ശബരിമല മേൽശാന്തി നിയമനം ; ബിഡിജെഎസ് വലിയ പ്രക്ഷോഭം നടത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ:ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിൽ പുലർത്തുന്ന വിവേചനം കേരളത്തിന് തീരാ കളങ്കമാണെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും പിന്തിരിപ്പൻ നിലപാട് തിരുത്താൻ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും.
ബ്രാഹ്മണരിലെ തന്നെ ഒരു വിഭാഗത്തിന് പ്രത്യേക ജാതിവിശേഷണം നൽകി മറ്റെല്ലാവരെയും ശബരിമല ശ്രീകോവിലിൽ നിന്ന് അകറ്റി നിറുത്തുന്ന പച്ചയായ തട്ടിപ്പിനെതിരായ പോരാട്ടമാണ് ബി.ഡി.ജെ.എസ് നയിക്കുന്നത്.ദേവസ്വം ബോർഡുകളിലെ ഒരു നിയമനത്തിനും ജാതി പാടില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും 2002ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ കക്ഷിയായ കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചതാണ്. എന്നിട്ടും ഈ അന്യായം തുടരുന്നതിന് ദേവസ്വം ബോർഡും സർക്കാരും പറയുന്ന ന്യായങ്ങൾ ബാലിശമാണ്. മലയാള ബ്രാഹ്മണൻ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് പത്രപ്പരസ്യം നൽകിയാണ് ശ്രീനാരായണ ഗുരുദേവനും മന്നത്തു പത്മനാഭനും വി.ടി.ഭട്ടതിരിപ്പാടും ഉൾപ്പടെയുള്ള നവോത്ഥാന നായകരെ അപമാനിക്കുന്നത്.
2002 മുതലാണ് ഈ വ്യവസ്ഥ ബോർഡ് കൊണ്ടുവരുന്നത്. ഇതിന് മുമ്പ് ബ്രാഹ്മണരല്ലാത്തവരെയും ശബരിമല മേൽശാന്തി പദവിയിലേക്ക് പരിഗണിച്ചിരുന്നു. നിലവിലെ മേൽശാന്തി ജയരാജ് പോറ്റി ബ്രാഹ്മണനാണെങ്കിലും മലയാള ബ്രാഹ്മണനല്ല. എന്ത് സാമൂഹ്യനീതിയാണ് പുരോഗമനവാദികളെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം അവകാശപ്പെടുന്നവരും ദേവസ്വം ബോർഡും പുലർത്തുന്നത്.
ഇന്ത്യാ മഹാരാജ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും 29 കേന്ദ്രമന്ത്രിമാരും കേരള മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും പിന്നാക്ക വിഭാഗക്കാരാണെന്ന കാര്യമെങ്കിലും ഇവർ മനസിലാക്കണം. ശബരിമല യുവതീപ്രവേശനത്തിനായി ചാനലുകളിലും പത്രങ്ങളിലും തെരുവുകളിലും പടവെട്ടിയിരുന്ന ഇടതു- വലതു ബുദ്ധിജീവികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഇക്കാര്യത്തിൽ മിണ്ടാട്ടമില്ല. സുപ്രീം കോടതി വിധി നടപ്പാക്കിയേ തീരൂ എന്നു പറഞ്ഞവർ 2002ലെ സുവ്യക്തമായ നിർദേശമുള്ള സുപ്രീം കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ കേസു നടത്തുന്നു. മലയാള ബ്രാഹ്മണർ പ്രത്യേക വർഗമാണെന്ന് വാദിക്കുന്നു. ഈ പുതിയ വർഗസിദ്ധാന്തം വിപ്ളവ പാർട്ടിക്കാർ തന്നെ കൊണ്ടുവരുന്നതിലെ തമാശ കേരളം തിരിച്ചറിയണം.
തലമുറകളായി കേരളത്തിൽ വസിക്കുന്ന തമിഴ്, കർണാടക, ആന്ധ്ര ബ്രാഹ്മണരേയും നായർ സമുദായം ഉൾപ്പെടുന്ന മുന്നാക്ക വിഭാഗക്കാരെയും പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗങ്ങളെയും ഈ നിയമനത്തിൽ നിന്ന് ചവിട്ടിപ്പുറത്താക്കുന്നതിന്റെ കാരണം വ്യക്തമാക്കാൻ ഭരണകൂടം തയ്യാറാകണം. ഈ അനീതി അവസാനിപ്പിക്കും വരെ ബി.ഡി.ജെ.എസ് സമരരംഗത്തുണ്ടാകും. എല്ലാ ഹിന്ദുക്കൾക്കും ശ്രീകോവിൽ പ്രവേശനത്തിനായുള്ള ഈ ധർമ്മസമരത്തിന് ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.