വാക്സിന് വിതരണം: കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍; കണക്കുകള്‍ നിരത്തി വ്യാജപ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി
സംസ്ഥാനത്തെ വാക്സിന് വിതരണം സംബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനം വിതരണം ചെയ്ത വാക്സിന്റെ കണക്കുകള്‍ സഹിതമാണ് മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രി പറഞ്ഞത്: ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 33,17,76,050 പേര്‍ക്ക് ഒന്നാം ഡോസും 8,88,16,031 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ 42,05,92,081 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില്‍ 25.52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്.
സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഏകദേശം 100 ശതമാനം പേരും (5,46,656) ഒന്നാം ഡോസ് വാക്സിന് എടുത്തിട്ടുണ്ട്. 82 ശതമാനം പേര് (4,45,815) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് രണ്ടാം ഡോസ് 100 ശതമാനം പേര്‍ക്കും എടുക്കാന്‍ സാധിക്കാത്തത്. മുന്നണി പോരാളികളില്‍ ഏകദേശം 100 ശതമാനം പേരും (5,59,826) ഒന്നാം ഡോസ് വാക്സിന് എടുത്തിട്ടുണ്ട്. 81 ശതമാനം പേര് (4,55,862) രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധി ഉള്ളതിനാലാണ് രണ്ടാം ഡോസ് 100 ശതമാനം പേര്‍ക്കും എടുക്കാന്‍ സാധിക്കാത്തത്.
18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 18 ശതമാനം പേര്‍ക്ക് (27,43,023) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് രണ്ടാം ലഭിക്കുന്നത്. അതിനാല്‍ 2,25,549 പേര്‍ക്കാണ് രണ്ടാം ഡോസ് എടുക്കാനായത്. 18 മുതല്‍ 45 വയസ് പ്രായമുള്ളവരില്‍ ആദ്യഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കുമാണ് നല്‍കിയത്. ജൂണ്‍ 21ാം തീയതി മുതല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് 18 മുതല്‍ 45 വയസ് പ്രായമുള്ളവരെ വാക്സിനേഷന് ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. 45 വയസിന് ശേഷമുള്ള 75 ശതമാനം പേര്‍ക്ക് (84,90,866) ഒന്നാം ഡോസും 35 ശതമാനം പേര്‍ക്ക് (39,60,366) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
വാക്സിനേഷന് സംബന്ധിക്കുന്ന വിവരങ്ങള്‍ ദിവസവും പ്രസിദ്ധീകരിക്കുന്ന കോവിഡ് വാക്സിനേഷന് ബുള്ളറ്റിന് ലഭ്യമാണ്. ഈ ബുള്ളറ്റിന് എല്ലാ ദിവസവും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ആകെ 4,99,000 വാക്സിനാണ് നിലവില്‍ ബാക്കിയുള്ളത്. ഏതോ ചിലര്‍ 10 ലക്ഷം ഡോസ് വാക്സിന് ഇവിടെയുണ്ട് എന്ന് പറയുന്നത് കേട്ടു. ശരാശരി രണ്ടുമുതല്‍ രണ്ടര ലക്ഷം ഡോസ് വാക്സിന് ഒരു ദിവസം കൊടുക്കുന്നുണ്ട്. ആ നിലയ്ക്ക് നോക്കിയാല്‍ കയ്യിലുള്ള വാക്സിന് ഇന്നും നാളെയും കൊണ്ട് തീരും. സംസ്ഥാനത്തെ ഈ നിലയില്‍ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയതലത്തില്‍ ഉണ്ടായതിനാലാണ് കണക്കുകള്‍ ഒരാവര്‍ത്തികൂടി വ്യക്തമാക്കിയത്.