ലോക്ഡൗണില്‍ മാറ്റം ; പ്രഖ്യാപനം നിയമസഭയില്‍
തിരുവനന്തപുരം: ശനിയാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണവും മാറും. രോഗികളുടെ എണ്ണം നോക്കിയായിരിക്കും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക.
ടി.പി.ആര് അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി. ഒരാഴ്ചയിലെ രോഗികളുടെ എണ്ണം നോക്കിയാണ് ഇനി മേഖല നിശ്ചയിക്കുക. ആയിരത്തില്‍ എത്ര പേരാണ് രോഗികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കും രോഗവ്യാപനം കണക്കാക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കുറവുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാവും. പുതിയ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ച മുതല്‍ നിലവില്‍ വരും.
നിലവിൽ ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സംസ്ഥാനത്ത് തുടര്‍ന്നുവരുന്നത്. ഇത് അശാസ്ത്രീയമെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു മാറ്റി പകരം ഓരോ പ്രദേശത്തെയും ആകെ കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി നിയന്ത്രണം കൊണ്ടുവരണമെന്ന നിര്‍ദേശമാണ് ഇന്നത്തെ യോഗം പരിഗണിച്ചത്.
പുതിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. തീരുമാനം ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നാളെ സഭയില്‍ പ്രഖ്യാപിക്കും. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയില്‍ എത്ര പൊസീറ്റീവ് കേസുകള്‍ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ പഞ്ചായത്തിലെ ആകെ ടിപിആര്‍ നോക്കി നിയന്ത്രണം പ്രഖ്യാപിക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യനന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടും.
അതേസമയം എ, ബി, സി, ഡി മേഖലകളാക്കി തിരിച്ചുള്ള കേരളത്തിന്റെ നിയന്ത്രണങ്ങള്‍ ഫലം കണ്ടില്ലെന്നും കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളുടെ പകുതിയും കേരളത്തില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.