തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിനെയും കാത്ത് യുഡിഎഫ്
കൊച്ചി :മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി വർക്കിംഗ് പ്രസിഡൻറും എം എൽ എ യുമായിരുന്ന പി ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുവാൻ പോകുന്ന തൃക്കാക്കര മണ്ഡലത്തിൽ പി ടി യു ടെ ഭാര്യ ഉമ തോമസിനെ രംഗത്തിറക്കി സീറ്റ് നില നിർത്താൻ യു ഡി എഫ് ക്യാമ്പിൽ ആലോചനകൾ തുടങ്ങി. എന്നാൽ പി ടി യുടെ മരണാനന്തര കർമ്മങ്ങളെല്ലാം തീർന്നതിന് ശേഷമേ ഉമയിൽ നിന്നും ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് അറിയാൻ കഴിയുന്നത്. മണ്ഡലത്തിലുടനീളം പി ടി ക്കുണ്ടായിരുന്ന വ്യക്തി ബന്ധങ്ങളും, സ്വീകാര്യതയുമെല്ലാം കുടുംബത്തിൽ നിന്ന് ഒരാൾ മത്സരിച്ചാൽ വോട്ടാക്കി മാറ്റി അനായാസേനയുള്ള വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
പി ടി കടുത്ത എ ഗ്രൂപ്പ് നേതാവായിരുന്നെങ്കിലും ഭാര്യ മത്സരിച്ചാൽ ഗ്രൂപ്പുകൾക്കതീതമായുള്ള പ്രവർത്തനവും ഏകോപനവും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. മാത്രമല്ല ജില്ലയിൽ യുഡിഎഫ് ന് വനിതാ എംഎൽഎ മാരില്ലെന്ന പരാതിയും ഉമയുടെ വിജയത്തോടെ പരിഹരിക്കാനാകുമെന്നാണ് ലക്ഷ്യം വയ്ക്കുന്നത്. ഇക്കുറി പതിവിൽ നിന്ന് വ്യത്യസ്തമായി ബൂത്ത്, മണ്ഡലം കമ്മിറ്റികൾ സജീവമാകാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകി കഴിഞ്ഞു.ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി ചുമതലയേറ്റ മുഹമ്മദ് ഷിയാസിന്റെ അഭിമാന പ്രശ്നം കൂടിയാണ് തൃക്കാക്കര സീറ്റ് നിലനിർത്തുക എന്നത് ഡിസിസി പ്രസിഡന്റുമാരിലെ റാങ്കിംഗിൽ മുന്നിൽ നിൽക്കുന്ന മുഹമ്മദ് ഷിയാസ് ഏറ്റെടുക്കുന്ന എറ്റവും വലിയ വെല്ലുവിളി കൂടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് .
ഭരണത്തുടർച്ച ലഭിച്ച പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ കുറഞ്ഞൊന്നും യുഡിഎഫിന് ചിന്തിക്കാൻ പോലും കഴിയില്ല. പ്രതിപക്ഷ നേതാവായ വി ഡി സതീശന്റെ സ്വന്തം തട്ടകമായ എറണാകുളം ജില്ലയിലെ ഈ ഉപതെരഞ്ഞെടുപ്പിനെ അതീവ രാഷ്ടീയ പ്രാധാന്യത്തോടെയാവും കേരളം ഉറ്റുനോക്കാൻ പോകുന്നത്. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ചുള്ള ആധികാരിക ചർച്ചകളിലേക്ക് യുഡിഎഫ് നേതൃത്വം കടന്നിട്ടില്ലെങ്കിലും ഉമയുടെ സ്ഥാനാർത്ഥിത്വം ഹൈബി ഈഡൻ എം പി ഉൾപ്പെടെയുള്ള ജില്ലയിലെ പല നേതാക്കളും മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു. എന്നാൽ ഉമ തോമസ് മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെങ്കിൽ മറ്റ് ചില പേരുകളും ചർച്ചയാകുന്നുണ്ട്.
