നിപ: വേണ്ടത് ജാഗ്രതയും ആത്മപരിശോധനയും
മൂന്നു വർഷത്തിനു ശേഷം നിപ വൈറസ് കോഴിക്കോട്ട് ഒരു ബാലന്റെ ജീവൻ അപഹരിച്ച സംഭവം ഈ കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തിന്റെ ആരോഗ്യരംഗത്തിന് മറ്റൊരു വെല്ലുവിളിയാവുകയാണ്. രോഗലക്ഷണങ്ങളുള്ളവർ ഉൾപ്പെടെ ഇരുപതോളം പേരെ ക്വാറന്റൈൻ ചെയ്ത് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡിനിടയിൽ ഡെങ്കി, എലിപ്പനി, ബ്ലാക്ക് ഫംഗസ് തുടങ്ങിയ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അവയൊന്നും നിപയെപ്പോലെ മാരകങ്ങളായിരുന്നില്ല. പ്രാദേശികമായി പൊട്ടിപ്പുറപ്പെടുന്ന നിപ കൊവിഡിനെ പോലെ പടർന്നു പിടിക്കാനുള്ള സാധ്യതയില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും കൊവിഡിനെക്കാൾ അപകടസാധ്യത കൂടിയ രോഗമായതിനാൽ പരമാവധി ജാഗ്രത പുലർത്തേണ്ടതുണ്ട്. 2018 മേയ് മാസത്തിൽ നിപ കോഴിക്കോട്ട് ഉദ്ഭവിക്കുകയും പതിനേഴു പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തപ്പോൾ കോഴിക്കോട് മെഡിക്കൽ കോളെജിൽ അത്യാധുനിക പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ഇതുവരെ സാധിക്കാത്തതു കൊണ്ടാണ് പുനെയിലേക്ക് അയയ്ക്കേണ്ടിവന്നത് എന്ന വസ്തുത സ്വയംപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
ആദ്യത്തെ നിപ പകർച്ചയ്ക്കുശേഷമുണ്ടായ ഏറ്റവും വലിയ മാറ്റം, അതിമാരക വൈറസുകളെ നേരിടുന്നതിനു സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കൊവിഡിൽ നിന്ന് നാം പഠിച്ചു എന്നതാണ്. മാസ്ക്, സാനിറ്റൈസർ, ശാരീരിക അകലം, കൂടെക്കൂടെയുള്ള കൈകഴുകൽ തുടങ്ങി വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലെത്തിയിട്ടുണ്ട്. സമ്പർക്കപ്പട്ടിക തയാറാക്കുന്നതിലും റൂട്ട് മാപ്പ് രൂപീകരിക്കുന്നതിലും രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കുന്നതിലും അവരിൽ രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കുന്നതിലും ആരോഗ്യരംഗവും ഏറെ മുന്നോട്ടുപോയി. എന്നാൽ നിപയ്ക്ക് പ്രതിരോധ കുത്തിവയ്പോ, മരുന്നോ കണ്ടുപിടിച്ചിട്ടില്ല എന്നത് മറന്നുകൂടാ. ആദ്യം നിപ പൊട്ടിപ്പുറപ്പെട്ടപ്പോൾ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സന്നാഹങ്ങളെ കുറിച്ചുപോലും വേണ്ടത്ര അറിവുണ്ടായിരുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷമായി നിപ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും ഇല്ല എന്നത് ന്യൂനതയായി അവശേഷിക്കുന്നു. കൊവിഡ് ഇതര രോഗങ്ങൾക്ക് എല്ലാ ജില്ലകളിലും വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
