ഇരുമ്പനത്ത് അന്ന് നടന്നത് കൊലപാതകം ; മനോജിന്റെ മരണത്തിൽ ഒരാൾ പിടിയിൽ
തൃപ്പൂണിത്തുറ: ഇരുമ്പനത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഇരുമ്പനം പുതിയ റോഡ് ബി.എം.സി നഗര്‍ എളമനത്തോപ്പില്‍ വീട്ടില്‍ വിഷ്ണു ടി. അശോകനെ (26) അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്ര നഗര്‍ മൂര്‍ക്കാട് വീട്ടില്‍ ശ്രീനിവാസെന്റ മകന് മനോജിനെയാണ് (40) കഴിഞ്ഞ ആറിന് ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിനു സമീപം മരിച്ചനിലയില്‍ കണ്ടത്.
അഞ്ചിന് വൈകീട്ട് ചിത്രപ്പുഴയിലായിരുന്നു കൊലപാതകത്തിന് ആസ്പദമായ സംഭവം. ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയും പ്രതിശ്രുതവധുവുംകൂടി ചിത്രപ്പുഴ റോഡരികില്‍ നിന്ന് സംസാരിക്കെ ഇതുവഴി വന്ന മനോജ് പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചു.
മനോജുമായി വിഷ്ണു തര്‍ക്കത്തിലാവുകയും സംഭവം അടിപിടിയിലേക്ക് നീങ്ങുകയും ചെയ്യുകയായരിന്നു. കഴുത്തിന് പിന്നിലും തൊണ്ടയിലും വിഷ്ണു താക്കോല്‍കൊണ്ട് ഇടിച്ചു. ഇതോടെ മനോജ് ഓടി. യുവതിയും പ്രതിയും ഉടന്‍ സ്ഥലം വിട്ടു. ഓടിപ്പോയ മനോജ് വഴിയില്‍ വീണ് മരിക്കുകയായിരുന്നു. ഓട്ടത്തിനിടെ മുണ്ട് അഴിഞ്ഞുപോയി. രാവിലെ മൃതദേഹം കണ്ടെത്തിയപ്പോള്‍ അര്‍ധനഗ്നനായി മരിച്ചുകിടക്കുകയായിരുന്നു. നഗ്നനായി ഓടുന്ന ദൃശ്യം സമീപത്തെ സി.സി ടി.വി കാമറകളില്‍നിന്ന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍നിന്ന് പൊലീസിന് സംഭവത്തിെന്റ ഏകദേശ രൂപം കിട്ടിയതോടെ അന്വേഷണം ഊര്‍ജിതമാക്കി.
തൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ പി.വി. ബേബി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ പൊലീസ് സര്ജന് ഡോക്ടര്‍ ഉമേഷ് നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്തപ്പോള്‍തന്നെ പ്രതി കുറ്റം ഏറ്റുപറഞ്ഞു. കോടതി റിമാന്‍ഡ്ചെയ്തു. അന്വേഷണസംഘത്തില്‍ ഹില്‍ പാലസ് സി.ഐ കെ.ജി. അനീഷ്, എസ്.ഐ കെ. അനില, ഓമനക്കുട്ടന്, എ.എസ്.ഐമാരായ സജീഷ്, എം.ജി. സന്തോഷ്, സന്തോഷ്, ഷാജി, സതീഷ്കുമാര്‍, സി.പി.ഒ അനീഷ് എന്നിവര്‍ ഉണ്ടായിരുന്നു.