തീരം തൊട്ട് ഗുലാബ് ചുഴലിക്കാറ്റ്: നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. 95 കി.മീ വേഗതയോടെ കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് ഗുലാബ് ചുഴലിക്കാറ്റ് തീരത്തേക്ക് പ്രവേശിക്കുക. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍:
26-9-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട്
27-09-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.
28-09-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.
കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗുലാബ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കേരളാതീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്.