പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തെക്കുറിച്ച്
ആഹാരവും പ്രമേഹവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. പ്രമേഹമുണ്ടാവുന്നതിന്റെ ഒരു കാരണംതന്നെ അമിതാഹാരമാണല്ലോ. പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങളെക്കുറിച്ച് കൂടുതൽ അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ആഹാരനിയന്ത്രണം കൂടിയേ തീരൂ. മധുരം, അന്നജം, കൊഴുപ്പ് മുതലായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മിതമായ അളവിലേ ഉപയോഗിക്കാവൂ എന്നുമാത്രം. പാരമ്പര്യമായി രോഗം വരാന്‍ സാധ്യതയുള്ളവരും മറ്റ് അപകടഘടകങ്ങള്‍ ഉള്ളവരും രോഗം വരുന്നതിനു വളരെ മുമ്പുതന്നെ ഭക്ഷണനിയന്ത്രണം പാലിക്കുകയാണെങ്കില്‍ രോഗത്തിന്റെ തുടക്കം വളരെക്കാലത്തേക്ക് നീട്ടിവയ്ക്കാന്‍ സാധിക്കും.
ഈ ഭക്ഷണങ്ങളൊന്നും അരുത്
പഞ്ചസാര, ശര്‍ക്കര, തേന്‍, പാനി, പായസം, കേക്ക്, ജിലേബി, ഹല്‍വ, ലഡു, ഐസ്ക്രീം തുടങ്ങി മധുരമുള്ളവ. പൂവന്‍പഴം, പാളയംകോടന്, ഞാലിപ്പൂവന്, മാമ്പഴം, ചക്കപ്പഴം തുടങ്ങി മധുരം കൂടുതലുള്ള പഴങ്ങള്‍, കിഴങ്ങുവർഗങ്ങളായ കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, പൂരിതകൊഴുപ്പ് കൂടുതലുള്ള വെളിച്ചെണ്ണ, പാമോയില്‍ . കൊഴുപ്പ് കൂടുതലുള്ള ഡെയറി ഉത്പന്നങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതാണ്.
നിയന്ത്രിത അളവില്‍ കഴിക്കാവുന്നവ
അരി, ഗോതമ്പ്, പഞ്ഞപ്പുല്ല്, പയറുവർഗങ്ങള്‍, അന്നജം അധികം ഇല്ലാത്ത കിഴങ്ങുവര്‍ഗ്ഗങ്ങള്‍ (കാരറ്റ്, റാഡിഷ്, ബീറ്റ്റൂട്ട്), പച്ച നേന്ത്രക്കായ്. അധികം മധുരമില്ലാത്ത പഴങ്ങളായ പേരയ്ക്ക, ആപ്പിള്‍ , റോബസ്റ്റ, ഓറഞ്ച്, അധികം പഴുക്കാത്ത പപ്പായ തുടങ്ങിയവ അധികം പഴുക്കുന്നതിന് മുമ്പ് ഉപയോഗിക്കുക. ചക്കപ്പുഴുക്ക്, പച്ചമാങ്ങ, പാല് , മുട്ടയുടെ വെള്ളക്കരു, എണ്ണകള്‍ , മാംസ്യംതൊലികളഞ്ഞ കോഴിയിറച്ചി മാത്രം. മത്സ്യങ്ങള്‍. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളില്‍ അന്നജം കൂടുതല്‍ അടങ്ങിയിരിക്കുന്നു. അന്നജം ശരീരത്തില്‍ ഗ്ലൂക്കോസ് ആയി രൂപാന്തരപ്പെടുന്നു. അതുകൊണ്ട് ധാന്യമേതായാലും അവയുടെ അളവ് കുറയ്ക്കുക. അരിയാഹാരം ഗോതമ്പിനെക്കാളെളുപ്പം ദഹിച്ച് ഗ്ലൂക്കോസായി രക്തത്തില്‍ പ്രവേശിക്കുന്നു. അതുകൊണ്ട് വൈകിട്ട് ഭക്ഷണം ഗോതമ്പോ, മറ്റു ധാന്യങ്ങളോ ആവട്ടെ. പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്.
