കൊവിഡ് രൂക്ഷം; സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നാളെ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് യോഗം വിളിച്ചുചേര്‍ത്തത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ മന്ത്രി അവതരിപ്പിക്കും.
രാജ്യത്ത് 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. മരണവും കൂടുന്നു.24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 40,863 പേര്‍ക്ക് രോഗ മുക്തി. 327 പേര് മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെയായി 3,623 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 1,009 പേര്‍ക്ക് രോഗം കണ്ടെത്തി. കേരളം അഞ്ചാം സ്ഥാനത്താണ്. 333 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെയായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
നിലവില്‍ 5,90,611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 3,44,53,603 പേര് രോഗ മുക്തരായി. ആകെ മരണം 4,83,790. രാജ്യത്ത് ഇതുവരെയായി 151.58 കോടി ആളുകള്‍ വാക്സിന് സ്വീകരിച്ചു.