ചിലര്‍ക്ക് അതു ശരിയായിരിക്കും തന്നെ സംബന്ധിച്ചിടത്തോളും തെറ്റായ നടപടിയാണ് ; സുധാകരനെതിരെ വീണ്ടും ഉമ്മൻ ചാണ്ടി
കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ തള്ളി മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. ഡിസിസി അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാനായി താന്‍ പട്ടിക നല്‍കിയിട്ടില്ല. പ്രാഥമിക ചര്‍ച്ചകളില്‍ ചില പേരുകള്‍ പറഞ്ഞിരുന്നു. ആ ചര്‍ച്ചകള്‍ അപൂര്‍ണമായിരുന്നു. താനുമായുള്ള ചര്‍ച്ചയ്ക്കു തെളിവായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഡയറി ഉയര്‍ത്തിക്കാട്ടിയത് തെറ്റായ നടപടിയായാണ് കാണുന്നത്.
താനുമായി ചര്‍ച്ച നടത്തിയില്ലെന്നു പറഞ്ഞിട്ടില്ല. ചര്‍ച്ചകള്‍ അപൂര്‍ണമായിരുന്നു എന്നാണ് പറഞ്ഞത്. പ്രാഥമിക ചര്‍ച്ചയില്‍ ചില പേരുകള്‍ ഉയര്‍ന്നുവന്നു. ഈ പേരുകള്‍ സുധാകരന് കുറിച്ചെടുക്കുകയും ചെയ്തു. അല്ലാതെ താന്‍ പട്ടിക നല്‍കിയിട്ടില്ല. ചര്‍ച്ച നടത്തി എന്നു സ്ഥാപിക്കാന്‍ ഡയറി ഉയര്‍ത്തിക്കാണിച്ചത് ശരിയോ എന്നത് ഓരോരുത്തരുടെയും സമീപനത്തെ ആശ്രയിച്ചിരിക്കുമെന്ന്, ചോദ്യത്തിനു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചിലര്‍ക്ക് അതു ശരിയായിരിക്കും. തന്നെ സംബന്ധിച്ചിടത്തോളും ്അതു തെറ്റായ നടപടിയാണ്.
പിന്നീടു കാണാം എന്നു പറഞ്ഞാണ് ചര്‍ച്ച പിരിഞ്ഞത്. അതിനു ശേഷം ചര്‍ച്ചയൊന്നുമുണ്ടായില്ല. താനും രമേശ് ചെന്നിത്തലയും നേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോള്‍ മൂന്നോ നാലോ പുനഃസംഘടന നടന്നിട്ടുണ്ട്. ഇതുപോലൊരു സാഹചര്യം അന്നൊന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ച് ഹൈക്കമാന്‍ഡ് പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പരസ്യമായി പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നിരുന്നു. അധ്യക്ഷന്മാരെ തീരുമാനിച്ച കാര്യത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും, നടന്നിരുന്നെങ്കില്‍ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്നുമാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.
എന്നാല്‍ ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സമാനമായ പ്രതികരണമാണ് നടത്തിയത്. ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനു പിന്നാലെ, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉയര്‍ത്തിയ പരസ്യ പ്രതിഷേധം സംസ്ഥാന കോണ്‍ഗ്രസിനെ സ്ഫോടനാത്മക സ്ഥിതിവിശേഷത്തിലെത്തിച്ചിരിക്കുകയാണ്.
ഫലപ്രദമായ ചര്‍ച്ച നടന്നെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ഉമ്മന്‍ ചാണ്ടി , അനാവശ്യമായി തന്റെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചതില്‍ അസ്വസ്ഥതയും പ്രകടിപ്പിച്ചു. അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെന്നാല്‍ തനിക്കെതിരെയും നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അതിനെ ശരി വച്ച് കെ സി ജോസഫും രംഗത്തുവന്നിരുന്നു. പാലക്കാട് എ.വി ഗോപിനാഥ് രാജി വച്ചുവെങ്കിലും ചെറുപ്പക്കാരും യുവാക്കളും വിഡി സതീശനും സുധാകരനും ഒപ്പമാണെന്നാണ് സൂചന.