ആക്റ്റിവ് കേസുകളിൽ 43 ശതമാനം കേരളത്തിൽ
ന്യൂഡൽഹി: അവസാന ദിവസം രാജ്യത്തു പുതുതായി സ്ഥിരീകരിച്ചതിൽ 49 ശതമാനത്തിലേറെ പുതിയ കൊവിഡ് കേസുകളും കേരളത്തിൽ. 44,643 പേർക്ക് രാജ്യത്തു രോഗം സ്ഥിരീകരിച്ചപ്പോൾ കേരളത്തിൽ മാത്രം 22,040 കേസുകളുണ്ട്. ആക്റ്റിവ് കേസുകളിൽ 43 ശതമാനത്തോളം കേരളത്തിൽ തന്നെയാണ്. 1.78 ലക്ഷത്തിനടുത്താണ് കേരളത്തിൽ ഇപ്പോൾ ചികിത്സയിലുള്ളവർ. രാജ്യത്ത് മൊത്തമുള്ളത് 4.14 ലക്ഷത്തിലേറെ കേസുകൾ. മൂവായിരത്തിലേറെ രോഗികളുടെ അറ്റവർധനയാണ് അവസാന ദിവസം രാജ്യത്തുണ്ടായത്.
അവസാന 24 മണിക്കൂറിൽ 464 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചവർ 4,26,754 ആയിട്ടുണ്ട്. ഇതുവരെ രോഗം ബാധിച്ചത് 3,18,56,757 പേർക്കാണ്. ഇതിൽ 3,10,15,844 പേർ രോഗമുക്തരായി. 97.36 ശതമാനം റിക്കവറി നിരക്ക്. പ്രതിവാര, പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ മൂന്നു ശതമാനത്തിൽ താഴെ തുടരുകയാണ്. അതേസമയം, കേരളത്തിൽ 13 ശതമാനത്തിലേറെയാണ് പോസിറ്റിവിറ്റി. മലപ്പുറത്ത് മൂവായിരത്തിലേറെയും തൃശൂരും എറണാകുളത്തും പാലക്കാടും രണ്ടായിരത്തിലേറെയും പുതിയ കേസുകളാണ് അവസാന ദിവസം കണ്ടെത്തിയത്.
മഹാരാഷ്ട്രയൊഴികെ രാജ്യത്തു മറ്റൊരു സംസ്ഥാനത്തുപോലും മലപ്പുറത്തും തൃശൂരും എറണാകുളത്തുമുള്ളത്ര പ്രതിദിന രോഗബാധയില്ല. അതേസമയം, മഹാരാഷ്ട്രയിൽ 9,026 ആയി ഉയർന്നിട്ടുണ്ട് പ്രതിദിന കേസുകൾ. മൂന്നാം സ്ഥാനത്ത് ആന്ധ്രപ്രദേശാണ്. അവിടെ അവസാന ദിവസം സ്ഥിരീകരിച്ചത് 2,145 പുതിയ കേസുകൾ. മഹാരാഷ്ട്രയും കേരളവും മാത്രമാണ് അവസാന ദിവസവും നൂറിലേറെ മരണം സ്ഥിരീകരിച്ച സംസ്ഥാനങ്ങൾ.