അൾസർ ഇത്രയും മാരകമോ...
ആമാശയത്തിന്റെയോ ചെറുകുടലിന്റെയോ പാളിയിലുണ്ടാകുന്ന വ്രണങ്ങളാണ് അൾസർ. അന്നനാളത്തിലും (തൊണ്ടയിൽ) വ്രണങ്ങൾ ഉണ്ടാകാറുണ്ട്. മിക്ക അൾസറുകളും ചെറുകുടലിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വ്രണങ്ങളെ ഡുവോഡിനൽ അൾസർ എന്ന് വിളിക്കുന്നു.
വയറ്റിലെ അൾസർ/ ആമാശയ അൾസർ
ആമാശയ പാളിയിൽ കാണപ്പെടുന്ന വ്രണങ്ങളെ ആമാശയ അൾസർ എന്ന് വിളിക്കപ്പെടുന്നു. വയറ്റിലെ അൾസർ ഒരു തരം പെപ്റ്റിക് അൾസർ രോഗമാണ്. ആമാശയത്തെയും ചെറുകുടലിനെയും ബാധിക്കുന്ന അൾസറാണ് പെപ്റ്റിക് അൾസർ എന്നറിയപ്പെടുന്നത്.
ദഹനരസങ്ങളിൽ നിന്ന് വയറിനെ സംരക്ഷിക്കുന്ന മ്യൂക്കസിന്റെ കട്ടിയുള്ള പാളിയുടെ കനം കുറയുമ്പോഴാണ് വയറിലെ അൾസർ ഉണ്ടാകുന്നത്.
ശരിയായ സമയത്ത് വയറ്റിലുണ്ടാകുന്ന അൾസർ കണ്ടെത്താൻ കഴിഞ്ഞാൽ എളുപ്പത്തിൽ സുഖപ്പെടുത്താവുന്നതാണ്. കൃത്യമായ ചികിത്സ നടത്തിയില്ലെങ്കിൽ ഇവ ഗുരുതരമാകാറുണ്ട്.
വയറ്റിലെ അൾസറിന് കാരണം
ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയവുമായുള്ള അണുബാധ
ആസ്പിരിൻ, ഐബുപ്രോഫെൻ അല്ലെങ്കിൽ നാപ്രോക്സെൻ പോലുള്ള നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളുടെ (NSAID-കൾ) ദീർഘകാല ഉപയോഗം
അപൂർവ്വമായി, Zollinger-Ellison syndrome എന്നറിയപ്പെടുന്ന ഒരു അവസ്ഥ ശരീരത്തിലെ ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിച്ച് വയറിലും കുടലിലും അൾസറിന് കാരണമാകാറുണ്ട്. ഈ സിൻഡ്രോം എല്ലാ പെപ്റ്റിക് അൾസറുകളിലും ഒരു ശതമാനത്തിൽ താഴെ മാത്രമേ ഉണ്ടാകാറുള്ളൂ.
വയറ്റിലെ അൾസറിന്റെ ലക്ഷണങ്ങൾ
വയറ്റിലെ അൾസറുമായി ബന്ധപ്പെട്ട നിരവധി ലക്ഷണങ്ങൾ ഉണ്ട്. രോഗലക്ഷണങ്ങളുടെ തീവ്രത അൾസറിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങളുടെ നെഞ്ചിനും വയറിനുമിടയിലുള്ള ഭാഗത്ത് നടുവിലായി ശക്തമായ വേദന അനുഭവപ്പെടുന്നതാണ് സാധാരണയായി കണ്ടു വരാറുള്ള ലക്ഷണം. സാധാരണഗതിയിൽ, വയർ ശൂന്യമാകുമ്പോൾ വേദന കൂടുതൽ തീവ്രമായിരിക്കും, ഈ വേദന കുറച്ച് മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ നീണ്ടുനിൽക്കാറുണ്ട്.
അൾസറിന്റെ മറ്റ് സാധാരണ ലക്ഷണങ്ങൾ
- വയറ്റിൽ അനുഭവപ്പെടുന്ന ചെറിയ വേദന
- ഭാരക്കുറവ്
- വേദന കാരണം ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരിക
- ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
- വീർപ്പുമുട്ടൽ
- എളുപ്പത്തിൽ വയർ നിറഞ്ഞതായി തോന്നുന്നത്
- ബർപ്പിംഗ് അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ്
- നെഞ്ചെരിച്ചിൽ
- ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ വേദന കൂടുതലായി അനുഭവപ്പെടുക
- വിളർച്ച, ക്ഷീണം, ശ്വാസതടസ്സം, ചർമ്മം വിളറിയിരിക്കൽ
- ഇരുണ്ട, ടാറി മലം
- രക്തം കലർന്നതോ കാപ്പിപ്പൊടി പോലെയുള്ളതോ ആയ ഛർദ്ദി
വയറ്റിലെ അൾസറിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. നേരിയ രീതിയിലുള്ള അസ്വാസ്ഥ്യമാണെങ്കിൽ പോലും ചികിത്സിച്ചില്ലെങ്കിൽ കൂടുതൽ വഷളാകും. രക്തസ്രാവമുള്ള അൾസർ ജീവന് തന്നെ ഭീഷണിയുണ്ടാക്കുന്നു.
