പത്തനംതിട്ടയില്‍ 2018നു സമാനമായി കനത്തമഴ, ഡാമുകള്‍ തുറന്നേക്കും; വീണ്ടും പ്രളയ ഭീതി
പത്തനംതിട്ട: പത്തനംതിട്ടയില്‍ 2018നു സമാനമായി കനത്തമഴ തുടരുന്നു.12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഇതില്‍ ഷട്ടറുള്ള ആനത്തോട് ഡാമില്‍ ഇന്നലെ വൈകുന്നേരം റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴയ്ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്.
ശബരിമല നട ഇന്നു തുറക്കും. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മഴ ശക്തമായി തുറന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്. ഇന്നു പുലര്‍ച്ചയോടെയാണ് മഴ തുടങ്ങിയത്. ശക്തി ഒട്ടും കുറയാതെ ഒരേ നിലയിലാണ് കഴിഞ്ഞ 5 മണിക്കൂറായി മഴ പെയ്യുന്നത്.
അതേസമയം, വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരപ്രദേശങ്ങളിലും മലയോരമേഖലയിലും രാത്രി മുതല്‍ ശക്തമായ മഴയുണ്ട്. മലയോര മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം ഉണ്ട്. കേരള ലക്ഷദ്വീപ് കര്‍ണാടക തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.