്നതില്‍ ദേശീയനയം തന്നെയാണോ സംസ്ഥാനത്ത് പാര്‍ട്ടി നടപ്പാക്കുന്നതെന്ന് കോഴിക്കോട് നോര്‍ത്തില്‍ നിന്നുള്ള പ്രതിനിധി ചോദിച്ചു. അലന് താഹ - ശുഹൈബ് ഫസല്‍ കേസിനെക്കുറിച്ചായിരുന്നു ഈ ചോദ്യം. ഇവര്‍ക്കെതിരെ എന്ത് തെളിവാണുള്ളതെന്ന് ഇതുവരെ പൊലീസിന് വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും വിമര്‍ശനം ഉണ്ടായി.
മറ്റു ജില്ലാ സമ്മേളനങ്ങളില്‍ എന്ന പോലെ കെ റെയില്‍നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കിയാണ് സമ്മേളനം തുടങ്ങിയതെങ്കിലും കോഴിക്കോട് സൗത്തിലേയും കൊയിലാണ്ടിയിലേയും സമ്മേളന പ്രതിനിധികള്‍ കടുത്ത വിമര്‍ശനം പദ്ധതിക്കെതിരെ ഉണ്ടായി. ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുത്തതില്‍ തന്നെ പലതരം പ്രശ്നങ്ങളുണ്ടെന്നും ഇതേ നിലയിലാണ് കെ റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതെങ്കില്‍ കടുത്ത തിരിച്ചടിയുണ്ടാവുമെന്നും വിമര്‍ശനമുയര്‍ന്നു.
2016-ല്‍ കുറ്റ്യാടിയില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ അന്ന് ശക്തമായ നടപടി എടുക്കാതിരുന്നത് പിന്നീട് അവിടെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് കാരണമായതെന്ന് വിമര്‍ശനം ഉണ്ടായി. കുറ്റ്യാടിയിലും വടകരയിലും പാര്‍ട്ടിയില്‍ ?ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് സമ്മേളനത്തില്‍ വിമശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ വടകരയിലെ പാര്‍ട്ടി നല്കിയവോട്ടുകണക്കുകള് എല്ലാം തെറ്റിയെന്നും വിമര്‍ശനമുണ്ടായി.
വലിയ തോതില്‍വിമതസ്വരം ഉയരില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. ജില്ലാ - സംസ്ഥാന നേതൃത്വത്തോട് വിയോജിപ്പുള്ളവരെ ഏരിയ, ലോക്കല്‍ സമ്മേളനങ്ങളില്‍ തന്നെ മാറ്റി നിര്‍ത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മേളനത്തില്‍ ഒരേസമയം പങ്കെടുക്കുന്നുണ്ട്.