അതീവ രഹസ്യമായി ഓപ്പറേഷൻ കനയ്യ: കെ.സി. വേണുഗോപാലിന്റെ ഗ്രാഫ് ഉയരുന്നു
ന്യൂഡൽഹി: ജെഎൻയു മുൻ വിദ്യാർഥി നേതാവും സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കനയ്യ കുമാറിനെ അടർത്തിയെടുത്ത്, രഹസ്യമായി ഓപ്പറേഷൻ നടത്താൻ കോൺഗ്രസ് നേതൃത്വവും പ്രാപ്തമാണെന്ന് തെളിയിച്ചതിലൂടെ കോൺഗ്രസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഗ്രാഫ് ഉയർന്നു.
മുൻപ് കോൺഗ്രസിനകത്തെ നീക്കങ്ങൾ ചോർത്തിയെടുക്കാൻ മാധ്യമങ്ങൾക്കും രാഷ്ട്രീയ പ്രതിയോഗികൾക്കും സാധിച്ചിരുന്നുവെങ്കിൽ, ആർക്കും സൂചന പോലും നൽകാതെയാണ് കനയ്യ കുമാറിനെപ്പോലെ ജനപ്രീതിയുള്ള യുവനേതാവിനെ കോൺഗ്രസിലെത്തിച്ചത്. കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിൽ കനയ്യ കുമാർ പാർട്ടിയിൽ ചേർന്ന ചടങ്ങിൽ സന്നിഹിതനായിരുന്ന ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ എംഎൽഎയായ അദ്ദേഹത്തിന് ഇപ്പോൾ കോൺഗ്രസിൽ ചേരാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ഇവർക്കു പിന്നാലെ യുപിയിലെ ദളിത് പ്രക്ഷോഭകാരി ചന്ദ്രശേഖർ ആസാദും കോൺഗ്രസിലെത്തുമോ എന്നതാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
രാജ്യത്തുടനീളം യുവാക്കളെയും പുരോഗമന ചിന്താഗതിക്കാരെയും ത്രസിപ്പിച്ച കനയ്യ കുമാർ മോദി സർക്കാരിന്റെയും ബിജെപിയുടെയും കണ്ണിലെ കരടാണ്. ബിജെപിയുടെ വർഗീയ നിലപാടുകൾക്ക് എതിരെ പോരാടാൻ ദേശീയതലത്തിൽ പ്രായോഗികമായി സാധിക്കുന്നത് രാജ്യവ്യാപകമായി വേരുകളുള്ള കോൺഗ്രസിനാണെന്ന് കനയ്യയെ ബോധ്യപ്പെടുത്തുകയാണെന്നാണ് രാഹുൽ ആദ്യം ചെയ്തത്. തുടർന്നുള്ള കരുക്കൾ നീക്കാൻ രാഹുൽ ഏല്പിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണ്.
കനയ്യ കുമാറിനെ അടർത്തിയെടുത്ത് കോൺഗ്രസിലെത്തിക്കുക എന്നത് ഏറെ കടമ്പകളുള്ള ദൗത്യമായിരുന്നു. സിപിഐയുടെ ദേശീയ നേതാവായ അദ്ദേഹത്തിനും ആ ബന്ധങ്ങൾ മുറിക്കുക എന്നത് എളുപ്പമായിരുന്നില്ല. അതീവ രഹസ്യമായി മൂന്നു മാസത്തിലേറെ നീണ്ട ശ്രമമാണ് അണിയറയിൽ നടന്നത്. വിരലിലെണ്ണാവുന്ന നേതാക്കൾക്കു മാത്രമേ ഇക്കാര്യം അറിയാമായിരുന്നുള്ളൂ. ഈ നീക്കങ്ങൾ മണത്തറിഞ്ഞ കോൺഗ്രസിലെ ജി 23 ഗ്രൂപ്പ് ശക്തമായി എതിർപ്പ് ഉന്നയിച്ചെങ്കിലും വിലപ്പോയില്ല.
യുവ നേതാക്കൾ പാർട്ടിയിലേക്ക് വന്നാൽ അവർക്കു നൽകേണ്ട പദവികൾ സംബന്ധിച്ച് സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരം രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ജെഎൻയു സമരമുഖത്തു നിന്ന് ലക്ഷക്കണക്കിന് യുവാക്കളുടെ ആവേശമായി പടർന്നു കയറാൻ സാധിച്ച കനയ്യയുടെ വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ മറ്റ് നേതാക്കളെ ബോധ്യപ്പെടുത്തി.
ചർച്ചകളും ധാരണകളുമെല്ലാം രൂപപ്പെടുത്തിയത് രാഹുലിന്റെ മേൽനോട്ടത്തിലായിരുന്നു. എല്ലാം രഹസ്യമാക്കി വച്ചു. രണ്ടാഴ്ച മുമ്പ് കനയ്യ കുമാർ തുഗ്ലക് ലൈനിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചർച്ചയ്ക്കെത്തിയപ്പോൾ മാത്രമാണ് മാധ്യമങ്ങൾ വിവരം അറിഞ്ഞത്. എന്നിട്ടും കനയ്യയോ, മേവാനിയോ, കോൺഗ്രസ് നേതൃത്വമോ പരസ്യ പ്രതികരണത്തിന് തയാറായില്ല. സിപിഐ ദേശീയ നേതൃത്വം വാർത്ത നിഷേധിക്കുകയും ചെയ്തു.
സമാന അവസ്ഥയായിരുന്നു ജിഗ്നേഷ് മേവാനിയുടേതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസുമായി സഹകരിച്ചാണ് മത്സരിച്ചു ജയിച്ചതെങ്കിലും സ്വതന്ത്രാംഗം എന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിച്ചത്. കോൺഗ്രസ് പോലൊരു വിശാലമായ പ്ലാറ്റ്ഫോമിലെത്തിയാൽ ബിജെപിക്കെതിരായ പോരാട്ടം കനപ്പിക്കാമെന്ന് അദ്ദേഹത്തെയും ബോധ്യപ്പെടുത്തി.
രാജ്യത്താകമാനം ദളിത് മുന്നേറ്റത്തിന് ശക്തിപകരാൻ ജിഗ്നേഷ് മേവാനിക്ക് സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. തുടർന്ന് ബിഹാറിലെയും ഗുജറാത്തിലെയും കോൺഗ്രസ് നേതാക്കളെ കാര്യങ്ങൾ നേരിട്ട് ധരിപ്പിച്ചു. അങ്ങനെ പല ഘട്ടങ്ങളിൽ നടന്ന ചർച്ചയെ തുടർന്നാണ് കോൺഗ്രസ് പ്രവേശനം അന്തിമമായി തീരുമാനിച്ചത്. പിന്നീട് ധീരവിപ്ലവകാരി ഭഗത് സിങ്ങിന്റെ ജന്മദിനം അതിനായി നിശ്ചയിക്കപ്പെട്ടു.
അടുത്ത വർഷം നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് എന്ത് പുതിയ നീക്കം നടത്തുമെന്നതാണ് ഇപ്പോൾ ഏവരും ആകാംക്ഷയോടെ നോക്കുന്നത്.