കൊവിഡ്: കേരളം ഹോട്ട്സ്പോട്ടായേക്കാം; ഗണിതശാസ്ത്ര മാതൃകയുമായി ഐഐടി ഗവേഷകർ
ന്യൂഡൽഹി: രാജ്യം കൊവിഡ് 19 വ്യാപനത്തിന്റെ മറ്റൊരു തരംഗത്തിന് ഉടൻ സാക്ഷ്യം വഹിച്ചേക്കാമെന്നു രണ്ടാംതരംഗത്തെക്കുറിച്ചു കൃത്യമായി പ്രവചിച്ച ഗവേഷകരുടെ പുതിയ ഗണിതശാസ്ത്ര മാതൃകയിൽ മുന്നറിയിപ്പ്. ഒക്റ്റോബറിലാകും ഈ തരംഗം മൂർധന്യത്തിലെത്തുക. എന്നാൽ, രണ്ടാംതരംഗത്തിന്റെ അത്ര രൂക്ഷമാവില്ല ഇത്. പ്രതിദിന രോഗബാധ പരമാവധി ഒരു ലക്ഷത്തിൽ താഴെയായിരിക്കും. അവസ്ഥ തീർത്തും മോശമായാൽ പോലും ഒന്നര ലക്ഷത്തിലൊതുങ്ങും.
ഐഐടി കാൺപുരിലെ മനീന്ദ്ര അഗർവാളും ഐഐടി ഹൈദരാബാദിലെ മതുകുമള്ളി വിദ്യാസാഗറും ചേർന്നു തയാറാക്കിയതാണു ഗണിതശാസ്ത്ര മാതൃക.
നിലവിൽ കൊവിഡ് വ്യാപനത്തിൽ മുന്നിലുള്ള കേരളവും മഹാരാഷ്ട്രയുമാകും ഈ തരംഗത്തിലും മുന്നിലെന്നും കേരളം അടുത്ത ഹോട്ട്സ്പോട്ടാകാൻ എല്ലാ സാധ്യതയുമുണ്ടെന്നും വിദ്യാസാഗർ. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളിൽ പകുതിയും ഇപ്പോൾ കേരളത്തിലാണെന്നിരിക്കെ സംസ്ഥാനത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് മുന്നറിയിപ്പ്.
മേയ് ഏഴിനായിരുന്നു രണ്ടാം തരംഗം മൂർധന്യത്തിലെത്തിയത്. അന്ന് 24 മണിക്കൂറിനിടെ നാലു ലക്ഷത്തിലേറെ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീടു ക്രമത്തിൽ രോഗബാധ കുറഞ്ഞ് ഇപ്പോൾ നാൽപ്പതിനായിരത്തിലേക്കെത്തി. എന്നാൽ, കേരളത്തിൽ അവസാന ഒരാഴ്ച പ്രതിദിന രോഗബാധ 20,000നു മുകളിലാണ്. പുതിയ ഹോട്ട്സ്പോട്ടുകൾക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും വിദ്യാസാഗറും അഗർവാളും പറഞ്ഞു.
കഴിഞ്ഞവർഷം ഒക്റ്റോബറിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് ഇപ്പോഴത്തെ വ്യാപനത്തിനു കാരണം.
വ്യാപനനിരക്ക് കുറയുന്ന സാഹചര്യത്തിൽ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയാണ്. ഇതു പുതിയ തരംഗത്തിനു വഴിയൊരുക്കുമെന്നും കരുതൽ വേണമെന്നും ഗവേഷകർ ഓർമിപ്പിക്കുന്നു. കടുത്ത ലോക്ഡൗൺ ഉൾപ്പെടെ നടപടികൾ ഏർപ്പെടുത്തിയതിനാൽ രാജ്യത്ത് ഒന്നാംതരംഗം കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ, യാത്രകളും പ്രാദേശിക ഉത്സവങ്ങളും വ്യാപാര ഇടപാടുകളും സാധാരണ നിലയിലേക്കു നീങ്ങിയതിനൊപ്പമെത്തിയ രണ്ടാംതരംഗം വലിയ തോതിൽ ജീവാപായമുണ്ടാക്കിയിരുന്നു രാജ്യത്ത്. കൊവിഡ് ബാധിച്ച് 424,351 പേർ മരിച്ചെന്നാണ് ഔദ്യോഗിക രേഖകൾ. എന്നാൽ, 50 ലക്ഷത്തോളം പേരെങ്കിലും മരിച്ചെന്നാണ് അനൗദ്യോഗിക കണക്കുകൾ.
അതേസമയം, രണ്ടാംതരംഗത്തിലെ അതിവ്യാപനം 140 കോടിയിൽ വലിയൊരു വിഭാഗത്തിന് പ്രതിരോധ ശേഷി കൈവരുന്നതിനും ഇടയാക്കിയെന്നു വിലയിരുത്തപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് കഴിഞ്ഞമാസം നടത്തിയ സിറോ സർവെയിൽ ആറു വയസിനു മുകളിൽ പ്രായമുള്ള ഇന്ത്യക്കാരിൽ മൂന്നിൽ രണ്ടു പേരുടെയും രക്തത്തിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി.
കേരളത്തിലും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധ ക്രമമായി വർധിച്ചുവരികയാണെന്ന് ഇന്ത്യയ്ക്കു വേണ്ടി ഗണിതശാസ്ത്ര മാതൃക തയാറാക്കിയ കേംബ്രിജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ് സ്കൂൾ പ്രൊഫസർ പോൾ കട്ടുമൻ ചൂണ്ടിക്കാട്ടുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗവ്യാപനത്തോത് കുറഞ്ഞിട്ടും കേരളമടക്കം സംസ്ഥാനങ്ങളിൽ വൈറസ് ബാധ ഉയർന്നു നിൽക്കുന്നതിനാലാണ് ഇന്ത്യയിൽ കൊവിഡ് കേസുകൾ ദിവസങ്ങളായി ഒരേ നിരക്കിൽ തുടരുന്നത്. വലിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർധിച്ചാൽ ഈ സന്തുലനം തകിടം മറിയും. പ്രതിരോധ കുത്തിവയ്പ്പ് പൂർണമായി സമൂഹ പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കും വരെ ഏതു സമയത്തും ഈ പ്രശ്നമുണ്ടാകാമെന്നും കട്ടുമൻ.
രാജ്യത്ത് ഇതിനകം 47 കോടി ഡോസ് വാക്സിനാണു വിതരണം ചെയ്തത്. എന്നാൽ, രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചത് ആകെ ജനസംഖ്യയുടെ 7.6 ശതമാനം പേർ മാത്രമാണ്.