കൊടകര: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം ബിജെപിക്ക് വേണ്ടി; നാണം കെട്ട നിലപാടെന്ന് മുഖ്യമന്ത്രി
കൊടകര കേസ് ഏറ്റെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന് ആരോപിച്ച് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കള്ളപ്പണ കേസുകള്‍ സര്‍ക്കാര്‍ ഇടപെട്ട് എന്‍ഫോഴ്സ്മെന്‍് ഡയറക്ടറേറ്റിന് കൈമാറേണ്ട കാര്യമില്ല. പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. എന്‍ഫോഴ്സ്മെന്റിന് കേസടുക്കാന്‍ അധികാരം ഉണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
കേസന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടേണ്ട സാഹചര്യം നിലവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പൊലീസ് കുറ്റ പത്രത്തില്‍ വ്യക്തമാക്കിയ കാര്യങ്ങളും സഭയില്‍ ആവര്‍ത്തിച്ചു. കേസില്‍ അന്വേഷമം തുടരുകയാണ്. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടു വന്നതാണെന്ന് തെളിഞ്ഞു. കൊടകര കുഴല്‍പ്പണ കേസിലെ നാലാം പ്രതി ദീപക് ബിജെപി പ്രവര്‍ത്തകനാണ്. പരാതിക്കാരനായ ധര്മരാജന് ബിജെപി അനുഭാവിയാണ്.
കേസില്‍ ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ സുരേന്ദ്രന് ഉള്‍പ്പെടെ 250 സാക്ഷികള്‍ കുറ്റപത്രത്തിലുണ്ട്. കേസില്‍ അന്വേഷണം തുടരുമ്പോള്‍ കേസന്വേഷണം സര്‍ക്കാര്‍ ഒരുക്കി തീര്‍ത്തു എന്ന് ആരോപണം ഉന്നയിക്കുന്നത് വസ്തുത വഴിതിരിച്ച് വിടാനുള്ള ശ്രമമാണ്. നിലവില്‍ വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, പ്രതിപട്ടികയില്‍ ഒരു ബിജെപി നേതാവ് പോലുമില്ലെന്ന് റോജി എം ജോണ്‍ കുറ്റപ്പെടുത്തി. കേസിന്റെ കുറ്റപത്രം സമര്പിച്ചപ്പോള് സൂത്രധാരനായ കെ സുരേന്ദ്രന് ഉള്‍പ്പെടെ സാക്ഷികളായി മാറി. സിപിഐഎം മുഖപത്രം കെ സുരേന്ദ്രനെ സുത്രധാരന്‍ എന്നാണ് വിശേഷിപ്പിച്ചത്. കുറ്റപത്രത്തിന്റെ ഭാവി എന്നാകുമെന്നതില് ആശങ്കയുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പണത്തിന്റെ സ്രോതസ് അന്വേഷിക്കാന്‍ സംസ്ഥാനത്തിന് പരിമിതി ഉണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നത് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം എന്നാണ്. പ്രതികള്‍ ആകേണ്ട വരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി രക്ഷപെടുത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും റോജി എം ജോണ്‍ കുറ്റപ്പെടുത്തി.
എന്നാല്‍, പ്രതിപക്ഷ ആരോപണത്തെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഒത്തുകളിച്ച് ശീലിച്ചതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തിന്റെ ഒത്തുകളി ആരോപണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം . കൊടകര കുഴല്‍പ്പണം ബിജെപിയുടേതെന്ന് കുറ്റപത്രം ഉദ്ധരിച്ച് വ്യക്തമാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ബിജെപി വോട്ടടക്കം തെരഞ്ഞെടുപ്പില്‍ വാങ്ങിയിട്ടും പ്രതിപക്ഷം വലിയ തോല്‍വി ഏറ്റുവാങ്ങി. ബിജെപി വോട്ട് വാങ്ങി രക്ഷപെടാമെന്ന് കരുതി, എന്നാല്‍ അതിലും രക്ഷ ഇല്ലാതെ വന്നപ്പോള്‍ മനപ്രയാസം സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുഴല്‍പ്പണ ഇടപാടിനെ കുറിച്ച് ബി ജെ പി നേതാക്കള്‍ക്ക് അറിയാം, അത് സാക്ഷിമൊഴികളില്‍ വ്യക്തമാണ്. കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തില്‍ ഒരു വീഴ്ചയും ഉണ്ടാക്കാന്‍ പോകുന്നില്ല. കള്ളപ്പണം ബിജെപിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പോലീസ് ആരെയും പ്രതിയാക്കുന്നില്ല. ഇത്തരം ഒരു കേസ് കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് പ്രതിപക്ഷത്തിന് നല്ല ബോധ്യമുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാനം കണ്ടതാണ്. എന്നിട്ടും ഈ ആവശ്യം ബിജെപിയ്ക്കു വേണ്ടിയാണെന്ന് എല്ലാവര്ക്കും അറിയാം. എന്ത് നാണംകെട്ട നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കൊടകര കുഴപ്പണ കേസില്‍ ഉള്‍പ്പെട്ട കോടിക്കണക്കിന് രൂപ ഉപയോഗിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് തെളിഞ്ഞിട്ടും സര്‍ക്കാര്‍ കാര്യക്ഷമായി അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ശ്രമിച്ചില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.