വീട്ടിൽ ഉണ്ടാക്കാവുന്ന ഈ പാനീയങ്ങൾ മതി മഞ്ഞു കാലത്തെ തൊണ്ടവേദനയും ചുമയും പമ്പ കടക്കും
മഞ്ഞുകാലമായാൽ തൊണ്ടവേദനയും ചുമയും വരുന്നത് സർവ്വസാധാരണയാണ്. മഞ്ഞുകാലത്തിൽ ശരീരത്തിന് പോഷകങ്ങള്ക്കൊപ്പംതന്നെ ചൂടും ആവശ്യമാണ്. അതുപോലെത്തെന്നെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണം കഴിക്കേണ്ടതും ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമാണ്. കൊവിഡ് കാലമായതിനാൽ പ്രതിരോധ ശേഷിയുടെ കാര്യത്തിലും നമ്മൾ പിന്നോട്ട് പോവരുത്.
തൊണ്ട വേദനയും ചുമയും സമയത്തിന് ശുശ്രൂഷിച്ചില്ലെങ്കിൽ അവ ജീവിതത്തെ മോശമായി ബാധിക്കും. അതുകൊണ്ടു തന്നെ ഈ മഞ്ഞുകാല രോഗങ്ങൾ നമ്മളിൽ നിന്നും അകറ്റാൻ കുഞ്ഞൻ പൊടികൈകളൊക്കെ അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്.
മഞ്ഞുകാല രോഗങ്ങൾ തടയാൻ നമ്മൾ ചെയ്യേണ്ടത് രോഗപ്രതിരോധ ശേഷി കൂട്ടുക എന്നതാണ്. അതിനായി
ഇംഗ്ലീഷ് മരുന്നിനെ ആശ്രയിക്കാതെ നാടൻ രീതികൾ പരീക്ഷിക്കുന്നതാകും ഉത്തമം.
തൊണ്ട വേദനയും, ജലദോഷവും ആശ്വാസമാകാൻ ഈ പാനീയങ്ങള്‍ പരീക്ഷിച്ചുനോക്കൂ
1.ഒരു കപ്പ് പാല്, അര സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരല്പം നെയ്യും ചേര്‍ക്കാവുന്നതാണ്. നെയ് ചേര്‍ക്കുന്നതിലൂടെ തൊണ്ടയിലുള്ള അസ്വസ്ഥതയ്ക്ക് ശമനമുണ്ടാകും.
2.ഇഞ്ചി- പട്ട- ഇരട്ടിമധുരം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചായയാണ് മറ്റൊരു പാനീയം. ഇവ മൂന്നും അല്പാല്പമെടുത്ത് പൊടിച്ചത് ഒരു സ്പൂണോളം ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. 10 മിനുറ്റ് തിളപ്പിച്ച ശേഷം ദിവസത്തില്‍ രണ്ടോ മൂന്നോ നേരം കഴിക്കാവുന്നതാണ്.
3.ഇഞ്ചിയിട്ട് ഉണ്ടാക്കുന്ന ചായ പൊതുവേ ഇടയ്ക്കിടെ നമ്മള് കഴിക്കാറുള്ളതാണ്. ഇതും തൊണ്ടയ്ക്ക് വളരെ നല്ലതാണ്. അല്പം തേനും ചേര്‍ക്കാവുന്നതാണ്. പുതിനച്ചായയാണ് തൊണ്ടവേദനയും അസ്വസ്ഥതയും മാറാന്‍ ഉപകരിക്കുന്ന മറ്റൊരു പാനീയം. വെറുതെ വെള്ളം തിളപ്പിച്ച് അതിനകത്ത് പുതിനയിലകളിട്ട് അഞ്ച് മിനുറ്റ് വച്ച ശേഷം അത് കുടിക്കാവുന്നതാണ്.