കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നാലുപേര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഒളിവിലായിരുന്ന നാല് പ്രതികള്‍ പിടിയില്‍. മുന്‍ മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി ആർ സുനിൽകുമാർ, ബിജോയ്, ജിൽസ് എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഒഴിവില്‍ കഴിയുകയായിരുന്നു ഇവര്‍.
സിപിഐഎമ്മിന്റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു കരീം. സെക്രട്ടറി ടി ആര് സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗമാണ്.
നേരത്തെ കേസിലെ 6 പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമായിരുന്നു പരിശോധന. പരിശോധനയില്‍ പ്രതികളുടെ നിക്ഷേപങ്ങളുടെയടക്കം നിര്‍ണ്ണായക രേഖകള്‍ കണ്ടെത്തിയെന്നാണ് വിവരം. പ്രതികളായ ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
അതിനിടെ, മൊഴിയെടുക്കാന്‍ വിളിപ്പിച്ച ഭരണ സമിതി അംഗങ്ങള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ല. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു അന്വേഷണ സംഘം മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. തൃശൂരില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ നേരിട്ട് ഹാജരാവാനായിരുന്നു ഡയറക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നത്.
വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ചാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് കോടികളുടെ വായ്പാ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. എസ്പി സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, കരുവന്നുര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിപിഐഎം തൃശൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. കേസിലെ പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ബാങ്ക് പ്രസിഡന്റ് കെകെ ദിവാകരന് അടക്കം ആറ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.