‘കൊടകരയിലെ കള്ളപ്പണം സുരേന്ദ്രന്റെ അറിവോടെ; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് സംശയം’; തുടരന്വേഷണം ആവശ്യമെന്നും കുറ്റപത്രം
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണം കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അറിവോടെയെന്ന് കുറ്റപത്രം. ബംഗളൂരുവില്‍ നിന്നാണ് ബിജെപിക്കായി പണം കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് പണം എത്തിച്ചതെന്ന് സംശയമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
തട്ടിയെടുത്ത പണത്തിന്റെ ബാക്കി കണ്ടെത്താനുണ്ടെന്നും ഇക്കാര്യങ്ങളില്‍ തുടരന്വേഷണം ആവശ്യമാണെന്നും പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും കള്ളപ്പണ ഉറവിടം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.
625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ഇന്ന് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ചത്. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകന് അടക്കം 216 പേര് കൂടി സാക്ഷി പട്ടികയിലുണ്ട്. മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ ബിജെപി നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. കവര്‍ച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസില്‍ നിഗൂഢമായ ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ചില പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്. കുഴല്‍പ്പണത്തിന്റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലായിരുന്നു ഈ പരാമര്‍ശങ്ങള്‍.
മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു കൊടകര കള്ളപ്പണക്കേസ് അന്വേഷണം കെ സുരേന്ദ്രനിലേക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യം നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് കെ സുരേന്ദ്രന്റെ മകന് കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. പണം നഷ്ടമായ ശേഷം ധര്മ്മരാജന് വിളിച്ച കോളുകളുടെ ലിസ്റ്റില്‍ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയായിരുന്നു.
ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ ലെബീഷിനേയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.