വയറ്റിലെ അൾസർ എങ്ങനെ നിർണ്ണയിക്കാം
രോഗനിർണയവും ചികിത്സയും ലക്ഷണങ്ങളെയും അൾസറിന്റെ തീവ്രതയെയും ആശ്രയിച്ചിരിക്കും. വയറ്റിലെ അൾസർ നിർണ്ണയിക്കാനായി രക്തം, മലം അല്ലെങ്കിൽ ശ്വാസോച്ഛ്വാസം തുടങ്ങിയവയുടെ പരിശോധനകൾ നടത്താറുണ്ട്. എച്ച്. പൈലോറി ഉണ്ടെങ്കിൽ, ശ്വസന സാമ്പിളിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കും.
വയറ്റിലെ അൾസർ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന മറ്റ് പരിശോധനകൾ
ബേരിയം വിഴുങ്ങൽ: ഒരു കട്ടിയുള്ള വെളുത്ത ദ്രാവകം (ബേരിയം) കുടിക്കുന്നു, അത് മുകളിലെ ദഹനനാളത്തെ പൊതിഞ്ഞ് വയറും ചെറുകുടലും എക്സ്-റേയിൽ കാണാൻകഴിയത്തക്ക രീതിയിൽ ഡോക്ടറെ സഹായിക്കുന്നു.
എൻഡോസ്കോപ്പി (EGD): നേർത്തതും പ്രകാശമുള്ളതുമായ ഒരു ട്യൂബ് വായിലൂടെ ആമാശയത്തിലേക്കും ചെറുകുടലിന്റെ ആദ്യ ഭാഗത്തിലേക്കും കടത്തിവിടുന്നു. അൾസർ, രക്തസ്രാവം, എന്നിവ പരിശോധിക്കാൻ ഈ പരിശോധന സാധാരണയായി ഉപയോഗിച്ച് വരുന്നു.
എൻഡോസ്കോപ്പിക് ബയോപ്സി: വയറ്റിലെ കലകളുടെ ഒരു കഷണം നീക്കംചെയ്യുകയും തുടർന്ന് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.
വയറ്റിലെ അൾസർ ചികിത്സ
അൾസറിന്റെ കാരണത്തെ ആശ്രയിച്ച് ചികിത്സ വ്യത്യാസപ്പെടും. മിക്ക അൾസറുകളും ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് ചികിത്സിക്കാം, അപൂർവ സന്ദർഭങ്ങളിൽ മാത്രം ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.അൾസറാണെന്ന് ബോധ്യപ്പെട്ടാൽ ഉടനടി ചികിത്സിക്കേണ്ടത് പ്രധാനമാണ്. തുടർച്ചയായി രക്തസ്രാവമുള്ള അൾസറാണ് ഉള്ളതെങ്കിൽ, എൻഡോസ്കോപ്പി, IV അൾസർ മരുന്നുകൾ എന്നിവ ഉപയോഗിച്ച് തീവ്രമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാറുണ്ട്.
നോൺസർജിക്കൽ ചികിത്സ
വയറ്റിലെ അൾസർ എച്ച്. പൈലോറിയുടെ ഫലമാണെങ്കിൽ, ആൻറിബയോട്ടിക്കുകളും പ്രോട്ടോൺ പമ്പ് ഇൻഹിബിറ്ററുകൾ (പിപിഐകൾ) എന്ന മരുന്നുകളുമാണ് സാധാരണയായി നൽകി വരുന്നത്. പിപിഐകൾ ആസിഡ് ഉൽപ്പാദിപ്പിക്കുന്ന ആമാശയ കോശങ്ങളെ തടയുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം
ഭക്ഷണക്രമം തെറ്റുന്നതും അൾസറിന് കാരണമാകാറുണ്ട്. എന്നാൽ ഇക്കാരണം കൊണ്ടു മാത്രമല്ല അൾസർ ഉണ്ടാകുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യത്തിനും ശരീരം മുഴുവനായുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.ധാരാളം പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
അതായത്, എച്ച്.പൈലോറി ഇല്ലാതാക്കുന്നതിൽ ചില ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. എച്ച്. പൈലോറിയെ ചെറുക്കാനോ ശരീരത്തിന്റെ ആരോഗ്യകരമായ ബാക്ടീരിയകളെ വർദ്ധിപ്പിക്കാനോ സഹായിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് താഴെ ചേർക്കുന്നു
ബ്രോക്കോളി, കോളിഫ്ലവർ, കാബേജ്, മുള്ളങ്കി
ചീര, കാലെ തുടങ്ങിയ ഇലക്കറികൾ
സോർക്രാട്ട്, മിസോ, കോംബൂച്ച, തൈര് (പ്രത്യേകിച്ച് ലാക്ടോബാസിലസ്, സച്ചറോമൈസസ് എന്നിവയോടൊപ്പം) പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ
ആപ്പിൾ
ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി
ഒലിവ് എണ്ണ
വയറ്റിലെ അൾസർ ഉള്ള ആളുകൾക്ക് ആസിഡ് റിഫ്ലക്സ് രോഗം ഉണ്ടാകാനിടയുള്ളതിനാൽ, അൾസർ സുഖപ്പെട്ടതിന് ശേഷം എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്.