ഇതൊക്കെ കഴിക്കാം
ഇലക്കറികള്‍, വെള്ളരിക്ക, പാവയ്ക്ക, പടവലങ്ങ, ബീന്‍സ്, വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, വാഴച്ചുണ്ട്, വാഴപ്പിണ്ടി, കുമ്പളങ്ങ, തക്കാളി, പപ്പായ, കോളിഫല്‍വര്‍, കാബേജ് തുടങ്ങിയ പച്ചക്കറികൾ ആവോളം കഴിക്കാം. നാരടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഇവ രക്തത്തിലെ പഞ്ചസാര മാത്രമല്ല, കൊഴുപ്പും കുറയ്ക്കുന്നു. വേവിക്കാത്ത പച്ചക്കറികള്‍ എല്ലാ ദിവസവും കുറച്ച് കഴിക്കുക. ഇവ ഇന്‍സുലിന്റെ ആവശ്യകത കുറയ്ക്കുകയും രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ദാഹശമനത്തിനായി മോര്, നാരങ്ങാവെള്ളം, പച്ചക്കറിസൂപ്പ്, തക്കാളിജൂസ്, തണ്ണിമത്തന്‍ജ്യൂസ് എന്നിവ ഉപയോഗിക്കാം.
ആഹാരത്തിൽ മിതത്വം പാലിക്കണം
ആഹാരത്തിന്റെ അളവ് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ആളിന്റെ പ്രായം, തൂക്കം, ജോലിയുടെ സ്വഭാവം, പ്രമേഹം കൂടാതെ മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉണ്ടോ എന്നീ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തിന്റെ അളവില്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും അതോടൊപ്പം തൂക്കം കുറയ്ക്കാനും അത് സഹായിക്കുന്നു.
പ്രമേഹരോഗികള്‍ പൊതുവേ ആഹാരത്തില്‍ മിതത്വം പാലിക്കണം. പ്രത്യേകിച്ച് ധാന്യങ്ങളുടെ കാര്യത്തില്‍ . പല പ്രമേഹരോഗികളും ആഹാരകാര്യത്തില്‍ വളരെ കര്‍ശന നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായി എല്ലാവിധ ആഹാരസാധനങ്ങളും വളരെ കുറച്ചു മാത്രമേ കഴിക്കുന്നുള്ളൂ. ആഹാരം കഴിക്കാതിരുന്നാല്‍ പഞ്ചസാര ഉണ്ടാകുകയില്ല എന്നാണ് ധാരണ. ഇത് അവരെ പോഷകാഹാരക്കുറവിലേക്ക് പ്രത്യേകിച്ച് സൂക്ഷ്മപോഷകങ്ങളുടെ കുറവിലേക്ക് നയിക്കുന്നു. തല്‍ഫലമായി രോഗം നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവുന്നു. ഇനി പച്ചക്കറികളും മറ്റും ധാരാളം ഉപയോഗിച്ചാല്‍പോലും നമുക്ക് ആവശ്യമായ എല്ലാ സൂക്ഷ്മപോഷകമൂല്യങ്ങളും ലഭിക്കണമെന്നില്ല. അതുകൊണ്ട് പ്രോട്ടീനും മറ്റു സൂക്ഷ്മപോഷകങ്ങളും പ്രത്യേകമായി നൽകേണ്ടത് രോഗത്തെ നിയന്ത്രിക്കുവാന്‍ ആവശ്യമാണ്. പ്രമേഹരോഗികള്‍ക്ക് പൂര്‍ണ്ണമായ ഉപവാസം നന്നല്ല. മൂത്രത്തില്‍ കീറ്റോണുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മൂന്നു നേരം ആഹാരം നിര്‍ബന്ധമായും കഴിച്ചിരിക്കണം. മൂന്നു നേരത്തെ ആഹാരം അഞ്ചു തവണയായി കഴിക്കുന്നതും നല്ലതാണ്. അരികൊണ്ടുണ്ടാക്കുന്ന ആഹാരങ്ങളുടെ അളവ് കുറച്ച് പച്ചക്കറികളും കടല്‍മത്സ്യങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തണം.