51 ശതമാനം പുതിയ കേസുകളും കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് അവസാന ദിവസം പുതുതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 51 ശതമാനത്തിലേറെയും കേരളത്തിലാണ്. ഇന്നു രാവിലെ പുതുക്കിയ കണക്കുപ്രകാരം 38,628 പുതിയ കേസുകൾ രാജ്യത്തു കണ്ടെത്തി. ഇതിൽ 19,948 കേസുകളും കേരളത്തിൽ. രാജ്യത്ത് ഇപ്പോൾ രോഗം ബാധിച്ചു ചികിത്സയിലുള്ളവരിൽ 43 ശതമാനവും കേരളത്തിൽ തന്നെയാണ്. രാജ്യത്തെ മൊത്തം ആക്റ്റിവ് കേസുകൾ 4,12,153. ഇതിൽ 1,78,204 കേസുകളും കേരളത്തിലാണ്. മലപ്പുറം ജില്ലയിൽ മാത്രം 3,400ലേറെ പുതിയ രോഗബാധിതരെ അവസാന ദിവസം കണ്ടെത്തി. എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വീണ്ടും രണ്ടായിരത്തിലേറെ വീതം.
അവസാന ദിവസം രാജ്യത്തു പുതുതായി സ്ഥിരീകരിച്ചത് 617 മരണമാണ്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 4,27,371 ആയിട്ടുണ്ട്. അവസാന ദിവസം മഹാരാഷ്ട്രയിലും കേരളത്തിലും 187 പേർ വീതം മരിച്ചു. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 1,33,717 ആയിട്ടുണ്ട്. കഴിഞ്ഞ 12 ദിവസമായി ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നു ശതമാനത്തിൽ താഴെ തുടരുന്നു. ഇതുവരെ നൽകിയ കൊവിഡ് വാക്സിൻ ഡോസുകൾ 50.10 കോടിയായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഇരുപതു ദിവസം കൊണ്ടാണ് വാക്സിൻ വിതരണം 40 കോടിയിൽ നിന്ന് 50 കോടിയിലേക്ക് എത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. 30 കോടിയിൽ നിന്ന് 40 കോടിയിലേക്ക് എത്തിയത് 24 ദിവസം കൊണ്ടായിരുന്നു. 20 കോടിയിൽ നിന്ന് 30 കോടിയിലെത്തിയത് 29 ദിവസം കൊണ്ട്. 10 കോടിയിൽ നിന്ന് 20 കോടിയിലെത്താൻ 45 ദിവസവും ആദ്യ 10 കോടിയിലെത്താൻ 85 ദിവസവും എടുത്തതായും മാണ്ഡവ്യ. രാജ്യത്ത് വാക്സിൻ വിതരണത്തിന്റെ വേഗം വർധിക്കുന്നത് ഇതിൽ നിന്നു വ്യക്തമാണെന്നു മന്ത്രി പറയുന്നു.