അശ്ളീല ഫോണ്‍ വിളി കേസ്: പൊലീസിനെതിരെ ആരോപണവുമായി വീട്ടമ്മ
കോട്ടയം: വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗപ്പെടുത്തി സാമൂഹികവിരുദ്ധര്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നിരപരാധിയെ പൊലീസ് പിടികൂടിയെന്ന് വീട്ടമ്മയുടെ പരാതി.
തന്റെ അടുത്ത സുഹൃത്തും സഹായിയുമായ യുവാവിനേയും പൊലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്നും വീട്ടമ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് അന്വേഷണം വഴിതെറ്റുന്നുവോ എന്നു സംശയമുണ്ട്. തന്നെ ബോധപൂര്‍വം കരിവാരിതേക്കുകയാണ്. ഇപ്പോഴും മോശമായ ഫോണ്‍ വിളികളും സന്ദേശങ്ങളും വരുന്നുണ്ടെന്നും വീട്ടമ്മ വ്യക്തമാക്കി.
ഇത്തിത്താനം കുരിട്ടിമലയില്‍ വാടക കെട്ടിടത്തില്‍ തയ്യല്‍സ്ഥാപനം നടത്തുന്ന വീട്ടമ്മയാണ് കഴിഞ്ഞ ഒന്‍പത് മാസമായി ദുരിതമനുഭവിച്ചിരുന്നത്. സാമൂഹികവിരുദ്ധര്‍ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്, അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാകുകയുംചെയ്ത വീട്ടമ്മയുടെ ദുരനുഭവം വാർത്തയായിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നായിരുന്നു പ്രധാന പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയത്. ഞായറാഴ്ച കൊച്ചി റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത ചങ്ങനാശേരിലെത്തി അന്വേഷണം വിലയിരുത്തി. വീട്ടമ്മയുടെ പരാതിയില്‍ പറയുന്ന മൊബൈല്‍ നമ്പറുകളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തിയിരുന്നു.വിവിധ ജില്ലകളില്‍നിന്നുള്ള 44 പേരെ വിളിച്ചതില്‍ 28 പേരാണ് എത്തിയത്. ഇതില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്.
ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയില്‍ രതീഷ് (39), ഹരിപ്പാട് ആയാപറമ്പ് കൈയാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറമ്പില്‍ അനിക്കുട്ടന് (29), പാലക്കാട് വടക്കാഞ്ചേരി കണ്ണമ്പ്ര തോട്ടത്തില്‍ നിശാന്ത് (34), തൃശൂര്‍ കല്ലിടുക്ക് ചുമന്നമണ്ണ് കടുങ്ങാട്ടുപറമ്പില്‍ വിപിന്‍ (33) എന്നിവരാണ് പിടിയിലായത്. രാഹുൽ എന്നയാളെ പിടികിട്ടാനുണ്ട്.
വീട്ടമ്മ പറയുന്നു:
തന്റെ വേദന മാധ്യമങ്ങളില്‍ വന്നശേഷം മുഖ്യമന്ത്രി ഇടപെട്ടതോടെ അന്വേഷണം ഊര്‍ജിതമായി. ഇതേ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തവരില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയുടെ ഭാരവാഹിയും പ്രതിസന്ധിയില്‍ സഹായിച്ച സുഹൃത്തുമായ ഷാജി കെ.കെയും ഉള്‍പ്പെടുന്നു. ഇത് വല്ലാത്ത സങ്കടമായി. ഫോണിലൂടെ തുടരെ തുടരെ അശ്ളീല വിളികള്‍ വന്നപ്പോള്‍ അത് കണ്ടെത്തുന്നതിന് സഹായിച്ചവരില്‍ ഒരാളാണ് ഷാജി. ഫോണ്‍ വിളികളില്‍ ഉള്‍പ്പെട്ട രതീഷ് എന്നയാളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താന്‍ ഷാജിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ചില അന്വേഷണങ്ങള്‍ ഷാജി നടത്തുകയും ചെയ്തു. ഒടുവില്‍ രതീഷിന് തന്റെ ഫോണ്‍ നമ്പര്‍ കിട്ടിയ വഴിയും മനസിലാക്കി. ഇക്കാര്യങ്ങള്‍ പൊലീസില്‍ തുറന്നു പറഞ്ഞതാണ്. എന്നിട്ടും സഹയാത്രികനായ ആളെ കേസില്‍പെടുത്തി. അത് ശരിയല്ല. താന്‍ ഇക്കാര്യം എവിടെയും തുറന്നുപറയും. ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കാനാണ് പൊലീസ് പറഞ്ഞത്. രണ്ടുമാസം ഓഫ് ചെയ്തു വച്ചു. അതിനിടെ പുതിയ കണക്ഷനെടുത്തു. പക്ഷേ ആ നമ്പരും ചോര്‍ന്നു. അതിലും കോളുകള്‍ വന്നു. തനിക്കും കുടുംബത്തിനും ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണിപ്പോൾ