മൂന്നാം ദിവസവും ആക്റ്റിവ് കേസുകളിൽ വർധന
ന്യൂഡൽഹി: രാജ്യത്തു തുടർച്ചയായി മൂന്നാം ദിവസവും കൊവിഡ് ആക്റ്റിവ് കേസുകളിൽ വർധന. ഇന്നു രാവിലെ പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ 44,230 പുതിയ കേസുകൾ കണ്ടെത്തിയതിനെത്തുടർന്നാണിത്. ഇന്നത്തെ കണക്കുപ്രകാരം 4,05,155 പേരാണ് രാജ്യത്ത് ഇപ്പോൾ കൊവിഡ് ബാധിതരായുള്ളത്. ഇന്നലെ 4,03,840 ആക്റ്റിവ് കേസുകളായിരുന്നു. രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 3.15 കോടിയിലേറെയാണ്. ഇതിൽ 3.07 കോടിയിലേറെ പേർ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ ദിവസം 43,509 പുതിയ കേസുകളാണു കണ്ടെത്തിയിരുന്നത്. പ്രതിദിന രോഗബാധയിലും വീണ്ടും വർധനയുണ്ടാകുന്നുണ്ട്.
അവസാന ദിവസം 555 പേരുടെ മരണം കൂടി കൊവിഡ് കണക്കിൽ രേഖപ്പെടുത്തി. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചു മരിച്ചവർ 4,23,217 ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 190 പേരുടെ മരണം കൂടി കൊവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. കേരളത്തിലും നൂറിലേറെ പേരുടെ മരണം ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 1.32 ലക്ഷത്തിലേറെയാണ്.
തുടർച്ചയായി ഇരുപത്തിരണ്ടായിരത്തിലേറെ കേസുകൾ ദിവസവും സ്ഥിരീകരിക്കുന്ന കേരളത്തിലാണ് രാജ്യത്തെ മൊത്തം പ്രതിദിന വർധനയിൽ പകുതിയും. രാജ്യത്തെ ആക്റ്റിവ് കേസുകളിൽ മൂന്നിലൊന്നിൽ കൂടുതലും കേരളത്തിൽ തന്നെയാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന ആർ വാല്യു ഉള്ള സംസ്ഥാനം, ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സംസ്ഥാനം എന്നിങ്ങനെ രോഗവ്യാപനത്തിൽ ഏറെ ആശങ്ക സൃഷ്ടിക്കുന്ന നിലയാണ് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ.
ആറായിരത്തിലേക്കു താഴ്ന്നിരുന്ന മഹാരാഷ്ട്രയിലെ പ്രതിദിന കേസുകൾ വീണ്ടും ഏഴായിരത്തിലെത്തിയിട്ടുണ്ട്. കർണാടകയിലും ആന്ധ്രപ്രദേശിലും വീണ്ടും രണ്ടായിരത്തിലേറെ പുതിയ കേസുകൾ സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 1,859 കേസുകളാണു കണ്ടെത്തിയത്. ഒരു ലക്ഷത്തിലേറെ ആക്റ്റിവ് കേസുകൾ ഇപ്പോഴും കേരളത്തിൽ മാത്രമാണ്.