കോട്ടയത്തെ വൈഫ് സ്വാപ്പിംഗ് കേസ് : നിയമത്തിന്റെ വഴിയേ തിമിംഗലങ്ങൾ പുറത്തേക്ക്
കോട്ടയം: കറുകച്ചാലിൽ നിന്നുള്ള വൈഫ് സ്വാപ്പിംഗ് കേസിൽ സെക്സ് റാക്കറ്റെന്ന പ്രചരണം തള്ളി കോട്ടയം ജില്ലാ പൊലീസ് മേധാവി. സംഭവത്തിന് പിന്നിൽ പരാതിക്കാരിയുടെ ഭർത്താവിന്റെ മനോവൈകൃതം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. പരാതിയിൽ 9 പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. 6 പേരെ പിടികൂടുകയും ചെയ്തു. ഈ 9 പേർക്കൊപ്പം ഇവരിൽ 4 പേരുടെ ഭാര്യമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
എന്നാൽ പരസ്പര സമ്മതത്തോടെയുള്ള ഇവരുടെ ബന്ധത്തിന്റെ പേരിൽ പൊലീസിനു കേസെടുക്കാനാവില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മാത്രമാണിപ്പോൾ കേസ് നിലനിൽക്കുക. ആ കേസ് കേസിന്റെ വഴിക്ക് തന്നെ പോകും പ്രതികൾക്ക് പണിയും കിട്ടും. പക്ഷേ ചിലതൊക്കെയുണ്ട്. എത്ര വലിയ തിമിംഗലങ്ങൾ ഈ കേസിലുണ്ടെങ്കിലും അവർ പൊലീസിന്റെ വല ഭേദിച്ച് പുറത്തേക്ക് രക്ഷപെടും.
നിയമ വഴി:
ഇതേ വരെ അറസ്റ്റിലായ പ്രതികളുടെ ഭാര്യമാരിൽ നിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൊലീസിന് കപ്പിൾ സ്വാപ്പിംഗിൽ കേസെടുക്കാനാവില്ല.
നിലവിലുള്ള കേസിൽ ഒരു പരാതിക്കാരി മാത്രമാണുള്ളത്. ഇവരെ ഭർത്താവ് നിർബന്ധപൂർവം ഒൻപത് പേർക്കു കാഴ്ച വച്ചുവെന്നാണ് പരാതി. ഭർത്താവിന്റെ അതിക്രമത്തിൽ ഭാര്യയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ മറ്റു സ്ത്രീകൾക്ക് ആർക്കും നിലവിൽ പരാതിയില്ല. ഇവർ സമ്മതത്തോടെയാണ് വൈഫ് സ്വാപ്പിംഗിൽ പങ്കെടുത്തത്. അതുകൊണ്ടു തന്നെ മറ്റു സ്ത്രീകളുടെ പരാതിയില്ലാതെ വൈഫ് സ്വാപ്പിംഗ് പൊലീസിന് ഒന്നും ചെയ്യാനാവില്ല.
പൂട്ടിലായി പൊലീസ്:
അറസ്റ്റിലായ പ്രതികളുടെ ഭാര്യമാരിൽ നിന്നും പരാതി ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്തിയാൽ പോലും പരാതിയുണ്ടോ എന്ന് പൊലീസിനു ചോദിക്കാനും സാധിക്കില്ല. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടാത്തതിനാൽ വിഷയത്തിൽ മറിച്ചുള്ള നടപടികളൊന്നും പൊലീസിനു സ്വീകരിക്കാനും സാധിക്കുന്നില്ല. നിലവിൽ ഒരാളുടെ പരാതി മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഈ പരാതിയുടെ പുറത്താണ് ബലാത്സംഗത്തിന് കേസെടുത്തതെന്നും പിന്നിൽ സെക്സ് റാക്കറ്റുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി.ശില്പ പറയുന്നു.
ചങ്ങനാശേരി സ്വദേശിനിയായ യുവതിയെ ഭർത്താവ് നിർബന്ധപൂർവം പലർക്കായി കാഴ്ച വച്ചതായാണ് പരാതി ഉയർന്നത്. കറുകച്ചാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് അടക്കം ആറു പേരെ അറസ്റ്റ് ചെയ്തു. ഇനി മൂന്നു പേരെ കൂടി കേസിൽ അറസ്റ്റ് ചെയ്യാനുണ്ട്. പൊലിസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ കൂടുതൽ അന്യോഷണം ഉണ്ടാവും.