കേരളത്തിൽ ഒന്നര കോടി പേര്‍ക്ക് ഒന്നാം ഡോസ് നല്കി: ഇന്ന് 3.61 ലക്ഷം വാക്സീൻ കൂടിയെത്തി
തിരുവനന്തപുരം: സംസ്ഥാനത്തിന് 3,61,440 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,61,440 ഡോസ് കോവാക്സിനുമാണ് ഇന്നലെ ലഭ്യമായത്. തിരുവനന്തപുരത്ത് 68,000, എറണാകുളത്ത് 78,000, കോഴിക്കോട് 54,000 എന്നിങ്ങനെ ഡോസ് കോവീഷില്‍ഡ് വാക്സിനാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 55,000, എറണാകുളത്ത് 62,940, കോഴിക്കോട് 43,500 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. ലഭ്യമായ വാക്സിന് വിതരണ കേന്ദ്രങ്ങളിലെത്തിച്ചതായും മന്ത്രി വ്യക്തമാക്കി.
ഇന്ന് 1,87,504 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,13,01,782 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,50,32,333 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 62,69,449 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 42.81 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.86 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്കി.