കണ്ണീരുണങ്ങാതെ വീടും നാടും; മാനസയുടെ സംസ്കാരം രാവിലെ പയ്യാമ്പലത്ത്, തോക്കിൻ്റെ ഉറവിടം തേടി പൊലീസ്
കണ്ണൂര്‍: കോതമംഗലത്ത് വെടിയേറ്റ് മരിച്ച ദന്തൽ വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം ഇന്ന് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. എകെജി ഹോസ്പറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും. മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. ഒമ്പതുമണിക്ക് പയ്യാമ്പലത്ത് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
ആത്മഹത്യ ചെയ്ത കൊലയാളി രഖിലിന്റെ മൃതദേഹവും ഇന്ന് സംസ്കരിക്കും. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടിൽ എത്തിച്ച ശേഷം പിണറായിയിലെ പൊതുശ്മശാനത്തിലാകും സംസ്കരിക്കും.
അതേസമയം മാനസ വെടിയേറ്റ് മരിച്ച സംഭവത്തിൽ സഹപാഠികളായ കൂടുതൽ കുട്ടികളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും ഇതോടൊപ്പം തുടരുകയാണ്. കൊലപാതകത്തിനു മുൻപ് രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രഖിൽ നടത്തിയ ബീഹാർ യാത്രയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
രഖിലിന്റെ അടുത്ത സുഹൃത്ത് ആദിത്യനിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നു പൊലീസ് പറയുന്നു. പെരുമ്പാവൂർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തോക്കിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ എടുത്ത തോക്ക് ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിൻ്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര.
കൊല നടത്താൻ രഖിൽ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.