മൂന്നു വർഷം മുൻപാണ് കോഴിക്കോട്ടാണ് നിപ ദക്ഷിണേന്ത്യയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാണ്ട് കാൽനൂറ്റാണ്ടു മുൻപ് തന്നെ രോഗം അവതരിച്ചു. 2001 ൽ ബംഗാളിൽ രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കോഴിക്കോട്, മലപ്പുറം ജില്ലകളെ ഭീതിയിലാഴ്ത്തിയ രോഗം എവിടെ നിന്നു സംക്രമിച്ചുവെന്നോ, ഏതു ജീവിയാണ് രോഗവാഹകരെന്നോ സംശയാതീതമായി കണ്ടെത്താൻ ഇന്നോളം നമുക്കു കഴിഞ്ഞിട്ടില്ല. ഗൗരവമുള്ള പഠന, ഗവേഷണങ്ങൾ ആരോഗ്യ രംഗത്ത് നടക്കാത്ത് ഇക്കാലത്ത് പോരായ്മതന്നെയാണ്. എല്ലാകാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ടെന്നും നാം രോഗത്തെ നിയന്ത്രിക്കുന്നതിൽ വൻവിജയമാണെന്നും ഊറ്റം കൊള്ളുകയല്ല, വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹാരം കാണുകയാണ് വേണ്ടത്. നിപ നാടെങ്ങും പകരുന്ന രോഗമല്ലാത്തതിനാൽ അതിനെ നിസാരമായി കരുതി പ്രതിരോധ പദ്ധതികൾ വേണ്ടവിധം നടപ്പാക്കാനാകാതെ പോയതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമീപ ജില്ലകളും മുൻകരുതലുകളെടുക്കേണ്ടത് ആവശ്യമാണ്. മരണമടഞ്ഞ ബാലകന്റെ അമ്മയും ആരോഗ്യ പ്രവർത്തകരുമടക്കമുള്ളവർക്ക് രോഗലക്ഷണങ്ങളുള്ള സ്ഥിതിക്ക് ലാഘവത്തോടെ രോഗത്തെ സമീപിക്കരുത്. വവ്വാലുകളിൽ നിന്നാണ് രോഗം പകരാൻ സാധ്യതയെന്നാണ് ഇതുവരെയുള്ള നിഗമനം. അവ കടിച്ച പഴങ്ങൾ ഭക്ഷിക്കാതിരിക്കണം. കൊവിഡ് മൂലം നമ്മുടെ ആരോഗ്യരംഗം കടുത്ത സമ്മർദത്തിലാണ്. ആവശ്യത്തിന് ആരോഗ്യപ്രവർത്തകരില്ലാത്തതും കൊവിഡ് ഇതര രോഗങ്ങൾക്ക് പ്രാമുഖ്യം നൽകാത്തതും രോഗം സ്ഥിരീകരിക്കുന്നതിന് തടസമുണ്ടാക്കുന്നുണ്ട്. എന്നാൽ രോഗലക്ഷണങ്ങളുമായി വരുന്ന ഏവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാനും ഇവരുമായുള്ള ഇടപഴകൽ വിലക്കാനും ആശുപത്രി അധികൃതർക്കു സാധിക്കണം.
നിപ സംസ്ഥാനത്ത് വീണ്ടും തലപൊക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നതാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പരിമിതമായി മാത്രം പ്രത്യക്ഷപ്പെട്ട നിപ ഇത്തവണ ഒരു കുട്ടിയെയാണ് തട്ടിയെടുത്തത്. കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന് വ്യക്തമായിട്ടുണ്ട്. നിരവധി കുട്ടികൾക്ക് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവാകുകയും ചെയ്യുന്നു. കൊവിഡ് വന്നുപോയതിനുശേഷം ഇവരിൽ ചിലർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ കാണപ്പെടുന്നതായി പല രാജ്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരുടെ പ്രതിരോധശേഷി കുറയുന്നത് മറ്റു രോഗങ്ങൾക്ക് ഇട കൊടുക്കുന്നതുമാകാം. നിപ കേരളത്തിന് മറ്റൊരു മുന്നറിയിപ്പാണ്. നമ്മുടെ ആരോഗ്യരംഗം കുറ്റമറ്റതാക്കണമെന്ന മുന്നറിയിപ്പ്.