കുണ്ടറ കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം’; യുവതിയുടെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഡിഐജി; ‘കൃത്യമായ തെളിവോ മൊഴിയോ ഇല്ല’
കുണ്ടറയില്‍ എന്‍സിപി നേതാവ് പത്മാകരനെതിരെ യുവതി ഉന്നയിച്ച പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഡിഐജിയുടെ റിപ്പോര്‍ട്ട്. പരാതിക്കാരി കൃത്യമായ തെളിവോ മൊഴിയോ നല്‍കിയിട്ടില്ലെന്നും പരാതിയുടെ നിജസ്ഥിതി സംബന്ധിച്ച് സംശയമുണ്ടെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതി രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതി കൈകാര്യം ചെയ്യുന്നതില്‍ കുണ്ടറ സ്റ്റേഷന് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. കഴമ്പില്ലാത്ത പരാതി എന്നറിഞ്ഞിട്ടും തീര്‍പ്പിക്കാന്‍ ശ്രമിച്ചില്ലെന്നതാണ് സ്റ്റേഷന് ഓഫീസറുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്.
മന്ത്രി എകെ ശശീന്ദ്രന് ഒത്തു തീര്‍പ്പിന് ശ്രമിച്ച് വിവാദമായ കേസിലെ അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് യുവതി രംഗത്ത് വന്നതോടെയായിരുന്നു സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിഐജിയെ ചുമതലപ്പെടുത്തിയത്.
അതേസമയം, സംഭവത്തില്‍ പരാതിക്കാരിയുടെ പിതാവ് ഉള്‍പ്പടെ മൂന്ന് പേരെ എന്‍സിപി സസ്പെന്‍ഡ് ചെയ്തു. എന്‍സിപി കുണ്ടറ മണ്ഡലം പ്രസിഡന്റായ പരാതികാരിയുടെ പിതാവുള്‍പ്പടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്യാനാണ് നേതൃ യോഗം തീരുമാനിച്ചത്. മന്ത്രി എകെ ശശീന്ദ്രന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് പരാതിക്കാരിയുടെ പിതാവിന് മേലുള്ള ആരോപണം. മറ്റ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതും സസ്പെന്ഷന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയെ ഫോണ്‍ വിളിക്കാന്‍ പ്രേരിപ്പിച്ചത്തിന് സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറിനെയും റെക്കോര്‍ഡ് ചെയ്ത ശബ്ദ രേഖ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് എന്‍സിപി മഹിളാ വിഭാഗം വൈസ് പ്രസിഡന്റ് ഹണി വിറ്റോ എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. സംഭവക്കില്‍ മന്ത്രി എ കെ ശശീന്ദ്രന് ജാഗ്രത കുറവുണ്ടായിയെന്നും യോഗം വിലയിരുത്തി.
നേരത്തെ പ്രതിസ്ഥാനത്തുള്ള ജി പത്മാകരനെയും, കൊല്ലം ജില്ലാ പ്രസിഡന്റ് എസ് രാജീവിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.