ജനങ്ങളെ പിച്ച തെണ്ടാൻ വിടാത്ത സർക്കാരാണ് കേരളത്തിലേതെന്ന് റവന്യുമന്ത്രി, ജനത്തെ കബളിപ്പിച്ചെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിന് ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സർക്കാരാണെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ. കേന്ദ്ര മാനദണ്ഡം കേരളത്തിന്റെ സാഹചര്യത്തിൽ അപര്യാപ്തമാണ്. കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്നും മന്ത്രി പറഞ്ഞു.
പ്രളയ പുനരധിവാസത്തിൽ സർക്കാർ പൂർണ്ണമായും പരാജയപെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂത്തുമലയിൽ രണ്ടു വർഷം ആയിട്ടും ഒരു വീട് പോലും കൈമാറിയില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ധിക്ക് ആരോപിച്ചു. വാടക കെട്ടിടത്തിൽ താമസിക്കുന്നവരുടെ വാടക പോലും സർക്കാർ കൊടുക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമാണ്. സ്പോൺസേഴ്സിന് വേണ്ട ഏകോപനം കിട്ടിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ദുരന്തത്തിൽ ഇനിയും സഹായം കിട്ടാനുള്ളവർക്ക് ഉടൻ സഹായം നൽകുമെന്ന് മന്ത്രി കെ രാജൻ മറുപടി നൽകി. കവളപ്പാറയിൽ 58 പേരുടെ വീട് നിർമാണം നടന്നു വരുന്നു. പൂത്തുമലയിൽ 95 കുടുംബങ്ങളെ ആണ് മാറ്റിപ്പാർപ്പിക്കാൻ ഉദ്ദേശിച്ചത്. ഇവിടെ 38 വീടുകൾ ഈ മാസം പൂർത്തീകരിക്കും.
ദേശീയ ദുരന്ത നിവാരണ മാനദണ്ഡമനുസരിച്ച് വാടക നൽകാനാകില്ല. പുത്തുമലയിൽ18 വീടുകൾ നിർമ്മിക്കാമെന്നേറ്റ സ്പോൺസർ പിൻമാറി. അതിനു പകരം പുതിയ പദ്ധതി തയ്യാറാക്കുന്നു. എല്ലാവരുമായും സഹകരിച്ചു പുനരധിവാസം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു.
വിഷയത്തെ രാഷ്ട്രീയവൽക്കരിച്ചെന്ന മന്ത്രിയുടെ പരാമർശം തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രിയുടേത് മൈതാന പ്രസംഗമാണ്. ചെയ്ത പ്രവൃത്തികൾ സർക്കാർ പാതിവഴിയിൽ നിർത്തിയെന്നും സതീശൻ ആരോപിച്ചു. റീ ബിൽഡ് കേരളയിൽ പ്രഖ്യാപിച്ച 7405 കോടിയിൽ 460 കോടിയുടെ പദ്ധതി മാത്രമാണ് മൂന്ന് വർഷത്തിൽ നടപ്പാക്കിയത്.
ലോക ബാങ്കിന്റെ ആദ്യ ഗഡു പോലും ചെലവാക്കിയില്ല. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ പണം വക മാറ്റി. രണ്ട് കൊല്ലമായിട്ടും രേഖകൾ ശരിയാക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് റവന്യൂ വകുപ്പെന്നും സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി