ലെനവൊയുടെ ക്രിസ്മസ് സമ്മാനം; കാത്തിപ്പിന് വിരാമമിട്ട് മോട്ടോ M ഡിസംബര്‍ 13 ന് ഇന്ത്യയിലെത്തും
കാത്തിരിപ്പിന് വിരാമമിട്ട് ലെനവൊയുടെ മോട്ടോ M (Moto M) ഇന്ത്യന്‍ വിപണയിലേക്ക്. ഡിസംബര്‍ 13 ന് ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോട്ടോ ശ്രേണിയിലെ ഏറ്റവും പുതിയ അതിഥിയായ മോട്ടോ M അടുത്തിടെയാണ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നത്.
ഗൂഗിളില്‍ നിന്നും മോട്ടോറോളയുടെ അധികാരം പിടിച്ചെടുത്ത ലെനവൊ (Lenovo), മോട്ടോ ശ്രേണിയിലൂടെ വിപണി പിടിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. ഔദ്യോഗികമായി നേരത്തെ, ചൈനയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ലെനവൊ P2 (Lenovo P2) മോഡലിനൊപ്പം മോട്ടോ M (Moto M) നെയും, കമ്പനി അവതരിപ്പിച്ചിരുന്നു. ഏകദേശം 19700 രൂപ നിരക്കിലാകും ഇന്ത്യന്‍ വിപണിയില്‍ മോട്ടോ M സാന്നിധ്യമറിയിക്കുക.
വ്യത്യസ്തമായ ചിലത് നിങ്ങളുടെ അടുക്കലേക്ക് വരുന്നൂവെന്ന് നേരത്തെ, ലെനവൊയുടെ കീഴിലുള്ള മോട്ടോറോള, മോട്ടോ M ന്റെ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തിരുന്നു.
ഫുള്‍ മെറ്റാലിക് ബോഡിയോടൊപ്പം ഇറങ്ങുന്ന മോട്ടോ M ന് ഭംഗിയേകി കൊണ്ട് മുകളിലും താഴെയുമായി ആന്റീന ബാന്‍ഡുകള്‍ ലെനവൊ നല്‍കിയിട്ടുണ്ട്. മോട്ടോ ശ്രേണിയിലെ രീതി പിന്തുടരുന്ന മോട്ടോ M ല്‍ വലത് ഭാഗത്തായാണ് ശബ്ദ നിയന്ത്രണ, പവര്‍ ബട്ടണുകളെ ലെനവൊ ഒരുക്കയിരിക്കുന്നത്. കൂടാതെ, നാവിഗേഷന്‍ ബട്ടണുകളെ സ്ക്രീനില്‍ തന്നെയാണ് മോട്ടോ M ലും ലെനവൊ നല്‍കിയിട്ടുള്ളത്. അതേസമയം, ഫിങ്കര്‍ പ്രിന്റ് സ്കാനറിനെ ബാക്ക് പാനലില്‍ ക്യാമറയ്ക്ക് തൊട്ട് താഴെയായി നല്കിയതിനാല്, ഇത്തവണ പ്രശസ്തമായ മോട്ടോയുടെ ലോഗോ വരുന്നത് ഏറ്റവും താഴെയായാണ്.
മധ്യ നിര ശ്രേണിയിലേക്ക് കണ്ണ് വെക്കുന്ന മോട്ടോ M ല്‍ 5.5 ഇഞ്ച് വരുന്ന ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. ഒപ്പം, 2.2 GHz ലുള്ള മീഡിയാ ടെക്ക് ഹീലിയോ P15 ഒക്ടാ കോര്‍ (MediaTek Helio P15 octa-core processor) പ്രോസസറിലാണ് മോട്ടോ M നെ ലെനവൊ ഒരുക്കിയിരിക്കുന്നത്. 4 ജിബി റാമില്‍ കരുത്തേകിയ മോട്ടോ M ല്‍, 32 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
ഡ്യൂവല്‍ എല്‍ഇഡി ഫ്ളാഷോട് കൂടിയ 16 മെഗാപിക്സല്‍ ക്യാമറയാണ് മോട്ടോ M ന്റെ പ്രധാന സവിശേഷത. കൂടാതെ, വീഡിയോ ചാറ്റുകള്‍ക്കും സെല്‍ഫികള്‍ക്കും വേണ്ടി ഫ്രണ്ട് സെന്‍സറോട് കൂടിയുള്ള 8 മെഗാപിക്സല്‍ സെക്കണ്ടറി ക്യാമറയാണ് ലെനവൊ മോട്ടോ M ല്‍ ഒരുക്കിയിരിക്കുന്നത്. 3050 mAh ബാറ്ററിയൊടൊപ്പം ഫാസ്റ്റ് ചാര്‍ജിങ്ങ് ഫീച്ചറും മോട്ടോ M ല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ, ഡബിള്‍ ലെയര്‍ നാനോ കോട്ടിങ്ങിലൂടെ മോട്ടോ M ന്റെ വാട്ടര്‍പ്രൂഫ് ഫീച്ചറിന് കൂടുതല്‍ നിലനില്പ് ലഭിക്കുന്നു.