സോളാർ സ്ത്രീപീഡന കേസിൽ ഉമ്മൻചാണ്ടിക്ക് അടക്കം എതിരെ എഫ്ഐആറുമായി സിബിഐ
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതി കൂടിയായ സ്ത്രീ നൽകിയ സ്ത്രീപീഡനപരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ എഫ്ഐആർ സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. ഉമ്മൻചാണ്ടിക്ക് പുറമേ, ഇപ്പോൾ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഇപ്പോൾ ബിജെപി നേതാവായായ മുൻ കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് എഫ്ഐആർ സമർപ്പിച്ചിട്ടുള്ളത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സിബിഐയ്ക്ക് സംസ്ഥാനസർക്കാർ കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.
നാല് വർഷത്തോളമാണ് കേരളാ പൊലീസ് സ്ത്രീപീഡനക്കേസ് അന്വേഷിച്ചത്. ഇതിൽ ആർക്കെതിരെയും തെളിവ് കണ്ടെത്താൻ പൊലീസിനായില്ല. ഇതേത്തുടർന്നാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് വിട്ടത്. തുടർന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ്, കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.
കേസിന്റെ വിശദാംശങ്ങൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി അടക്കം നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിശദാംശങ്ങൾ പരാതിക്കാരി സിബിഐയുടെ ദില്ലി ആസ്ഥാനത്തെത്തിയും കൈമാറി.
ഇതിനെല്ലാം ഇടയിൽ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഒരു തെളിവുമില്ലെന്ന് സംസ്ഥാനസർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിനുള്ള ഒരു തെളിവും കണ്ടെത്താനായില്ലെന്നും പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സോളാർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ട സർക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു ഈ റിപ്പോർട്ട്.
2012 ആഗസ്റ്റ് 19-ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്ലിഫ് ഹൗസിൽ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാർ, പേഴ്സണൽ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം.
പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസിൽ വന്നായി ആരും മൊഴി നൽകിയിട്ടില്ല. വർഷങ്ങള് കഴിഞ്ഞതിനാൽ ടൂർ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴു വർഷം കഴിഞ്ഞതിനാൽ ഫോണ് വിശദാംശങ്ങൾ നൽകാനാവില്ലെന്ന് മൊബൈൽ കമ്പനികളും രേഖാ മൂലം അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇതേ വരെ കൈമാറിയില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സിബിഐയ്ക്ക് സംസ്ഥാനസർക്കാർ കൈമാറിയിരുന്നു. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ എന്നിവർക്കെതിരെയാണ് എഫ്ഐആർ.