ആന്‍ഡമാനില്‍ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ സുരക്ഷിതരെന്ന് രാജ്നാഥ് സിംഗ്
പോര്‍ട്ട് ബ്ലെയര്‍: ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളില്‍ കുടുങ്ങിപ്പോയ വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആരും പരിഭ്രാന്തരാകേണ്ടതില്ല. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞാലുടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അതിനായി നാവികസേന കപ്പലുകള്‍ പോര്ട്ട്ബ്ലെയറില് തയാറായിരിക്കുകയാണെന്നും രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.
ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍ക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് ഹാവ്ലോക്ക്, നെയില്‍ ദ്വീപുകളില്‍ 1400 വിനോദസഞ്ചാരികളാണ് കുടുങ്ങിയിരിക്കുന്നത്.ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ നാവികസേന നാലു കപ്പലുകള്‍ക്കു നിര്‍ദേശം നല്‍കിയെങ്കിലും മോശം കാലാവസ്ഥ കാരണം കപ്പലുകള്‍ക്ക് പുറപ്പെടാന്‍ സാധിച്ചിട്ടില്ല. ഐഎന്‍എസ് ബിത്ര, ഐഎന്‍എസ് ബങ്കാരം, ഐഎന്‍എസ് കുംഭിര്‍, എല്‍സിയു 38 എന്നീ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിനു തയാറെടുത്തിരിക്കുന്നത്.
ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ എന്നിവയ്ക്കു പുറമെ ഡോക്ടര്‍മാര്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരും അടങ്ങുന്ന സംഘമാണ് കപ്പലിലുള്ളതെന്ന് പ്രതിരോധ ഉദ്യോഗസ്ഥന് അറിയിച്ചു. ആന്‍ഡമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് നെയ്ല്‍, ഹാവ്ലോക്ക് ദ്വീപുകള്‍. ഹെലിക്കോപ്റ്ററുകളും കപ്പലുകളുമാണ് ഇവിടേക്ക് ആളുകളെയെത്തിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. കാലാവസ്ഥ മോശമായതിനാല്‍ ഈ മാര്‍ഗങ്ങളൊന്നും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല.
നിക്കോബാറില്നിന്ന് 260 കിലോമീറ്ററും പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 310 കിലോമീറ്ററും വിശാഖപട്ടണത്തുനിന്ന് 1180 കിലോമീറ്ററും അകലെയുണ്ടായ ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും പലയിടങ്ങളിലും കനത്ത മഴയുണ്ടാക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്കുന്നു.