ഈയിടെ മഹിളാ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ജെബി മേത്തർ, മുൻ മേയർ സൗമിനി ജയിൻ, കൗൺസിലർ സിമിറോസ് ബെൽ, തുടങ്ങിയ വനിതാ നേതാക്കളുടെ പേരുകൾക്ക് പുറമേ സീനിയർ നേതാവായ പ്രൊഫസർ കെ വി തോമസ്, മുൻ മേയർ ടോണി ചമ്മിണ്ണി എന്നിവർക്കൊപ്പം പാർലമെന്ററി രംഗത്ത് ഇതുവരെ ഒരു അവസരവും ലഭിക്കാത്ത ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും പേര് ചർച്ചയാവുന്നുണ്ട്. എന്നാൽ ചിലർ രഹസ്യമായും രംഗത്തുണ്ട്. എൽ ഡി എഫ് ക്യാമ്പും ഉപ തെരഞ്ഞെടുപ്പിനായി ഉണർന്നു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച എൽ ഡി എഫ് തരംഗത്തിൽ തൃക്കാക്കരയിൽ വേണ്ട രീതിയിൽ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കാത്തതിന്റെ പേരിൽ ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളായ മണിശങ്കറും കെ ഡി വിൻസെന്റ് ഉൾപ്പെടെയുള്ളവർ അച്ചടക്ക നടപടി നേരിട്ട മണ്ഡലം കൂടിയാണിത്.അന്ന് ശ്രദ്ധക്കുറവുണ്ടായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇക്കുറി തൃക്കാക്കര പിടിക്കാൻ കരുത്തനായ സംസ്ഥാന നേതാവ് വരുമോ എന്നതാണ് പാർട്ടി അണികൾ ഉറ്റുനോക്കുന്നത്.
തൊട്ടടുത്ത മണ്ഡലമായ തൃപ്പൂണിത്തുറയിൽ നിസ്സാര വോട്ടുകൾക്ക് പരാജയപ്പെട്ട എം സ്വരാജിന്റെ പേര് കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹം താത്പര്യം കാണിക്കുന്നില്ലെന്നാണ് അറിവ്.സംസ്ഥാന നേതാക്കളാരും എത്തിയില്ലെങ്കിൽ പി ടി ക്കെതിരെ മത്സരിച്ച ഡോ ജെ ജേക്കബിന് ഒരു അവസരം കൂടി ലഭിച്ചേക്കും. പാർട്ടി സംഘടനാ സംവിധാനം അതിന്റെ പൂർണ്ണതയിൽ പ്രവർത്തിച്ച് തൃക്കാക്കര തിരിച്ച് പിടിക്കാമെന്ന് എൽഡിഎഫും കണക്ക് കൂട്ടുന്നു. ബിജെപിക്ക് വലിയ സ്വാധീനം ഇല്ലാത്ത മണ്ഡലമാണിത് എങ്കിലും 15483 വോട്ടുകൾ അവർ നേടിയിരുന്നു.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്നും ഏവരും ഉറ്റുനോക്കുന്നത് കിറ്റെക്സ് എം ഡി സാബു എം ജേക്കബ് നേതൃത്വം കൊടുക്കുന്ന ജനകീയ കൂട്ടായ്മയായ ട്വന്റി - ട്വന്റി, ഇക്കുറി മത്സര രംഗത്തുണ്ടാകുമോ എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി-ട്വന്റി 13897 വോട്ടുകൾ നേടി മണ്ഡലത്തിൽ കരുത്ത് കാട്ടിയിരുന്നു. ടെറി തോമസായിരുന്നു സ്ഥാനാർത്ഥി. എന്നാൽ സാബു എം ജേക്കബിനെ സംബന്ധിച്ച് അന്നുണ്ടായ രാഷ്ടീയ സാഹചര്യമല്ല ഇപ്പോൾ. അടുത്തിടെ കിറ്റെക്സിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും ഒരുപോലെ സാബുവിനെതിരെ ആഞ്ഞടിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
ഇരു മുന്നണികളെയും വെല്ലുവിളിച്ച് മത്സരിച്ചാൽ കഴിഞ്ഞ തവണ ലഭിച്ച വോട്ടെങ്കിലും നേടാനായില്ലെങ്കിൽ നാണക്കേടാവും. അതിനാൽ ഉപതെരഞ്ഞെടുപ്പിൽ അവർ മത്സരിക്കാൻ സാധ്യത കുറവാണ്.അങ്ങനെയെങ്കിൽ അവർ പിടിച്ച പതിനാലായിരത്തോളം വോട്ടുകൾ ഇക്കുറി ആർക്ക് പോകും എന്നതും നിർണ്ണായകമാണ്.
ട്വന്റി-ട്വന്റി ഉയർത്തിയ ശക്തമായ വെല്ലുവിളികൾക്കിടയിലും 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി ടി തോമസ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്.