ഭവാനിപുരിൽ മമതയ്ക്ക് കൂറ്റൻ ലീഡ്, ഒഡിശയിൽ ബിജെഡി തന്നെ
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി വൻ ലീഡ് നേടി കുതിക്കുന്നു. നാലു റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രെവാളിനെതിരേ 12,435 വോട്ടിന്റെ ലീഡുണ്ട് മമതയ്ക്ക്. ഒദ്യോഗിക കണക്കുപ്രകാരം നാലു റൗണ്ട് തീർന്നപ്പോൾ മമതയ്ക്ക് 16,397 വോട്ടും പ്രിയങ്കയ്ക്ക് 3,962 വോട്ടുമാണു ലഭിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ശ്രീജിബ് ബിശ്വാസിന് 315 വോട്ട് മാത്രം.
മൊത്തം 21 റൗണ്ടാണ് എണ്ണാനുള്ളത്. മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ മമതയ്ക്ക് ഇവിടെ വിജയം അനിവാര്യമാണ്. നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമുൽ വൻ വിജയം നേടിയെങ്കിലും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു.
ഭവാനിപ്പുരിനൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന സംസെർഗഞ്ച്, ജംഗിപ്പുർ മണ്ഡലങ്ങളിലും തൃണമുൽ മുന്നിട്ടു നിൽക്കുന്നതായാണ് ആദ്യ റിപ്പോർട്ടുകൾ. സംസെർഗഞ്ചിൽ തൃണമുലിന്റെ അമിറുൾ ഇസ്ലാം അഞ്ചു റൗണ്ട് കഴിഞ്ഞപ്പോൾ 3,768 വോട്ടിനു ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന്റെ സൈദുർ റഹ്മാനാണ് ഇവിടെ തൊട്ടടുത്ത എതിരാളി.
ജംഗിപ്പുരിൽ രണ്ടു റൗണ്ട് വോട്ടെണ്ണൽ തീർന്നപ്പോൾ തൃണമുൽ സ്ഥാനാർഥി ജാക്കിർ ഹുസൈൻ 4,715 വോട്ടുകൾക്കാണു മുന്നിൽ നിൽക്കുന്നത്. ബിജെപിയുടെ സുജിത് ദാസാണ് രണ്ടാം സ്ഥാനത്ത്. സെപ്റ്റംബർ 30നായിരുന്നു ഈ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പു നടന്നത്.
ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന ഒഡിശയിലെ പിപിലിയിൽ നാലു റൗണ്ട് എണ്ണിത്തീർന്നപ്പോൾ ഭരണകക്ഷി ബിജെഡിയുടെ രുദ്ര പ്രതാപ് മഹറാതി 5,140 വോട്ടിനു ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ അഷ്റിത് പ്ടനായിക്കാണ് എതിരാളി. കോൺഗ്രസ് സ്ഥാനാർഥി ഏറെ പിന്നിലാണ് ഇവിടെ.