കേരളം നിക്ഷേപ സൗഹൃദം’; പിന്തുണയും വാഗ്ദാനവുമായി വ്യവസായ ലോകം; കേരളത്തെക്കുറിച്ച് തെറ്റായ പ്രചരണം പാടില്ലെന്ന് എം.എ യൂസഫലി
കേരളത്തില്‍ കൂടുതല്‍ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് പിന്തുണ അറിയിച്ച് വ്യവസായലോകം. വ്യവസായ മന്ത്രി പി രാജീവ് പ്രവാസി വന്‍കിട സംരംഭകരുമായി നടത്തിയ ചര്‍ച്ചയിലാണ് വാഗ്ദാനം. വ്യവസായ സംരംഭകരുമായി മന്ത്രി നടത്തിവരുന്ന ആശയ വിനിമയ പരിപാടിയുടെ ഭാഗമായി ഏഴാമത്തെ സംവാദ പരിപാടിയാണ് പ്രവാസി സംരംഭകരുമായി നടത്തിയത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മറ്റു സംരംഭകരെ കേരളത്തിലേക്ക് എത്തിക്കാന്‍ പ്രവാസി സംരംഭകരുടെ സഹായം മന്ത്രി അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ വ്യവസായ നിക്ഷേപ സാഹചര്യത്തെക്കുറിച്ച് ആരും തെറ്റായ പ്രചാരണം നടത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ലുലു ഗ്രൂപ്പിന്റെ രണ്ട് നിക്ഷേപ പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കും. കേരളത്തിന് പുറത്തുള്ള വന്‍കിട നിക്ഷേപകരെ ക്ഷണിച്ച് നിക്ഷേപത്തിന് അവസരമൊരുക്കണം. വിദേശ, പ്രവാസി നിക്ഷേപകരെയും ക്ഷണിക്കണം. പഴം പച്ചക്കറി കയറ്റുമതി സാദ്ധ്യതകള്‍ ഉപയോഗിക്കണം. എക്സ്പോര്ട് പ്രൊമൊഷന് കൗണ്‍സിലും സംസ്ഥാന എക്സ്പോര്ട് സോണും രൂപീകരിക്കണം. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രവാസി നിക്ഷേപത്തിന് കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്ന് ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എം.ഡി ആസാദ് മൂപ്പന് പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് റാങ്ക് ഉയര്‍ത്താനും കേന്ദ്രീകൃത പരിശോധന സംവിധാനം ഏര്‍പ്പെടുത്താനും ഉള്ള നടപടികള്‍ സ്വാഗതാര്‍ഹമാണ്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നത് ഉള്‍പ്പെടെ പലതരം ഇളവുകള്‍ നല്കിയാല് കൂടുതല്‍ നിക്ഷേപം എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റേത് മികച്ച തുടക്കമാണെന്നു റീജന്‍സി ഗ്രൂപ്പ് മേധാവി ഷംസുദ്ദീന് ബിന്‍ മോഹിദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപിക്കാന്‍ പലര്‍ക്കും താല്പര്യമുണ്ട്. വ്യവസായ നിയമങ്ങള്‍ നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മില്‍ അന്തരമില്ലെന്നു എ.വി.എ ഗ്രൂപ്പ് മേധാവി എ വി അനൂപ് പറഞ്ഞു.
കേരളത്തേക്കാള്‍ മെച്ചപ്പെട്ട അന്തരീക്ഷം മറ്റു സംസ്ഥാനങ്ങളിലുമില്ല. വ്യവസായമേഖലയില്‍ കേരള ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ കഴിയണമെന്ന് ഫിക്കി കര്‍ണാടക ചെയര്മാന് ഉല്ലാസ് കമ്മത്ത് പറഞ്ഞു. 100 കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ വ്യവസായങ്ങള്‍ക്കും ഒരു നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുന്ന പ്രോത്സാഹന നടപടികള്‍ക്ക് അനുസൃതമായി താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മനോഭാവവും മാറണമെന്ന് വി കെ സി മമ്മദ് കോയ പറഞ്ഞു.
ഡോ. മോഹന്‍തോമസ്, സിദ്ദിഖ് അഹമ്മദ്, മുരളീധരന് കേശവന്, സി വി റപ്പായി, ജയകൃഷ്ണ മേനോന്, ജോണ്‍ കുര്യാക്കോസ് എന്നിവരും നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ. ഇളങ്കോവന്, എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി എം ഡി എം ജി രാജമാണിക്യം എന്നിവര്‍ പങ്കെടുത്തു.